സിലബസ് യുക്തീകരണ പ്രക്രിയ(Syllabus Rationalization)യുടെ പേരിൽ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നുള്ള വെട്ടിമാറ്റലുകൾ അപകടകരമാം വിധം കേന്ദ്രസർക്കാർ തുടരുകയാണ്. കോവിഡ് 19 മൂലം പഠന ദിനങ്ങൾ പൂർണമായും നഷ്ടപ്പെട്ടപ്പോൾ 2020–21 ൽ നടത്തിയ വെട്ടിമാറ്റൽ അന്ന് ആശ്വാസകരമായി തോന്നിയത് സ്വാഭാവികം മാത്രം. വിദ്യാഭ്യാസത്തെ വർഗീയവല്‍ക്കരിക്കാനുള്ള സുവർണാവസരമായി കണ്ട്, തുടർന്നുള്ള വർഷങ്ങളിലും ഈ പ്രക്രിയ തുടരുകയാണ് കേന്ദ്ര സർക്കാർ. ജീവ ശാസ്ത്രത്തിന്റെ നട്ടെല്ലായ പരിണാമ സിദ്ധാന്തം, രസതന്ത്രത്തിന്റെ അടിസ്ഥാനമായ പീരിയോഡിക് ടേബിൾ, ദ്വിരാഷ്ട്ര വാദത്തിനെതിരെ ശബ്ദമുയർത്തിയ മഹാത്മാഗാന്ധിയെ വധിക്കാനിടയാക്കിയ സാഹചര്യം, ഘാതകന്റെ മത രാഷ്ട്രീയ പശ്ചാത്തലം, ഏഴ് നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച സുൽത്താൻ — മുഗൾ രാജാക്കന്മാർ, ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ നായകർ; പ്രത്യേകിച്ച് മുസ്ലിം പേരുള്ളവര്‍, അടിയന്തരാവസ്ഥ, വ്യവസായ വിപ്ലവം, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയവയൊക്കെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും കുട്ടികൾക്ക് അന്യമാവുകയാണ്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
ഇത് കൂടി വായിക്കൂ: കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്
അപ്രസക്തം, ആവർത്തനം, നിലവാരത്തിനു യോജിക്കാത്തത് എന്നിവയൊക്കെയാണ് വെട്ടിമാറ്റലിന്റെ ന്യായീകരണങ്ങളായി എൻസിഇആർടി പറയുന്നത്. എന്നാൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അതിന്റെ രാഷ്ട്രീയം വ്യക്തമാകും. ദൈവമാണ് മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും സൃഷ്ടിച്ചതെന്ന വാദമാണ് സംഘ്പരിവാറുകാർ പ്രചരിപ്പിക്കുന്നത്. വിഷ്ണുവിന്റെ അവതാരങ്ങളാണ് ഇതിനു തെളിവായി മുഖ്യമായും അവർ ചൂണ്ടിക്കാട്ടുന്നത്. നിരവധി വർഷത്തെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ചാൾസ് ഡാർവിൻ എന്ന ജീവ ശാസ്ത്രകാരൻ കണ്ടെത്തിയ പരിണാമ സിദ്ധാന്തത്തെ അവർ അംഗീകരിക്കുന്നില്ല. നിരന്തരമായ ജനിതക ഘടനാ മാറ്റങ്ങളിലൂടെയാണ് മനുഷ്യൻ ഉൾപ്പെടെ ജീവിവർഗങ്ങൾ ഇന്നത്തെ നിലയിൽ എത്തിയതെന്ന വാദം ലോകം മുഴുവനുമുള്ള ശാസ്ത്ര ലോകത്തിന് ബോധ്യപ്പെട്ടിട്ടും സംഘ്പരിവാറുകാർക്കു മാത്രം ബോധ്യപ്പെടുന്നില്ല. കോവിഡ് വൈറസിനു ജനിതകഘടനയിൽ സംഭവിച്ച മാറ്റങ്ങൾ നാം അടുത്ത കാലത്ത് അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും എന്തുകൊണ്ട് പരിണാമ സിദ്ധാന്തത്തെ കണ്ടില്ലെന്നു നടിക്കുന്നു? ഇതിനെ അംഗീകരിക്കുകയാണെങ്കിൽ വിശ്വാസത്തിലും കെട്ടുകഥയിലും അധിഷ്ഠിതമായ സൃഷ്ടിവാദം പൊളിയും. ഇന്ത്യയുടെ തദ്ദേശീയർ ആര്യന്മാരാണെന്നും അവർ ഇന്ത്യയിൽ നിന്നും ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്തതെന്നും എം എസ് ഗോൾവാൾക്കർ പറഞ്ഞിട്ടുള്ള കാര്യമാണ് സംഘ്പരിവാർ പ്രചരിപ്പിക്കുന്നത്. പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്റെ പൂർവികർ ആഫ്രിക്കയിലാണ് രൂപപ്പെട്ടത് എന്ന സത്യം അംഗീകരിക്കപ്പെട്ടാൽ, തങ്ങളുടെ ‘ഇന്ത്യയിലെ തദ്ദേശീയ വാസികളു‘ടെ കഥയും പൊളിയും. ലോകത്തെവിടെയുമുള്ള മനുഷ്യന്റെ പൂർവികൻ ഒന്നു തന്നെ എന്നു വന്നാൽ ഇന്ത്യയിൽ വീണ്ടും കെട്ടിപ്പൊക്കാൻ ശ്രമിക്കുന്ന’ ചാതുർവർണ്യ’ വ്യവസ്ഥയ്ക്കും വംശാധിപത്യത്തിനും എന്തുപ്രസക്തി! മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കാൻ സാധിച്ചില്ലെങ്കിൽ ഹിന്ദുത്വ വാദികൾക്ക് അത് ഒരിക്കലും താങ്ങാൻ കഴിയുന്നതല്ല. ലോകത്തെ പ്രധാന മതങ്ങളെല്ലാം പരിണാമവാദത്തെ എതിർത്തിരുന്നതും അതുകൊണ്ടാണ്. വിശ്വാസികൾ ഉയർത്തിക്കാട്ടുന്ന പഞ്ചഭൂത (ഭൂമി, ജലം, അഗ്നി, വായു, ആകാശം) സിദ്ധാന്ത പ്രകാരമാണ് രസതന്ത്രത്തിൽ മൂലകങ്ങളെപ്പറ്റിയും അവയുടെ സവിശേഷതകളെ പറ്റിയും ആയാസരഹിതമായി പഠിക്കാനുള്ള അടിസ്ഥാനോപാധിയായ ‘പീരിയോഡിക് ടേബിളി‘നെ നിരസിക്കുന്നതും, പാഠപുസ്തകങ്ങളിൽ നിന്നും അത് തൂത്തെറിയപ്പെട്ടതും. ഇത്തരം വിശ്വാസങ്ങളിലും കെട്ടുകഥകളിലും ചവിട്ടി നിന്നുകൊണ്ടുള്ള ‘യുക്തീകരണ പ്രക്രിയയാണ് പാഠപുസ്തകങ്ങളിൽ അവർ നടത്തി കൊണ്ടിരിക്കുന്നത്. വിദേശാധിപത്യത്തിനു മുമ്പ് ഇവിടെ ഹിന്ദുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അവർ വാദിക്കുന്നു. “അതുകൊണ്ടാണ് ഈ നാട് ഹിന്ദുസ്ഥാൻ അല്ലെങ്കിൽ ഹിന്ദുക്കളുടെ ഭൂമി എന്നറിയപ്പെടാൻ തുടങ്ങിയത്. (എം എസ് ഗോൾവാൾക്കർ) ‘ഏ തൊരാളുടെ പിതൃഭൂമിയും പരിശുദ്ധ ഭൂമിയും ഭാരതമായിരിക്കുന്നുവോ അവർ മാത്രമാണ് ഹിന്ദുക്കൾ’ എന്നാണ് 1922ൽ സവർക്കർ ഇന്ത്യൻ പൗരത്വത്തെ നിർവചിച്ചത്.
ഇത് കൂടി വായിക്കൂ: യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോഗസ്ഥ മേധാവികൾ എന്ന സ്വപ്നം
അവരുടെ സംസ്കാരമാണ് ഭാരതീയ സംസ്കാരം. ആ സംസ്കാരത്തിന്റെ ഭാഗമല്ലാത്തവർ ഭാരതീയരല്ല എന്നും ഹിന്ദുത്വ വാദികൾ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ശരിയായ ചരിത്രം മറച്ചുവയ്ക്കുകയും തെളിവുകളുടെ യാതൊരു പിൻബലവുമില്ലാത്ത വിരുദ്ധ ചരിത്രം പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ, ഇവ മുഖ്യമായും ചെന്നു തറയ്ക്കുന്നത് ഇന്ത്യയിലെ ഇസ്ലാം മതത്തിന്റെയും അതിലെ വിശ്വാസികളുടെയും ഹൃദയത്തിലാണ്. മുസ്ലിം ഭരണകാലം അടിമത്തത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ക്ഷേത്ര ധ്വംസനത്തിന്റെയും കാലഘട്ടമായിരുന്നുവെന്ന കുപ്രചരണവും ബോധപൂർവമാണ്. ആ കാലഘട്ടത്തിന്റെ മൊത്തം രാഷ്ട്രീയ സ്ഥിതിഗതികളെയോ ഇന്ത്യയിലെ ഇതര ഭരണാധികാരികളുടെ ദുഷ്ചെയ്തികളെയോ കാണാതെ, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കുന്തമുന മുസ്ലിം ഭരണാധികാരികൾക്കും മുസ്ലിം ജനവിഭാഗത്തിനും നേരെ നീട്ടുന്നതാണ് വർത്തമാനകാല ഇന്ത്യയിലും നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യൻ ഭരണഘടനാ സഭയുടെ മുഖ്യ സമിതികളിൽ അധ്യക്ഷം വഹിച്ച അഞ്ച് പ്രമുഖരിൽ മുസ്ലിം പേരുകാരനായ മൗലാനാ അബ്ദുൾ കലാം ആസാദിന്റെ പേരും മറ്റ് പ്രസക്തഭാഗങ്ങളും മാത്രം പന്ത്രണ്ടാം ക്ലാസിലെ രാഷ്ട്ര വിജ്ഞാനീയ പുസ്തകത്തിൽ നിന്നും വെട്ടിമാറ്റിയതിൽ എന്തിന് അത്ഭുതപ്പെടണം! ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടി പരിശ്രമിച്ച ഗാന്ധിജിയോട് ആർഎസ്എസിനുള്ള വിദ്വേഷം എങ്ങനെയാണ് അദ്ദേഹത്തിന്റെ വധത്തിലേക്കു നയിച്ചത് എന്ന് വിവരിക്കുന്ന ദീർഘമായ ഭാഗവും, ആർഎസ്എസിനെ ഇന്ത്യാ സർക്കാർ നിരോധിച്ച ഭാഗവും പാഠപുസ്തകങ്ങളിൽ നിന്നും എൻസിഇആർടി അരിഞ്ഞു തള്ളിയതിന്റെ കാരണം വ്യക്തമാണല്ലോ. മതതീവ്രവാദിയായ ഗാന്ധിഘാതകൻ ഗോഡ്സെയുടെ തനിനിറം ഇനി മുതൽ കുട്ടികൾ തിരിച്ചറിയേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതാണ് വെട്ടിമാറ്റൽ പ്രക്രിയ. നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച മുസ്ലിം ചക്രവർത്തിമാർ ഇന്ത്യൻ സംസ്കാരത്തിനു നൽകിയ സംഭാവനകളെ വിലയിരുത്താനുള്ള അവസരമാണ് ഇതിലൂടെ കുട്ടികൾക്ക് നഷ്ടമാകുന്നത്. ശാസ്ത്രം, ചരിത്രം എന്നീ വിഷയങ്ങൾ മാത്രമല്ല ‘യുക്തീകരണ പ്രക്രിയ’യ്ക്കു വിധേയമായത്. ഭാഷാ പുസ്തകങ്ങളും ഇതിനിരയായി. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ഹിന്ദി പുസ്തകങ്ങളിൽ ഉപയോഗിച്ചു വന്നിരുന്ന ഉറുദു പദങ്ങൾക്കു പകരമായി സംസ്കൃതപദങ്ങൾ ഉപയോഗിക്കണം എന്നതാണ് എൻസിഇആർടി നൽകിയ മറ്റൊരു നിർദേശം. വിജ്ഞാനത്തിന്റെ ഭാഷ സംസ്കൃതമാണെന്നും അത് ചെറിയ പ്രായം മുതൽ പഠിക്കണമെന്നും പുതിയ ‘ദേശീയ പാഠ്യപദ്ധതി’ ചട്ടക്കൂട് ചൂണ്ടിക്കാട്ടുന്നു.
ഇത് കൂടി വായിക്കൂ: നുണകൾ നൃത്തമാടുന്ന സിനിമാ കാലം | JANAYUGOM EDITORIAL
വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ തുടങ്ങിയവ പഠിക്കാൻ സംസ്കൃത ഭാഷ ആവശ്യമാണല്ലോ. കെട്ടുകഥകളെ ശാസ്ത്രവും ചരിത്രവുമായി ബന്ധിപ്പിച്ചു പഠിപ്പിക്കാനുള്ള കുറുക്കു വഴി! എൻസിഇആർടിയുടെ പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്ന കേന്ദ്രീയ — നവോദയ — സിബിഎസ്ഇ — വിദ്യാലയങ്ങളിൽ മാത്രമാണ് ഈ വെട്ടിമാറ്റൽ പ്രക്രിയയുടെ ദുരന്തങ്ങൾ സംഭവിക്കുന്നത് എന്ന് ചിന്തിക്കരുത്. ചില സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളും എൻസിഇആർടി പാഠപുസ്തകങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ ഹയർ സെക്കന്‍ഡറി തലത്തിലും പ്രസ്തുത പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചു വരുന്നത്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ തങ്ങളുടെ പാഠപുസ്തകങ്ങളിൽ നിന്നും ഇതുപോലെ വെട്ടിമാറ്റൽ പ്രക്രിയ നടന്നു വരുന്നു. 2002ലെ ഗുജറാത്ത് കലാപം, ദളിത് മുന്നേറ്റങ്ങളെ കുറിച്ചുള്ള കവിത, പൗരാവകാശ — ജനാധിപത്യ സമരങ്ങളും പ്രതിരോധങ്ങളും, ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലഘട്ടം, ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങൾ, നവോത്ഥാന നായകർ തുടങ്ങി തങ്ങൾക്കിഷ്ടമില്ലാത്ത പാഠഭാഗങ്ങൾ പൂർണമായോ ഭാഗികമായോ വെട്ടിക്കുറയ്ക്കുന്ന തിരക്കിലാണവർ. ഇതുമൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കുണ്ടാകുന്ന പഠന നഷ്ടം എത്രമാത്രമായിരിക്കും! ഉള്ളടക്കപരമായ ധാരണക്കുറവ് കുട്ടിയുടെ സ്വകാര്യ — സാമൂഹിക ജീവിതത്തെയും ഉപരി പഠനത്തെയും വളരെയധികം ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രതത്വങ്ങളും ആശയങ്ങളും രൂപീകരിക്കുന്ന രീതി വിട്ട്, വിശ്വാസങ്ങളിലും കെട്ടുകഥകളിലും തളച്ചിടുന്ന വിദ്യാഭ്യാസ രീതി കുട്ടികളെ മന്ദബുദ്ധികളാക്കാനേ ഇടവരുത്തൂ. വിശകലനാത്മക ‑വിമർശനാത്മക ചരിത്ര പഠനരീതിയുടെ സാധ്യതകളും അടയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത്തരം കടന്നുകയറ്റം യുജിസിയുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. എൻസിഇആർടി, യുജിസി, ചരിത്ര ഗവേഷണ കൗൺസിൽ തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ്പരിവാർ സംഘടനകളുടെ അനുകൂലികളെ നിയമിച്ചുകഴിഞ്ഞു. ലോക രാഷ്ട്രങ്ങൾ അംഗീകരിച്ച കുട്ടികളുടെ അവകാശ കൺവെൻഷൻ ഉടമ്പടി പ്രകാരം, കുട്ടികളുടെ അവകാശ നിയമം (Child Right Act in India, 2005) നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. വിദ്യാഭ്യാസം എന്നത് കുട്ടിയുടെ വികാസത്തിനുള്ള പ്രധാന ഉപാധിയും ഉപകരണവും എന്ന നിലയിൽ, അവന്റെ/അവളുടെ അറിയാനും വികസിക്കാനുമുള്ള അവസരത്തെ നിഷേധിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമവും (RTE 2009) ഇവിടെ ലംഘിക്കപ്പെടുകയാണ്.
ഇത് കൂടി വായിക്കൂ:വര്‍ത്തമാന നാട്യങ്ങള്‍ക്കെതിരെ വേണം വര്‍ധിതകരുത്ത്
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര ഭരണകൂടം. വിദ്യാഭ്യാസത്തെ ഇതിനുള്ള ഒരു പ്രധാന ഉപകരണമായി കണ്ട് വർഗീയാധിഷ്ഠിതവും ശാസ്ത്ര‑ചരിത്ര വിരുദ്ധവുമായ ‘യുക്തീകരണ പ്രക്രിയ’യാണ് പാഠപുസ്തകങ്ങളിലൂടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഏതൊരു മതനിരപേക്ഷ ജനാധിപത്യ സർക്കാരിനും ഇത് അംഗീകരിക്കാനോ കയ്യും കെട്ടി നോക്കി നിൽക്കാനോ കഴിയില്ല. പരിമിതികളുണ്ടെങ്കിൽ പോലും ഏറെക്കുറെ പുരോഗമന നിലപാടുകൾ ഉൾക്കൊള്ളുന്ന ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസക്രമവും പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പ്രത്യേകിച്ചും. വികലമായ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സമീപനം മൂലം കുട്ടികൾക്കുണ്ടാകുന്ന പഠന നഷ്ടം പരിഹരിക്കുന്നതിനും, ശാസ്ത്രാവബോധവും വിമർശനാത്മക ചരിത്രബോധവും അവരിൽ രൂപപ്പെടുത്തുന്നതിനും ഹയർ സെക്കന്‍ഡറി വിദ്യാർത്ഥികൾക്ക് അധിക പാഠപുസ്തകങ്ങൾ എത്തിച്ചു കൊടുത്തു കൊണ്ട് സർക്കാർ നടത്തുന്ന പ്രതിരോധം വളരെ അഭിനന്ദനീയമാണ്. പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ എസ്‌സിഇആർടി തയ്യാറാക്കുന്ന പ്രക്രിയ ആരംഭിച്ചിരിക്കുന്നതിനാൽ മേൽ പറഞ്ഞ ദുരന്തത്തെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനു കഴിയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിന് കേന്ദ്ര ഭരണകൂടം നടത്തികൊണ്ടിരിക്കുന്ന വിവിധങ്ങളായ ഇടപെടലുകളെപറ്റി വ്യാപകമായ ചർച്ചയ്ക്കും ഇത് ഇടയാക്കും എന്ന കാര്യത്തിൽ തർക്കമില്ല.