Site icon Janayugom Online

സര്‍വകക്ഷി യോഗം ; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ആദ്യ പരിഗണന: കേന്ദ്രസർക്കാർ

അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമെന്നും അഫ്ഗാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും കേന്ദ്രസർക്കാർ. എന്നാൽ അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാനോടുള്ള നിലപാട് കേന്ദ്രം കൃത്യമായി വ്യക്തമാക്കിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശപ്രകാരം വിദേശകാര്യ മന്ത്രാലയം വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് സര്‍ക്കാരിന്റെ ഒളിച്ചുകളി.

അഫ്ഗാനിലെ താലിബാന്‍ ഭരണം ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് യോഗം അടിയന്തരമായി ചേർന്നത്. താലിബാന്‍ വിഷയത്തില്‍ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്ന് നിലപാട് വ്യക്തമാക്കാതെയാണ് ഇന്നലെ നടന്ന സര്‍വ കക്ഷി യോഗത്തില്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കു മുന്നില്‍ അഫ്ഗാന്‍ വിഷയം അവതരിപ്പിച്ചത്.
ഇതിനോടകം 15,000 പേരാണ് അഫ്ഗാനില്‍ നിന്നും അഭയംതേടി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യക്കാര്‍ക്കാകും മുഖ്യ പരിഗണന. എല്ലാവരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ദോഹയില്‍ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ പാലിക്കുന്നതില്‍ നിന്നും താലിബാന്‍ പിന്നോട്ടുപോയി. 2020 ഫെബ്രുവരിയില്‍ താലിബാന്‍ നേതാക്കളും യുഎസും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്പടിയില്‍, മതസ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കിയിരുന്നു. അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന സര്‍ക്കാരാകണം വരേണ്ടതെന്നടക്കം കരാറിലുണ്ടായിരുന്നു. ഇതൊന്നും പാലിക്കാതെയാണ് താലിബാന്റെ നീക്കമെന്ന് ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി.

വിദേശകാര്യ മന്ത്രിക്ക് പുറമെ കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരും പാര്‍ലമെന്റ് അനക്‌സില്‍ നടന്ന യോഗ വേദിയില്‍ ഉണ്ടായിരുന്നു. സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, ശരത് പവാര്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ചന്‍ ചൗധരി, ടി ആര്‍ ബാലു, എച്ച് ഡി ദേവഗൗഡ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.
ENGLISH SUMMARY;Afghanistan sit­u­a­tion remains ‘crit­i­cal’, evac­u­at­ing Indi­ans top priority
YOU MY ALSO LIKE THIS VIDEO;

Exit mobile version