Site iconSite icon Janayugom Online

സ്വര്‍ണ്ണപ്പല്ലുകള്‍ വഴിത്തിരിവായി; 15 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍

പൊലീസിനെ വെട്ടിച്ച് ഒളിവില്‍കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പതിനഞ്ചുവര്‍ഷത്തിന് ശേഷം പിടിയില്‍. 2007‑ല്‍ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പ്രവീണ്‍ അഷുഭ ജഡേജ എന്ന പ്രവീണ്‍ സിങ്ങിനെയാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്ന് പിടികൂടിയത്. വേഷം മാറിയ പ്രതിയുടെ വായിലെ സ്വര്‍ണ്ണപ്പല്ലിന്റെ അടക്കം സഹായത്തോടെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.

2007‑ല്‍ മുംബൈയിലെ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു പ്രവീണ്‍. ഈ സമയത്താണ് കടയുടമയെ കബളിപ്പിച്ച് ഇയാള്‍ 40,000 രൂപ തട്ടിയത്. മറ്റൊരു വ്യാപാരിയില്‍നിന്ന് പണം വാങ്ങിയെത്താന്‍ പ്രവീണിനെയാണ് കടയുടമ അയച്ചത്. എന്നാല്‍ വ്യാപാരിയില്‍നിന്ന് പണം വാങ്ങിയ ഇയാള്‍ കടയുടമയ്ക്ക് കൈമാറാതെ പണം മോഷ്ടിക്കപ്പെട്ടെന്ന കള്ളക്കഥ പറയുകയായിരുന്നു. ശൗചാലയത്തില്‍ കയറിയപ്പോള്‍ പണമടങ്ങിയ ബാഗ് ഒരാള്‍ തട്ടിയെടുത്തെന്നായിരുന്നു പൊലീസിനോടും ആവര്‍ത്തിച്ചു.

വിശദമായ അന്വേഷണത്തില്‍ മൊഴി കള്ളമാണെന്നും പണം കൈക്കലാക്കിയത് പ്രവീണ്‍ തന്നെയാണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു. പ്രതിയെ പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രവീണിനായി മുംബൈ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. ഇയാളുടെ മുന്‍ കൂട്ടാളികളെ ചോദ്യംചെയ്ത പോലീസ് സംഘത്തിന് പ്രവീണ്‍ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് മനസിലായത്. തുടര്‍ന്ന് എല്‍.ഐ.സി. ഏജന്റുമാരെന്ന വ്യാജേന പോലീസ് സംഘം ഇയാളെ സമീപിക്കുകയും മുംബൈയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. രൂപത്തില്‍ അടിമുടി മാറ്റംവരുത്തിയ പ്രതിയെ വായിലെ രണ്ട് സ്വര്‍ണ്ണപ്പല്ലുകള്‍ മൂലമാണ് തിരിച്ചറിയാനായത്. 

Eng­lish Summary;after 15 years crim­i­nal caught
You may also like this video 

Exit mobile version