17 May 2024, Friday

Related news

May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 27, 2024

വര്‍ത്തമാന നാട്യങ്ങള്‍ക്കെതിരെ വേണം വര്‍ധിതകരുത്ത്

Janayugom Webdesk
August 20, 2023 5:00 am

രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി ഇഴചേര്‍ന്ന ചരിത്ര പോരാട്ടങ്ങളും വീരോചിതമായ ത്യാഗങ്ങളും ഓഗസ്റ്റ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. സാമ്രാജ്യത്വ നുകത്തില്‍ നിന്നുള്ള മോചനത്തിന് സത്യാഗ്രഹം മുതൽ സായുധ കലാപം അടക്കം വിവിധ സമരധാരകൾ ഒന്നിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. സമാനതകളില്ലാത്തതായിരുന്നു, നീണ്ട ദശാബ്ദങ്ങളിലൂടെ വീര്യം പകര്‍ന്നതായിരുന്നു സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം. സൂര്യൻ അസ്തമിക്കാത്ത ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയായിരുന്നു പോരാട്ടം. സാമ്രാജ്യത്വ നായകൻമാർ കരുതി സ്വാതന്ത്ര്യം നേടാനുള്ള ഇന്ത്യൻ ജനതയുടെ ലക്ഷ്യം അപ്രാപ്യമെന്നായിരുന്നു. പക്ഷെ സ്വാതന്ത്ര്യത്തിനായുള്ള ജനതയുടെ ആഗ്രഹം തീവ്രവും തീക്ഷ്ണതയുള്ളതുമായിരുന്നു. ജനങ്ങള്‍ ഒന്നിച്ച് അസാധ്യമെന്ന് സാക്ഷ്യപ്പെടുത്തിയത് നേടിയെടുത്തു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഓഗസ്റ്റ് 15 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ദിവസമായി മാറി. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്റെ ചരിത്രപരമായ പ്രസംഗത്തിലൂടെ ആ ദിനം അടയാളപ്പെടുത്തി. 1947 ഓഗസ്റ്റ് 16 ന്, പ്രധാനമന്ത്രി ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രഖ്യാപിച്ചു, “ഇന്ത്യയുടെ പതാക ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമാണ്. ”രാജ്യം കേട്ട സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ ഉള്ളടക്കത്തിൽ സമ്പന്നവും പ്രചോദനാത്മകവുമായിരുന്നു. സ്വയം പരിശോധനയ്ക്കും തിരുത്തലിനും ജനതയെ സ്വാധീനിച്ചു. മഹത്തായ പൈതൃകം പിന്തുടരാൻ ഏവരും ശ്രമിച്ചു. പക്ഷെ, നരേന്ദ്രമോ‍ഡി പ്രധാനമന്ത്രി ചുമതലയിലെത്തിയ ശേഷം സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ പൊള്ളയും പലപ്പോഴും അർത്ഥശൂന്യവുമാകാൻ തുടങ്ങി. 77-ാമത് സ്വാതന്ത്ര്യദിന പ്രസംഗവും വ്യത്യസ്തമായില്ല. “ശബ്ദം ക്രോധം നിറഞ്ഞതാണ്, പക്ഷെ,ഒന്നിനെയും സൂചിപ്പിക്കുന്നില്ല” എന്ന ദുരവസ്ഥ. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താനെന്ന് നരേന്ദ്രമോഡി പൂർണമായും മറക്കുന്നു. തന്റെ വാക്കുകൾ 140 കോടി ഇന്ത്യക്കാരെയും ശോഭനമായ ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളെയും അടയാളപ്പെടുത്തേണ്ടതാണെന്ന വസ്തുത മോഡി മനസ്സിലാക്കുന്നില്ല.

 


ഇതുകൂടി വായിക്കൂ; എല്ലാവരുടെയും സഖാവ്


താൻ വഹിക്കുന്ന മഹത്തായ സ്ഥാനത്തിന് നാണക്കേടായി ഭരണകക്ഷിയുടെ മാത്രം വക്താവായി സാധാരണ രാഷ്ട്രീയ പ്രസംഗങ്ങൾക്ക് ചെങ്കോട്ടയെ വേദിയാക്കി. ഒന്നുമില്ലായ്മയായിരുന്നു കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഉണ്മ. ഉത്കണ്ഠയും പരിഭ്രാന്തിയും പ്രകടമായിരുന്നു. സ്വാതന്ത്ര്യദിനം രാഷ്ട്രീയ പ്രസംഗത്തിനുള്ള അവസരമായി. വരുന്ന സ്വാതന്ത്ര്യദിനത്തിലും താന്‍ ചെങ്കോട്ടയില്‍ പ്രസംഗിക്കുമെന്ന് പ്രവചിച്ചു. 2024ലെ തെരഞ്ഞെടുപ്പിനെ മോഡി വല്ലാതെ ഭയപ്പെടുന്നു എന്ന വാസ്തവം ഇവിടെ കാണുന്നു.
ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഘോഷിച്ച മോഡി രാജ്യഭരണത്തിന്റെ എല്ലാ മേഖലകളിലും ആവര്‍ത്തിക്കുന്ന പരാജയങ്ങൾ മറയ്ക്കാന്‍ വൃഥാ ശ്രമിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകത്തെക്കുറിച്ച് ചർച്ച ചെയ്യാനും പ്രധാനമന്ത്രി മടിച്ചു. സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയുടെ സംഭവബഹുലവും വൈവിധ്യപൂർണവുമായ പോരാട്ടത്തിൽ കാഴ്ചക്കാരായി പോലും താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ ധാരയ്ക്ക് പങ്കില്ലെന്ന് അദ്ദേഹത്തിന് അറിയാം. പരിഹാരത്തിന് പതിവ് പോലെ വാചകമടിയില്‍ തിളങ്ങാന്‍ പരിശ്രമിച്ചു. പൊള്ളയായ വാക്കുകളിൽ അഭിരമിച്ച ചില നേതാക്കളെ ലോകചരിത്രത്തിൽ കാണാം. തന്റെ ഭരണത്തിൻ കീഴിലും അതിന്റെ ഫലമായും ഇന്ത്യ അത്ഭുതങ്ങൾ സൃഷ്ടിച്ചുവെന്ന് സ്വയം വിശ്വസിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. മറ്റുള്ളവരെയും ഇതേ വഴികളില്‍ ചിന്തിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാല്‍ ഇത്തരം പ്രചരണ ഗിമ്മിക്കുകളെ തള്ളിക്കളയാന്‍ രാജ്യത്തിന്റെ ചരിത്രം ജനങ്ങള്‍ക്ക് കരുത്തുനല്‍കുന്നു.


ഇതുകൂടി വായിക്കൂ; കേരളത്തിന്റെ വികസനവും സി അച്യുതമേനോനും


 

‘വിശ്വമിത്രനെയും വിശ്വഗുരുവിനെയും’ പ്രകീര്‍ത്തിക്കുന്ന പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങള്‍ കടന്നു പോകുന്ന പരീക്ഷണ സമയങ്ങളറിയുന്നില്ല. വടക്കുകിഴക്കൻ പ്രദേശങ്ങൾ പ്രക്ഷുബ്ധമാണ്, മണിപ്പൂർ അതിന്റെ കേന്ദ്രമായിരിക്കുന്നു. മണിപ്പൂർ കലാപാഗ്നിയില്‍ കത്തിയമര്‍ന്ന് മാസങ്ങളായി വെന്തുരുകുകയാണ്. മോഡി താന്‍ പുലര്‍ത്തുന്ന നിശബ്ദതയ്ക്ക് രാജ്യത്തോട് വിശദീകരണം നൽകേണ്ടതുണ്ട്. വികസിത ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശവാദങ്ങൾക്കും മുന്നിൽ നഗ്നരായി പരേഡ് ചെയ്യാൻ നിർബന്ധിതരായ മണിപ്പൂരിലെ സ്ത്രീകൾ ചോദ്യചിഹ്നമായി അവശേഷിക്കും. മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 132 ആണ്. ഐഎംഎഫ് റിപ്പോർട്ടിനെക്കുറിച്ച് വീമ്പിളക്കിയ പ്രധാനമന്ത്രി പ്രതിശീർഷ നാമമാത്ര ജിഡിപിയിൽ ഇന്ത്യയുടെ റാങ്കിംങ് 139 ആണ് എന്നത് മറന്നുപോയി. ശിശുമരണ നിരക്കിൽ സഹാറാ മരുഭൂവിനോട് ചേര്‍ന്ന രാജ്യങ്ങൾ ഇന്ത്യയെക്കാൾ മികച്ചവരാണ്. പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ എന്ന വാഗ്ദാനം കള്ളമായിരുന്നു. വിലക്കയറ്റം എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതസാഹചര്യങ്ങളെ താറുമാറാക്കി. എങ്കിലും ഭരണാധികാരികൾ ലോകത്തിന് മുന്നിൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യയെ ചിത്രീകരിക്കാൻ അരയുംതലയും മുറുക്കി കഥകള്‍ മെയ്യുന്നു. ‘സബ്കസാത്ത്, സബ് കാവികാസ്’ തുടങ്ങിയ അവരുടെ വാഗ്ദാനങ്ങൾ ചവറ്റുകൊട്ടയിലാണിപ്പോള്‍. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗം പരാജയപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ തന്റെ കൊടിയ പരാജയങ്ങൾ മറച്ചുവയ്ക്കാന്‍ നടത്തിയ ദീനാഭിനയമായിരുന്നു. ഒന്നിച്ച് പുതിയ ഇന്ത്യക്കായി പോരാടാന്‍ ഇത്തരം നാട്യങ്ങള്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.