Site iconSite icon Janayugom Online

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിൽ അയച്ച സാമ്പിളുകളുടെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം. മാനന്തവാടിയിലെ ഒരു ഫാമിൽ പന്നികൾ ചത്തിരുന്നു. ഇതോടെയാണ് പരിശോധന നടത്തിയത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് തീരുമാനം.

പന്നികളെ ബാധിക്കുന്ന മാരക വൈറസ് രോഗമായ ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ മൃഗസംരക്ഷണ വകുപ്പ് ശക്തമാക്കിയിരുന്നു. മാരകവും അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത വൈറസ് രോഗമാണ്.

കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് കണ്ണൂർ കൂട്ടുപുഴ വഴി കേരളത്തിലേക്ക് അനധികൃതമായി കടത്തിയ പന്നിയിറച്ചി പിഗ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പിടികൂടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചിരുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ഉൾപ്പെടെ വളർത്തു പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നിമാംസം ഉൾപ്പെടെ കൊണ്ടു വരുന്നതിന് 30 ദിവസത്തേക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് കേരളത്തിലേക്ക് പന്നിയിറച്ചി കടത്തിയത്.

ബിഹാറിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകത്തിലേക്ക് എത്തിക്കുന്ന പന്നികൾ കശാപ്പു ചെയ്ത് കേരളത്തിലേക്ക് കടത്തുന്ന സംഘത്തെയാണ് കൂട്ടുപുഴയിൽ വച്ച് പിഗ്ഗ് ഫാർമേഴ്സ് അസോസിയേഷൻ പിടികൂടി മൃഗ സംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചത്. രോഗത്തെത്തുടർന്ന് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് പന്നി കടത്തുന്നത് തടയാൻ മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം ഉണ്ട്. ഇതിനിടയിലാണ് അനധികൃതമായി പന്നികളെ മലയോരത്തെ ഇറച്ചി കടകളിൽ എത്തിക്കുന്നത്.

Eng­lish summary;African swine fever con­firmed in Wayanad

You may also like this video;

Exit mobile version