Site iconSite icon Janayugom Online

ഡൽഹിയിലെ അഫ്ഗാൻ എംബസി അടച്ചുപൂട്ടി

embassyembassy

ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി അടച്ചുപൂട്ടി. “ഇന്ത്യൻ സർക്കാരിന്റെ നിരന്തരമായ വെല്ലുവിളികൾ കാരണം 2023 നവംബർ 23 മുതൽ ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി അടച്ചുപൂട്ടുന്ന”തായി അധികൃതര്‍ പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. സെപ്റ്റംബർ 30 ന് എംബസിയുടെ പ്രവർത്തനം നിർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥിരമായി അടച്ചിടാനുള്ള തീരുമാനം. ദൗത്യം സാധാരണ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് ഇന്ത്യൻ സർക്കാർ നിലപാട് അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ രണ്ട് വർഷവും മൂന്ന് മാസവും കൊണ്ട്, അഫ്ഗാൻ അഭയാർത്ഥികളും വിദ്യാർത്ഥികളും വ്യാപാരികളും രാജ്യം വിടുന്നതോടെ ഇന്ത്യയിലെ അഫ്ഗാൻ സമൂഹത്തിൽ ഗണ്യമായ കുറവുണ്ടായതായി എംബസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 2021 ഓഗസ്റ്റ് മുതൽ ഈ എണ്ണം പകുതിയായി കുറഞ്ഞു. ഈ കാലയളവിൽ വളരെ പരിമിതമായ പുതിയ വിസകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിൽ അഫ്ഗാൻ റിപ്പബ്ലിക്കിൽ നിന്നുള്ള നയതന്ത്രജ്ഞർ ഇന്ത്യയിൽ ഇല്ല. 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ വിവിധ രാജ്യങ്ങളിലെ എംബസികളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. താലിബാന്‍ സര്‍ക്കാരിനോട് കൂറുപുലര്‍ത്തുന്ന ഉദ്യോഗസ്ഥന്മാരാണ് പുതിയ നീക്കത്തിനുപിന്നിലെന്നും വിവരങ്ങളുണ്ട്.

Eng­lish Sum­ma­ry: Afghan embassy in Del­hi closed

You may also like this video

Exit mobile version