Site iconSite icon Janayugom Online

അഫാന്‍ ലഹരി ഉപയോഗിച്ചു ; കൊലപാതകത്തിന് പല കാരണങ്ങള്‍

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍. പ്രാഥമിക പരിശോധനയിലാണ് പ്രതി ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതെന്ന് ഡിവൈഎസ് പി കെ എസ് അരുണ്‍ പറഞ്ഞു. ഏത് തരം ലഹരിയാണ് ഉപയോഗിച്ചത് എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളു എന്നും ഡിവൈഎസ് പറഞ്ഞു.ചുറ്റിക ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. കൊല്ലപ്പെട്ട എല്ലാവര്‍ക്കും തലയ്ക്കാണ് കൂടുതല്‍ അടിയേറ്റത്. 

കൊലപാതകത്തിന് പല കാരണങ്ങളുണ്ട്. അന്വേഷണ ഘട്ടമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. അഫാനെതിരെ നിലവില്‍ മറ്റു കേസുകള്‍ ഒന്നുമില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. അഫാന്റെ പിതൃസഹോദരനായ ലത്തീഫിന്റേത് ക്രൂരമായ കൊലപാതമാണ്. ശരീരത്തില്‍ 20ലേറെ പരിക്കുണ്ട്. പ്രാഥമിക പരിശോധനയില്‍ പരിക്കുകള്‍ ചുറ്റിക ഉപയോഗിച്ചുള്ള അടിയേറ്റാണ് എന്നാണ് വിലയിരുത്തല്‍. ലത്തീഫ് കഴിഞ്ഞദിവസം പേരുമലയിലെ വീട്ടില്‍ പോയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അഫാന്റെ പെണ്‍സുഹൃത്തിനെപ്പറ്റി സംസാരിക്കാനാകാം ലത്തീഫ് അവിടെ പോയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ വൈരാഗ്യത്തിലാകാം ലത്തീഫിന്റെ കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്.

പിതാവിന്റെ ഉമ്മയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറയുന്നു. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.അതിനിടെ കേസ് മൂന്ന് ഡിവൈഎസ്പിമാരും നാല് സിഐമാരും അടങ്ങുന്ന പ്രത്യേക സംഘം അന്വേഷിക്കും. റൂറല്‍ എസ്പി അന്വേഷണത്തിന് നേതൃത്വം നല്‍കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. നിലവില്‍ അഫാന്‍ പറഞ്ഞത് മുഴുവനും മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നും പൊലീസ് പറയുന്നു.

Exit mobile version