തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ബിജെപി ജില്ലാ ഘടകങ്ങൾ നൽകിയ റിപ്പോർട്ട് വ്യാജമെന്ന് കണ്ടെത്തൽ. വോട്ട് ചേർക്കലിനെ പറ്റി അന്വേഷിക്കാനായി സംസ്ഥാന നേതൃത്വം രണ്ട് ഏജൻസികളെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ നൽകിയ സർവെ റിപ്പോർട്ടിലാണ് ജില്ലാ ഘടകങ്ങളുടെ തട്ടിപ്പ് സംസ്ഥാന നേതൃത്വം കണ്ടെത്തിയത്.
ഈ സംഭവം പ്രസിഡന്റ് രാജിവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയെ അറിയിച്ചു. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചാൽ എങ്ങനെ മുന്നോട്ട് പോകുമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. താഴെ തട്ടിൽ നിന്നും വരുന്ന വിവരങ്ങൾ വിശ്വസിക്കാനാവില്ല. ഈ പാർട്ടിയിൽ ആരെ വിശ്വസിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. 30 ലക്ഷത്തോളം വോട്ടുകൾ സംസ്ഥാനത്ത് ആകെ ചേർക്കപ്പെട്ടപ്പോൾ ബിജെപിക്ക് വെറും 3 ലക്ഷത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ചേർക്കാൻ സാധിച്ചത്. ആറുലക്ഷത്തിൽപരം വോട്ടുകൾ ചേർത്തെന്നായിരുന്നു ജില്ലാ ഘടകങ്ങളുടെ അവകാശവാദം.

