ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും തുടർന്ന് എഡിജിപി ‚എം ആർ അജിത് കുമാറിനെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കി. ഇന്റിൽജെൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറ്റി നിയമിച്ചു. ബറ്റാലിയൻ എഡിജിപിയായി പദവിയാണ് അജിത് കുമാറിന് ലഭിക്കുക. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ടും ആർ എസ് എസ് നേതാക്കളുമായി രഹസ്യ ചർച്ചയിലും എം ആർ അജിത്കുമാറിന്റെ വീഴ്ചകൾ നിരത്തിയ റിപ്പോർട്ട് ഇന്നലെയാണ് ഡിജിപി ഷേക്ക് ദർവേശ് സാഹിബ് സർക്കാറിന് നൽകിയത്. അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ ചർച്ചകൾക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കും ഐ.പി.എസുകാർക്കുള്ള വിലക്ക് ലംഘിച്ചതായും ഔദ്യോഗിക പദവിയിലിരിക്കുന്നവർ അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ടതില്ലെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.