Site iconSite icon Janayugom Online

കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി; മാംസ വിൽപന സ്ഥാപനങ്ങൾ‌ അടച്ചിടാൻ നിർദേശം

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് ലഭിച്ചത്.

ഈ രോഗം കാട്ടുപന്നികൾ, വളർത്തുപന്നികൾ എന്നിവയിൽ അതിവേഗം പടരുമെങ്കിലും മനുഷ്യരിൽ ബാധിക്കാറില്ല. രോഗം ബാധിച്ചാൽ പന്നികളിൽ നൂറു ശതമാനം വരെ മരണനിരക്കുളള രോഗമാണിത്. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നിയുടെ രക്തം, മാംസം, അവശിഷ്ടങ്ങൾ, രോഗം ബാധിച്ച പന്നികളുമായി നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ മറ്റു പന്നികളിലേക്ക് രോഗം വ്യാപിക്കാം.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പുമായി നടത്തിയ ചർച്ചയിൽ അസുഖം വന്ന ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊന്നൊടുക്കാനും അസുഖം വന്ന പന്നി ഫാം അണുവിമുക്തമാക്കാനും തീരുമാനിച്ചു. ഇതുകൂടാതെ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിൽപന നടത്തുന്ന സ്ഥാപനങ്ങൾ അടച്ചിടേണ്ടതാണെന്നും നിശ്ചിതകാലയളവിലേക്ക് ഈ ഒരു കിലോമീറ്റർ ചുറ്റളവിലേക്ക് പന്നികളെയോ പന്നിമാംസമോ കൊണ്ടുവരാൻ പാടില്ലയെന്നും നിർദ്ദേശം നൽകി. 

Exit mobile version