ഒരു ഡോസ് വാക്സിനെടുത്തവരെ തിയേറ്ററിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ പരിഗണിക്കും. സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു. തിയേറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയേറ്റർ ഉടമകളുടെ ആവശ്യവും യോഗം ചർച്ചചെയ്യും.
അതേ സമയം മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമം എന്ന നിലയിൽ സർക്കാർ ഇടപെടൽ ഉണ്ടാകും. ഇതിന്റെ ഭാഗമായി സിനിമാ, സാംസ്‍കാരിക മന്ത്രി സജി ചെറിയാൻ ഈ വിഷയത്തിൽ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചർച്ച നടത്തും. ചിത്രത്തിന്റെ നിർമ്മാതാവിനും തിയേറ്റർ ഉടമകൾക്കുമിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളിലെ ഒത്തുതീർപ്പ് ആണ് ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്.
‘മരക്കാർ’ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനോടാണ് സർക്കാരിന് താല്പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. തിയേറ്റർ തുറക്കാത്തപ്പോഴാണ് ഒടിടി പ്ലാറ്റ്‍ഫോമുകൾ പ്രസക്തമാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം മരക്കാർ നിർമ്മാതാവും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഫിലിം ചേംബറിന്റെ മധ്യസ്ഥതയിലായിരുന്നു ഈ ചർച്ച. അഡ്വാൻസ് തുകയായി മരക്കാറിന് തിയേറ്റർ ഉടമകൾ 40 കോടി രൂപ നൽകണമെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചർച്ചയിൽ ആവശ്യപ്പെട്ടത്. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English summary: Admission to the theater for those who have taken a single dose of the vaccine: decision today
you may also like this video