അഫ്ഗാനിലെ കിഴക്കന്‍ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. 5,000ല്‍ അധികം വീടുകള്‍ തകര്‍ന്നു. ഞായറാഴ്ച 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തകർന്ന പർവത, വിദൂര മേഖലകളിലേക്ക് എത്തിച്ചേരാൻ രക്ഷാപ്രവർത്തകര്‍ക്ക് കഴിയുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസ്ഥലത്ത് ഇന്നലെ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും അനുഭവപ്പെട്ടു.
മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച വീടുകൾ ഒരു നിമിഷം കൊണ്ടാണ് നിലംപൊത്തിയത്. 2021ൽ താലിബാൻ അധികാരമേറ്റതിനു ശേഷമുള്ള മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് 27 കിലോമീറ്റർ കിഴക്കായിട്ടാണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് വെറും എട്ട് കിലോമീറ്റർ താഴെയായിരുന്നു ഇത്. ഏകദേശം 20 മിനിറ്റിനുശേഷം അതേ പ്രവിശ്യയിൽ 4.5 തീവ്രതയിലും 10 കിലോമീറ്റർ ആഴത്തിലും രണ്ടാമത്തെ ഭൂകമ്പവുമുണ്ടായത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.

