Site icon Janayugom Online

ആദിത്യ എൽ 1: രണ്ടാം ഘട്ട ഭ്രമണപഥമുയർത്തൽ വിജയം

ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എൽ 1ന്റെ രണ്ടാം ഘട്ട ഭ്രമണപഥമുയർത്തൽ വിജയം. ഭൂമിയോട് അടുത്ത ദൂരം 282 കിലോമീറ്ററും അകലെയുള്ള ദൂരം 40,225 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ ഉയർത്തിയത്. 

ബംഗളൂരുവിലെ മിഷൻ ഓപറേഷൻസ് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തലിന് നേതൃത്വം നല്‍കിയത്. അടുത്ത ഘട്ടം ഭ്രമണപഥം ഉയർത്തൽ പത്തിന് പുലര്‍ച്ചെ 2.30ന് നടക്കും. ഉപഗ്രഹത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്ന് സമൂഹമാധ്യമമായ എക്സില്‍ ഐഎസ്ആര്‍ഒ അറിയിച്ചു. സൂര്യനിലേക്കുള്ള സഞ്ചാരം ആരംഭിക്കും മുമ്പ് ഭൂമിയെ ചുറ്റിയുള്ള സഞ്ചാരത്തിൽ അഞ്ചുതവണയാണ് ഭ്രമണപഥമുയർത്തുക.

ആദിത്യ എൽ1 ഭൗമ ഭ്രമണപഥത്തില്‍ 16 ദിവസം തുടരും. ഭ്രമണപഥം ഉയർത്തൽ പ്രക്രിയ പൂർത്തിയായ ശേഷമാണ് സൂര്യനു സമീപമുള്ള എൽ1 ബിന്ദുവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. എൽ1 പോയിന്റിൽ എത്തിയ ശേഷം, ആദിത്യ എൽ 1 ട്രാൻസ്-ലഗ്റാഞ്ചിയൻ 1ലേക്ക് എത്തിക്കും. അവിടെ നിന്നാകും 110 ദിവസം ദൈർഘ്യമുള്ള സഞ്ചാരം ആരംഭിക്കുന്നത്. 

Eng­lish Summary:Aditya L1: Sec­ond stage orbital lift successful

You may also like this video

Exit mobile version