Site iconSite icon Janayugom Online

മുനമ്പം പാലം പ്രവൃത്തിക്ക് 22.11 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി

പ്രവൃത്തി പുരോഗമിക്കുന്ന ഉദുമ നിയോജക മണ്ഡലത്തിലെ ചെമ്മനാട് ബേഡഡുക്ക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം പാലം നിര്‍മ്മാണത്തിന് 22.11 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമായതായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. നേരത്തെ 17.7 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് പാലം പ്രവൃത്തി ആരംഭിച്ചിരുന്നു. പദ്ധതി പ്രദേശത്ത് രണ്ട് പുഴകള്‍ കൂടി ചേരുന്ന സ്ഥലത്ത് ബേഡകം പഞ്ചായത്തിന്റെ ഭാഗത്തുള്ള മുനമ്പിന്റെ സംരക്ഷണത്തിനും ഭാവിയില്‍ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുമായി ഷീറ്റ് പൈലിംഗ് നടത്തുന്നതിനും, ഇരുകരകളിലുമായി ഒരു കിലോമീറ്റര്‍ അപ്രോച്ച് റോഡ്, പുഴയുടെ കര സംരക്ഷണഭിത്തി തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് പുതുക്കിയ ഭരണാനുമതി നല്കിയിട്ടുള്ളത്. നിലവില്‍ 50 ശതമാനം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

ചന്ദ്രഗിരി പുഴ രണ്ടായി പിരിയുന്ന സ്ഥാനത്ത് ചെമ്മനാട്-ബേഡടുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിന് സാധിക്കും. നിലവില്‍ പ്രദേശത്ത് ഒരു തൂക്കുപാലമുള്ളത് കാല്‍നടയാത്രയ്ക്ക് മാത്രമാണ് അനുയോജ്യം.‍ എരിഞ്ഞിപ്പുഴ, കരിച്ചേരി എന്നിവിടങ്ങളിലെ പാലം വഴിയാണ് ഇവിടങ്ങളിലെ ജനങ്ങള്‍ കാസര്‍കോടുമായി ബന്ധപ്പെടുന്നത്. കാസര്‍കോട് നിന്ന് ദേശീയ പാത വഴി കുണ്ടംകുഴിയിലേക്ക് 28 കിലോമീറ്റര്‍ യാത്ര ഉള്ളത് പാലം യാഥാര്‍ത്ഥ്യമായാല്‍‍ ദൂരം പകുതിയായി കുറയും. അതുപോലെ 18കിലോമീറ്ററോളം ചുറ്റി വളഞ്ഞു യാത്രചെയ്യുന്നതിന് പകരം മുനമ്പം പാലം വഴി രണ്ട് കിലോമീറ്ററിൽ ചട്ടഞ്ചാലിൽ എത്തുന്നതിന് സാധിക്കും. ജില്ലാ ആസ്ഥാനത്തു നിന്ന് മുന്നാട്, കുറ്റിക്കോല്‍, പാണത്തൂര്‍, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ സഞ്ചരിക്കുന്നതിന് സാധിക്കും. വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്രയും എളുപ്പമാകും. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന് സഹായകമാകുന്ന ഭൂപ്രകൃതിയാണ് ഈ പ്രദേശത്തേത്.

Exit mobile version