Site iconSite icon Janayugom Online

ആദിത്യനാഥിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധം: സിപിഐ

സനാതന ധർമത്തെ ദേശീയതയുമായി തുലനം ചെയ്തു കൊണ്ടുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിന് ദേശീയ മത പദവി നല്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യസമരസേനാനികൾ ബ്രിട്ടീഷുകാർക്കെതിരെ ഒറ്റക്കെട്ടായി പൊരുതിയവരാണ്. അവരുടെ ത്യാഗങ്ങളാണ് ഒരു മതേതര ജനാധിപത്യ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയത്. ആർഎസ്എസ് അന്നും ഇന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമീപനങ്ങളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിന് വിരുദ്ധവും രാജ്യത്തിന്റെ മതേതര ഘടനയെ തകർക്കുന്ന ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ യഥാർത്ഥ സ്വഭാവം പ്രകടിപ്പിക്കുന്നതുമാണ്. 

കഴിഞ്ഞ 74 വർഷമായി മതേതര ഭരണഘടന ഉയർത്തിപ്പിടിച്ച ഇന്ത്യൻ ജനത അതിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് നേരെയുള്ള ഈ നികൃഷ്ടമായ ആക്രമണം അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുവാനും ഭരണഘടനയെ തുരങ്കം വയ്ക്കുന്ന എല്ലാ ശക്തികളെയും എതിർക്കാനും പുരോഗന ജനവിഭാഗങ്ങൾ മുന്നോട്ടുവരണമെന്ന് സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു. 

Eng­lish Sum­ma­ry: Adityanath’s state­ment uncon­sti­tu­tion­al: CPI

You may also like this video

Exit mobile version