എഡിജിപി അജിത് കുമാറിന്റെ വീട് നിർമാണം വിവാദമാകുന്നു. കവടിയാറിൽ 12,0000 ചതുരശ്ര അടിയിലുള്ള വീടാണ് അജിത്കുമാർ നിർമിക്കുന്നത്. കവടിയാറിൽ അജിത്കുമാറിന്റെ പേരിൽ 10 സെന്റും അളിയന്റെ പേരിൽ 12 സെന്റും വാങ്ങി എന്ന് പി വി അൻവർ എംഎൽഎ വെളിപ്പെടുത്തിയിരുന്നു. കോടികൾ വില വരുന്ന ഭൂമിയിൽ കോടികൾ മുടക്കി ഇത്രയും ആഡംബരങ്ങളോട് കൂടിയ വീട് പണിയാനുള്ള സാമ്പത്തിക സ്രോതസ് ഒരു പോലീസ് ഉദ്യോഗസ്ഥന് എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട് . ഭൂഗർഭ നിലയുൾപ്പെടെ മൂന്ന് നില കെട്ടിടമാണ് കവടിയാറിലെ സ്ഥലത്ത് അജിത് കുമാർ പണിയുന്നത്.
കവടിയാർ കൊട്ടാരത്തിന് സമീപത്ത് അതിസമ്പന്നർക്ക് ഭൂമിയുള്ള മേഖലയിലാണ് അജിത് കുമാറിന്റെ വീട് പണിയുന്നതെന്നും വീടിനുള്ളിൽ ലിഫ്റ്റ് സൗകര്യം ഉൾപ്പെടെ ആഡംബര സൗകര്യങ്ങൾ ഉണ്ടെന്നും പ്ലാൻ വ്യക്തമാക്കുന്നു. നിർമാണ സ്ഥലത്ത് വെച്ചിരിക്കുന്ന പ്ലാൻ പ്രകാരമാണെങ്കിൽ മൂന്ന് നില കെട്ടിടമാണ് ഇവിടെ ഉയരാൻ പോകുന്നത്. ഇതിനൊപ്പം ഓപ്പൺ ബാത്ത് പ്ലേസ് കൂടി ഉണ്ട്. ഇത് പൂൾ ആകാം എന്നാണ് പറയുന്നത്. 2024ലാണ് ഈ കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചത്. പ്രാഥമിക നിർമാണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മൂന്നാൾ പൊക്കമുള്ള ബേസ്മെന്റ് നിർമാണം പുരോഗമിക്കുകയാണ്. വീടിന്റെ താഴത്തെ നിലയിൽ അതിഥികൾക്കായുള്ള മുറികളായിരിക്കും എന്നാണ് പ്ലാനിൽ നിന്ന് വ്യക്തമാകുന്നത്. പാർക്കിംഗും താഴെയാണ്. ഇവിടെ സ്ഥലം വാങ്ങി ഇത്ര വലിയ വീട് നിർമിക്കാൻ കോടിക്കണക്കിന് രൂപ ചെലവ് വരും. ഈ അടുത്ത കാലത്ത് വരെ സെന്റിന് 65 ലക്ഷം രൂരയാണ് കവടിയാറിൽ ഭൂമിക്ക് വാങ്ങിയ കുറഞ്ഞ വില എന്നാണ് റിപ്പോർട്ട്.