Site iconSite icon Janayugom Online

ചേർപ്പ് സദാചാരക്കൊല; നാല് പ്രതികൾ ഉത്തരാഖണ്ഡിൽ പിടിയിൽ

ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലക്കേസിലെ നാല് പ്രതികളെ ഉത്തരാഖണ്ഡിൽ നിന്നും പിടികൂടി. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. പിടിയിലായവരെ ഇന്ന് തൃശൂരിലെത്തിക്കും. തൃശൂർ — തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന കോട്ടം സ്വദേശി മമ്മസ്രയില്ലത്ത് സഹറാണ് (32) കൊല്ലപ്പെട്ടത്. 

ഉത്തരാഖണ്ഡിൽ പ്രത്യേകസംഘമായി തിരിഞ്ഞാണ് പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തിയത്. ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത്, വിഷ്ണു, ഡിനോൺ, രാഹുൽ, അഭിലാഷ്, മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി അറസ്റ്റിലാവാനുള്ള പ്രതികൾ. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിഞ്ഞേക്കുമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഘം കേരളം വിട്ടതായി അറിഞ്ഞത്. ഇതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 18ന് അർധരാത്രിയായിരുന്നു സഹർ സദാചാര ആക്രമണത്തിന് ഇരയായത്. തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മർദ്ദനമേറ്റ സഹർ സംഭവത്തിന് ശേഷം വീട്ടിലെത്തി ഉറങ്ങാൻ കിടന്നെങ്കിലും വേദന സഹിക്കാൻ കഴിയാതെ പുലർച്ചയോടെ കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും പോകുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സഹറിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയുംഅടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കിടെ മാർച്ച് 7ന് ആണ് സഹർ മരിച്ചത്. 

Eng­lish Summary;Additive moral mur­der; Four accused arrest­ed in Uttarakhand

You may also like this video

Exit mobile version