Site iconSite icon Janayugom Online

എഡിഎം നവീൻബാബുവിന്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാമെന്ന് കണ്ണൂര്‍ പൊലീസിന് നിയമോപദേശം ലഭിച്ചു. ദിവ്യയെ പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പൊലീസ് ഇന്നു തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. നിലവില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്.

നവീന്റെ മരണത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കുന്നതാണോ എന്നായിരുന്നു പൊലീസ് നിയമോപദേശം തേടിയിരുന്നത്. എഡിഎം യാത്രയയപ്പ് സമ്മേളനത്തിന് ശേഷം നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിരുന്നു. സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും എഡിഎം നവീന്‍ ബാബുവിന് ആത്മഹത്യയിലേക്ക് നയിക്കത്തക്ക മാനസിക വിഷമങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ വന്ന് അപകീര്‍ത്തികരമായ രീതിയിൽ പ്രസംഗിച്ചിരുന്നു . തുടര്‍ന്ന് താമസിക്കുന്ന കെട്ടിടത്തിലേക്ക് പോയ എഡിഎം നവീന്‍ ബാബു പുലര്‍ച്ചെ ജീവനൊടുക്കുകയായിരുന്നു. നവീന്റെ ആത്മഹത്യയിലേക്ക് തള്ളിവിട്ട മാനസിക പ്രയാസത്തിന് കാരണം ദിവ്യയുടെ പ്രസംഗമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Exit mobile version