Site iconSite icon Janayugom Online

ഡൽഹിയിൽ അഫ്ഗാൻ വിമാനം ഇറങ്ങിയത് തെറ്റായ റൺവേയിൽ; അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വൻ വ്യോമയാന ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഞായറാഴ്ച കാബൂളിൽ നിന്നെത്തിയ അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനം പൈലറ്റിന്റെ പിഴവു മൂലം റൺവേ മാറി ലാൻഡ് ചെയ്തതാണ് പരിഭ്രാന്തി പരത്തിയത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കാബൂളിൽ നിന്നുള്ള അഫ്ഗാൻ എയറിന്റെ എ310 (വിമാനത്തിന് ലാൻഡിങ്ങിനായി എയർ ട്രാഫിക് കൺട്രോൾ (എടിസി) അനുമതി നൽകിയിരുന്നത് 29എൽ റൺവേയിലായിരുന്നു. എന്നാൽ പൈലറ്റ് വിമാനം ഇറക്കിയത് വിമാനങ്ങൾ പറന്നുയരാൻ മാത്രം ഉപയോഗിക്കുന്ന തൊട്ടടുത്തുള്ള 29ആർ റൺവേയിലാണ്. സമാന്തരമായുള്ള റൺവേകളാണെങ്കിലും ഇവ തമ്മിലുള്ള മാറ്റം തിരിച്ചറിയുന്നതിൽ പൈലറ്റിന് പിഴവ് സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

സാധാരണയായി തിരക്കേറിയ സമയങ്ങളിൽ ഒരേസമയം വിമാനങ്ങൾ ഇറങ്ങാനും പറന്നുയരാനും ഈ രണ്ട് റൺവേകളും ഉപയോഗിക്കാറുണ്ട്. അഫ്ഗാൻ വിമാനം തെറ്റായ റൺവേയിൽ ഇറങ്ങുന്ന സമയം അവിടെ മറ്റു വിമാനങ്ങൾ പറന്നുയരാൻ തയ്യാറായി നിൽക്കുകയോ ടേക്ക്-ഓഫ് ചെയ്യുകയോ ചെയ്തിരുന്നില്ല. ഇതാണ് വലിയൊരു അപകടം ഒഴിവാക്കിയത്. കൂട്ടിയിടി ഒഴിവാക്കിയതും യാത്രക്കാരുടെ ജീവൻ രക്ഷിച്ചതും.

സംഭവത്തിന് പിന്നാലെ പരസ്പര വിരുദ്ധമായ വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൃത്യമായ റൺവേ നിർദേശിക്കുന്നതിൽ എയർ ട്രാഫിക് കൺട്രോളിന്റെ ഭാഗത്ത് നിന്ന് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ പറയുന്നു. അവസാന നിമിഷം വിമാനത്തിലെ ‘ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന്’ (ഐഎൽഎസ്) സാങ്കേതിക തകരാർ സംഭവിച്ചതാണ് ദിശ മാറാൻ കാരണമെന്ന് പൈലറ്റ് വിശദീകരിക്കുന്നു. റൺവേ മാറുന്നത് സംബന്ധിച്ച് എടിസി മുന്നറിയിപ്പ് നൽകിയില്ലെന്നും പൈലറ്റ് ആരോപിച്ചു. 

Exit mobile version