ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി ശശി പരാജയമാണെന്നുമുള്ള വിവാദ വെളിപ്പെടുത്തലുകളുമായി പി വി അൻവർ എംഎൽഎ . അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നു.അജിത്ത് കുമാറിന്റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു. ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു. സുജിത്ത് ദാസ് ഐപിഎസ് നേരത്തെ കസ്റ്റംസിൽ ആയിരുന്നു. കസ്റ്റംസിനെ വെട്ടിച്ചു നിരവധി കേസുകളാണ് ആണ് പൊലീസ് റോഡിൽ പരിശോധനക്കിടയിൽ പിടിക്കുന്നത്. ഇത് സ്വർണ്ണ കടത്തുമായി ബന്ധം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റംസിൽ ഉള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നൽകും.പിടിക്കുന്നതിൽ നിന്ന് സ്വർണം കവരും. ഇതാണ് രീതിയെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു. പൊളിറ്റക്കൽ സെക്രട്ടറി പി ശശി പരാജയമാണ്. പൊളിറ്റിക്കൽ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി. പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൾകോൾ താൻ ചോർത്തിയിട്ടുണ്ട്. പത്തനംതിട്ട എസ് പി സുജിത്ദാസ് നടത്തിയ ഫോൺ കോൾ റെക്കോർഡ് ചെയ്തത് പുറത്തുവിട്ടതിനു പിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ വിശദമാക്കാനായി പി വി അൻവർ ഇന്ന് മാധ്യമങ്ങളെ കണ്ടത്. ഇനിയും ഒരുപാട് ഫോൺ കോളുകൾ ടെലികാസ്റ്റ് ചെയ്യാനുണ്ടെന്നും പലതും പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . മന്ത്രിമാരുടെ ഫോൺകോൾ എഡിജിപി ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.