Site iconSite icon Janayugom Online

ആദിത്യയുടെ മരണം; കൊറിയൻ സുഹൃത്തിന് തെളിവില്ല, ഫയലുകൾ കണ്ടെത്താൻ ശ്രമം

കൊച്ചി ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിനി ആദിത്യ (16)യുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല എന്ന് പൊലീസ്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താല്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളോടും പെൺകുട്ടിക്ക് പ്രണയമായിരുന്നു. എന്നാൽ. കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കൂട്ടുകാരുടെ മൊഴിയിലും കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ലെന്ന് എറണാകുളം റൂറൽ എസ് പി പറഞ്ഞു.
ആദിത്യയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പുതിയ മോഡൽ ആയതിനാൽ ഫോൺ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പൊലീസ് പറയുന്നത്. കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന കൊറിയൻ ഭ്രമം തടയാൻ ബോധവല്‍ക്കരണം നടത്തുമെന്നും റൂറൽ എസ് പി പറഞ്ഞു.
മകളുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ ബന്ധമില്ലെന്നാണ് പെൺകുട്ടിയുടെ പിതാവ് മഹേഷും പറയുന്നത്. കൊറിയൻ സുഹൃത്തെന്ന പേരിൽ ആരോ മകളെ കബളിപ്പിച്ചതാണെന്നും ഇതിന്റെ ദുരൂഹത നീക്കണമെന്നും മഹേഷ് പറയുന്നു. പിതാവിന്റെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊറിയൻ ഭാഷയും സംഗീതവും 16കാരി ആദിത്യയ്ക്ക് ഇഷ്ടമായിരുന്നു. ഭാഷ പഠിക്കാനും തുടങ്ങിയിരുന്നു. പഠനം പൂർത്തിയാക്കി കൊറിയയിൽ ജോലി ചെയ്യണമെന്ന് അവൾ പറഞ്ഞിരുന്നു. മറ്റൊന്നും കുടുംബത്തിന് അറിയില്ല. മകളുടെ ഈ ഇഷ്ടം മനസിലാക്കിയ ആരോ അവളെ കബളിപ്പിച്ചതാവാം. അല്ലെങ്കിൽ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കി മനം നൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പിതാവ് പറയുന്നത്.

Exit mobile version