Site iconSite icon Janayugom Online

ബിജെപിയിൽ പരസ്യപ്പോര്

സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ ആരംഭിച്ച മുറുമുറുപ്പുകള്‍ വൻ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപിയില്‍ പരസ്യപ്പോരിലേക്ക് വഴിമാറി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സെക്രട്ടറി സി കൃഷ്ണകുമാറും ചേർന്ന് പാർട്ടിയെ നശിപ്പിക്കുന്നുവെന്നാണ് ബിജെപി വാട്സ് ആപ്പ് ഗ്രൂപ്പിൽ ആരോപണം. പാലക്കാട് മിൽക് സൊസൈറ്റി മുതൽ ലോക്‌സഭ വരെ ജില്ലയിൽ ഒരു സ്ഥാനാർത്ഥി മാത്രമേയുള്ളുവെന്ന പരിഹാസവുമുണ്ട്. വാർഡ് തലം മുതൽ സംസ്ഥാന നേതാക്കൾ വരെ ഇരുവർക്കുമെതിരെ ആക്ഷേപവുമായി രംഗത്തെത്തി. 

കെ സുരേന്ദ്രനെതിരെ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമായി നിരവധി നേതാക്കളും പ്രവർത്തകരുമാണ് രംഗത്തെത്തിയത്. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് മുതല്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം വരെ പാലക്കാട്ട് ക്യാമ്പ് ചെയ്തായിരുന്നു കെ സുരേന്ദ്രന്റെ പ്രവർത്തനം. തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും കെ സുരേന്ദ്രന്റെ തലയിൽ കെട്ടിവച്ചുകൊണ്ടുള്ള വി മുരളീധരന്റെ പ്രതികരണവും ബിജെപിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേയ്ക്കുള്ള മാറ്റത്തിന്റെ സൂചനയാണ്. 

സി കൃഷ്ണകുമാർ അല്ല സ്ഥാനാർത്ഥി എങ്കിൽ വിജയം ഉറപ്പായിരുന്നു എന്നും പാർട്ടിയുടെ മേൽക്കൂരയ്ക്ക് കാര്യമായ പ്രശ്നമുണ്ടെന്നുമുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ശിവരാജന്റെ പരസ്യ പ്രതികരണവും സുരേന്ദ്രനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായി. സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയായതു മുതൽ പ്രചരണത്തിൽ നിന്നും വിട്ടു നിന്ന എൻ ശിവരാജനെ രണ്ടാമത്തെ ആഴ്ചയാണ് അദ്ദേഹം ആവശ്യപ്പെട്ട സഹായം നൽകി മടക്കിയെത്തിച്ചത്. 

പാർട്ടി സംസ്ഥാന അധ്യക്ഷൻ പ്രചരണത്തിന് നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടതിനും സംഘടന ആരുടെയും വഖഫ് പ്രോപ്പർട്ടി അല്ലെന്ന സംസ്ഥാന സമിതി അംഗം സി വി സജനിയുടെ പ്രതികരണത്തിനും സ്വീകാര്യത ഏറുകയാണ്. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണം എന്ന കുമ്മനത്തിന്റെ അഭിപ്രായവും ഇതിന് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയതും പാര്‍ട്ടിയില്‍ വലിയ ചർച്ചയായിട്ടുണ്ട്. 

Exit mobile version