Site icon Janayugom Online

അഫ്ഗാന്‍ സ്ഫോടനം: ഐഎസ് തീവ്രവാദി പിടിയില്‍; സ്ഫോടനത്തില്‍ 12 മരണം

afghanistan

അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷരീഫിലെ ഷിയ പള്ളിയില്‍ നടന്ന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ഐഎസ് തീവ്രവാദി പിടിയിലായതായി താലിബാന്‍ സേന. സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐഎസ് സംഘടനയിലെ പ്രധാന പ്രവര്‍ത്തകനായ അബ്ദുള്‍ ഹമീദ് സംഗരിയാറാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് ആസിഫ് വസീരി അറിയിച്ചു. താലിബാന്‍ ആഭ്യന്തര വകുപ്പും സംഗരിയാറിന്റെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്ഗാന്‍ പൗരനാണ് പിടിയിലായ അബ്ദുള്‍ ഹമീദ് സംഗരിയാര്‍.
അഫ്ഗാനിസ്ഥാനിലും മറ്റുമായി നടന്ന നിരവധി സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്തതും സംഗരിയാറെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. വടക്കന്‍ നഗരമായ കൂന്ദുസില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റെടുത്തതിനു ശേഷം ഷിയാ വിഭാഗങ്ങള്‍ക്കു നേരെ തുടര്‍ച്ചയായ സ്പോടനങ്ങള്‍ ഐഎസ് നടത്തിയിരുന്നു. അഫ്ഗാനിലെ 3.8 കോടി ജനങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ ഹസാര സമുദായത്തില്‍ നിന്നുള്ള അഫ്ഗാന്‍ ഷിയാ വിഭാഗക്കാരാണ്. മതവിരുദ്ധരായാണ് ഷിയാ വിഭാഗത്തെ ഐഎസ് കണക്കാക്കുന്നത്.
ഐഎസ് സംഘടനയെ അഫ്ഗാനില്‍ പരാജയപ്പെടുത്തിയെന്നാണ് താലിബാന്‍ വാദം. എന്നാല്‍ താലിബാന്റെ പ്രധാന സുരക്ഷാ വെല്ലുവിളി ഐഎസ് തീവ്രവാദ സംഘടനയാണെന്നതാണ് വസ്‍‍തുത. താലിബാനും ഐഎസും സുന്നി ഇസ്‍ലാമിക സംഘടനകളാണെങ്കിലും പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിലാണ്. വിദേശശക്തികളില്ലാത്ത അഫ്ഗാനിസ്ഥാനാണ് താലിബാന്‍ ലക്ഷ്യമെങ്കില്‍, തുര്‍ക്കി മുതല്‍ പാകിസ്ഥാന്‍ വരെയും അതിനുമപ്പുറത്തേക്ക് വ്യാപിച്ചുക്കിടക്കുന്ന ഇസ്‍ലാമിക് ഖിലാഫത്താണ് ഐഎസിന്റെ ലക്ഷ്യം.

Eng­lish Sum­ma­ry: Afghan blast: IS mil­i­tant arrest­ed; 12 killed in blast

You may like this video also

Exit mobile version