ദിവസങ്ങള്‍ നീണ്ട പാരാലിമ്പിക്സിന് തിരശീല വീണു. ചരിത്രത്തില്‍ മെഡല്‍വേട്ടയില്‍ സര്‍വകാല റെക്കോഡും മറികടന്ന ഇന്ത്യ 29 മെഡലുകളുമായി 18-ാം സ്ഥാനവുമായിട്ടാണ് പാരിസ് വിടുന്നത്. ഏഴ് സ്വര്‍ണം, ഒമ്പത് വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍കൊയ്ത്ത്.
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ നേടിയ 19 മെഡലുകളായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോഡ് മെഡല്‍വേട്ട. ഇത്തവണ ഈ റെക്കോഡ് മറികടന്നാണ് ഇന്ത്യയുടെ മടക്കം. അതേസമയം 94 സ്വര്‍ണം, 75 വെള്ളി, 49 വെങ്കലവും ഉള്‍പ്പെടെ 218 മെഡലുകളുമായി ചൈനയാണ് ഒന്നാമത് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടണ്‍ 48 സ്വര്‍ണം, 43 വെള്ളി, 31 വെങ്കലം എന്നിങ്ങനെ ആകെ 122 മെഡലുകളാണ് നേടിയത്. 103 മെഡലുകളുമായി യുഎസ് ആണ് മൂന്നാമത്. 36 സ്വര്‍ണം, 41 വെള്ളി, 26 വെങ്കലം എന്നിങ്ങനെയാണ് യുഎസിന്റെ മെഡല്‍വേട്ട.