എഡിഎമ്മായി പത്തനംതിട്ട കളക്ടറേറ്റില്‍ എത്തിയത് നവീന്റെ ചേതനയറ്റ ശരീരം. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന് അവര്‍ നല്‍കിയത്. രാവലെ പത്തുമണിയോടെ നീവീന്റെ മൃതശരീരം കളട്രേറ്റില്‍ എത്തിച്ചതോടെ അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളില്‍ പലരും ദുഃഖം സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ദിവ്യ എസ് അയ്യർ മൃതദേഹത്തിനരികിൽനിന്നു വിതുമ്പിക്കരഞ്ഞു. സഹാനുഭൂതിയോടെ ആരേയും കാണുന്ന രീതിയായിരുന്നു നവീനിന്റേത്. എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നത്. കാസര്‍കോട്ടേക്ക് ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ കലക്ടറേറ്റില്‍ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു, പിന്നെ കണ്ടിട്ടില്ല. മെസേജ് അയച്ചിരുന്നു. നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല” ദിവ്യഎസ് ആയ്യര്‍ പ്രതികരിച്ചു. മന്ത്രി വീണ ജോര്‍ജും കണ്ണില്‍ ഈറനണിഞ്ഞുകൊണ്ടാണ് നവീന് ബാബുവിന് അന്തിമോപചാരമര്‍പ്പിച്ചത്. ബുധനാഴ്ചയാണ് നവീന്‍ ബാബുവിന്റെ മൃതദേഹം കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലെത്തിച്ചത്. നവീനെ അവസാനമായി ഒരുനോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളുടെ നീണ്ടനിരയാണ് കളക്ടറേറ്റിന് സമീപത്തുള്ളത്.
ഇന്ന് രാവിലെ പത്ത് മണി മുതല്‍ കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം 11.15 ഓടെ വീട്ടിലേക്ക് കൊണ്ടുപോയി. 11.45 വീട്ടിലെത്തിച്ച മൃതശീരത്തില്‍ മന്ത്രിമാരായ കെ രാജന്‍ , വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാര്‍ എന്നിവര്‍ ഉള്‍പ്പടെ നൂകണക്കിന് ആള്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രണ്ടു മണിക്ക് നവീന്റെ വീട്ടുവളപ്പില്‍ മതപരമായ ചടങ്ങുകളോടെയാണ് സംസ്ക്കാരം.