Site iconSite icon Janayugom Online

പിപിപി കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍

PPPPPP

ന്തരഘടനാ വികസന മേഖലയില്‍ സ്വകാര്യ മൂലധന പങ്കാളിത്തത്തിന് പരമ്പരാഗതമായൊരു ചരിത്രമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ റയില്‍വേ ശൃംഖലയുടെ നിര്‍മ്മാണം ബ്രിട്ടീഷ് മൂലധന നിക്ഷേപത്തിലൂടെയായിരുന്നല്ലോ. വൈദ്യുതിവിതരണ കമ്പനികള്‍ — വന്‍കിട നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തിനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുപോലെതന്നെ, വൈദ്യുതി ഉല്പാദനം നിരവധി കേന്ദ്രങ്ങളില്‍ സ്വകാര്യ കമ്പനികളിലൂടെയാണ് നടന്നിരുന്നതും. ഇതിനെല്ലാം ചരിത്രരേഖകളും ലഭ്യമാണ്. പണ്ഡിറ്റ് നെഹ്രുവിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റിന്റെ നിയന്ത്രണത്തിലൂടെയുള്ള സാമ്പത്തികാസൂത്രണ പദ്ധതികള്‍, ആസൂത്രണ കമ്മിഷന്റെ മുന്‍കൈയോടെ നടപ്പാക്കിയതോടെ പൊതുമേഖലയുടെ റോളും ക്രമേണ അംഗീകാരം നേടുകയായിരുന്നു.
എന്നാല്‍ പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) ഇന്ത്യന്‍ സാമ്പത്തിക നയത്തില്‍ ഒരു ഇടം കണ്ടെത്താന്‍ തുടങ്ങിയത് 1990 കളില്‍ തുടക്കത്തിലായിരുന്നു. അന്ന് പിപിപികള്‍ ഇടം കണ്ടെത്തിയത് പ്രധാനമായും വൈദ്യുതി പ്ലാന്റുകളുടെ രൂപത്തിലായിരുന്നു. മൊത്തം എട്ട് വന്‍കിട അതിവേഗ പ്രോജക്ടുകള്‍ക്കാണ് അന്ന് ആരംഭം കുറിക്കപ്പെട്ടതും. അക്കൂട്ടത്തിലാണ് 1992 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ നടപ്പാക്കപ്പെട്ട സ്പെക്ട്രത്തിന്റെ കാക്കി നാടയിലെയും ജിവികെയുടെ ജെ ഗുരുപാഡു പവര്‍ പ്ലാന്റുകള്‍ രണ്ട് വന്‍കിട പിപിപി പദ്ധതികളായിരുന്നു ഉള്‍പ്പെട്ടിരുന്നത് എന്നതും ശ്രദ്ധേയമാണ്.
അടുത്ത ഘട്ടം പിപിപി അടിസ്ഥാനത്തിലുള്ള റോഡു നിര്‍മ്മാണ പദ്ധതികളായിരുന്നു മധ്യപ്രദേശ് സംസ്ഥാനത്ത്, സ്വകാര്യ മൂലധനത്തിന്റെ വന്‍ പങ്കാളിത്തത്തോടെ 1995 ല്‍ 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാഖു — പിതാംപൂര്‍ ടോള്‍ റോഡിന്റെ നിര്‍മ്മാണം തുടങ്ങിയത് ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെകൂടി പങ്കാളിത്തത്തോടെ രൂപകല്പന ചെയ്യപ്പെട്ടതായിരുന്നു. എന്നാല്‍ കൃത്യമാ യി പറഞ്ഞാല്‍ ഈ പ്രഥമ പിപിപി റോഡ് പദ്ധതിക്ക് ഔദ്യോഗിക തുടക്കമാകുന്നത് 1996 – 97 ധനകാര്യ വര്‍ഷത്തോടെയുമായിരുന്നു. ഇന്ത്യയിലെ റോഡ് ആന്തരഘടനാ വികസന മേഖലയില്‍ പിപിപി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത് പ്രസ്തുത വര്‍ഷം മധ്യപ്രദേശ് സംസ്ഥാനത്താണെന്ന് പറയാനാകും. പ്രസ്തുത വര്‍ഷം രാകേഷ് മോഹന്‍ അധ്യക്ഷനായി കമ്മേര്‍സ്യലൈസേഷന്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് എന്ന പേരില്‍ ഒരു വിദഗ്ധ സമിതി രൂപമെടുക്കുകയും ഏതാനും നാളുകള്‍ക്കകം തന്നെ ഈ സമിതി റോഡു നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് വന്‍ സ്വകാര്യ മൂലധന പങ്കാളിത്തം ഒഴിച്ചുകൂടാനാവാത്തതാണ് എന്നൊരു ശുപാര്‍ശയോടെ ഒരു റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുകയുമാണ് ചെയ്തത്. ഇതൊരു തുടക്കം മാത്രമായിരുന്നു.


ഇതുകൂടി വായിക്കൂ: കോര്‍പറേറ്റ് പ്രീണനം വെളിപ്പെടുത്തി കേന്ദ്ര ബജറ്റ്


തൊട്ടടുത്ത വര്‍ഷം 1997 – 98 മുതല്‍ സമാനമായ സ്വഭാവമുള്ള പദ്ധതികളുടെ ഒരു കുത്തൊഴുക്കുതന്നെയാണ് കാണാനായത്. അതിനുള്ള മുന്നൊരുക്കങ്ങളും ഔദ്യോഗികതലത്തില്‍ ഉഷാറായി നടക്കുകയും ചെയ്തു. നിയമാനുസൃതമായവിധത്തില്‍ ഒരുപറ്റം ധനകാര്യ – വികസന അതോറിറ്റികളും വിവിധ വികസന മേഖലകളെ ബാധിക്കുന്നവിധം രൂപീകൃതമാക്കപ്പെടുന്ന അനുഭവവും ഉണ്ടായി. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫിനാന്‍സ്‌ കോര്‍പറേഷന്‍ ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ, ടാരിഫ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവ ഇതില്‍ ചിലതു മാത്രമാണ്. നിലവിലിരുന്ന മേജര്‍ പോര്‍ട്ട് ട്രസ്റ്റ് ആക്റ്റ് ഭേദഗതി ചെയ്തതോടെ സ്വകാര്യ തുറമുഖങ്ങളുടെ നിര്‍മ്മാണത്തിനുള്ള വഴിയും തുറക്കപ്പെട്ടു. സമാനമായ നിലയില്‍ സ്വകാര്യ പങ്കാളിത്തം സുഗമമാക്കാന്‍ സഹായകമായ വിധം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന വൈദ്യുതി ഉല്പാദന – വിതരണ ശൃംഖലകള്‍ക്കുണ്ടായിരുന്ന പൊതു നിയന്ത്രണം ഒഴിവാക്കാന്‍ പര്യാപ്തമായ നിയമ ഭേദഗതികള്‍ ഓര്‍ഡിനന്‍സ് വഴി യാഥാര്‍ത്ഥ്യമാക്കപ്പെടുകയും ചെയ്തു. അങ്ങനെ, തന്ത്രപ്രധാനമായ വൈദ്യുതി മേഖലയിലേക്കും സ്വകാര്യ മൂലധനത്തിന്റെ സുഗമമായ കുത്തൊഴുക്ക് സാധ്യമാവുകയുമുണ്ടായി. ഇതോടൊപ്പം ഏതാനും ചില യുഎസ് ബഹു ദേശീയ കുത്തക സ്ഥാപനങ്ങള്‍ എന്‍റോണ്‍ പോലുള്ളവയുടെ നുഴഞ്ഞുകയറ്റ ശ്രമവും നടന്നിരുന്നു.
ഈ കാലയളവില്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ പങ്കാളിത്തത്തിലും ക്രമേണ ഇടിവനുഭവപ്പെട്ടുകൊണ്ടിരുന്നു. കമ്മിഷന് ആന്തരഘടനാ വികസന മേഖലയില്‍ മുന്‍കാലത്തേപോലെ താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെ ആസൂത്രണ കമ്മിഷന്റെ ചിന്തയും ആന്തരഘടനാ വികസന കമ്മി നികത്താന്‍ സ്വകാര്യ മൂലധന പങ്കാളിത്തം സ്വാഗതം ചെയ്യപ്പെടുന്നതായിരിക്കും ഉചിതമായ നടപടിയെന്ന തോന്നലുമുണ്ടായി. പതിനൊന്നാം പഞ്ചവത്സര പദ്ധതി (2017 – 12) യുടെ കാലാവധി അവസാനിക്കുമ്പോള്‍ 9 ശതമാനം ജിഡിപി വര്‍ധന അസാധ്യമാകുമെന്ന സ്ഥിതി നിലവില്‍ വന്നതോടെ പിപിപിക്കുള്ള പ്രസക്തിയാണ് ഫലത്തില്‍ വര്‍ധിച്ചത്. ആസൂത്രണ കമ്മിഷന്റെ ‍ അന്നത്തെ ഉപാധ്യക്ഷന്‍ ഡോ. എം എസ് അഹ്‌ലുമാലിയയാണ് പിപിപി എന്ന സംവിധാത്തിന്റെ കുതിച്ചുചാട്ടത്തിന് പച്ചക്കൊടി കാട്ടിയത്. ഈ സംവിധാനത്തിന് സാമ്പത്തിക സഹായമെത്തിക്കുക ലക്ഷ്യമാക്കി ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ടര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡ് എന്നൊരു പ്രത്യേക ധനസഹായ ഏജന്‍സിക്ക് 2006 ല്‍ ജന്മം നല്കിയതും അദ്ദേഹം തന്നെയായിരുന്നു. ഇവിടംകൊണ്ടും പിപിപി പദ്ധതികള്‍ക്കുള്ള ഉത്തേജനം നിലച്ചില്ല. ഓരോ പദ്ധതി കാലാവധി പൂര്‍ത്തീകരിക്കപ്പെടുമ്പോഴും പിപിപിയുടെ റോള്‍ മെച്ചപ്പെട്ടുകൊണ്ടിരുന്നു. 2002 – 2007 കാലയളവിലെ പത്താം പദ്ധതിയില്‍ ഇത് 22 ശതമാനമായിരുന്നത് പതിനൊന്നാം പദ്ധതി (2007 /12)യില്‍ 37 ശതമാനമായും പന്ത്രണ്ടാം പദ്ധതി (2012 – 17)യില്‍ 48 ശതമാനമായും സ്വകാര്യ മൂലധന പങ്കാളിത്തം തുടര്‍ച്ചയായി കുതിച്ചുയര്‍ന്നുകൊണ്ടിരുന്നു. ഈ ഘട്ടത്തില്‍ രസകരമായൊരു കാര്യം പരാമര്‍ശിക്കപ്പെടാതിരുന്നുകൂടാ. 2012 – 17 ല്‍ യഥാര്‍ത്ഥത്തില്‍ ഒരു പഞ്ചവത്സര പദ്ധതി എന്നൊന്ന്. മഷിയിട്ടു നോക്കിയാല്‍പോലും കാണാന്‍ കഴിയില്ലെന്നാണ് സാമ്പത്തികാസൂത്രണത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ പറയുന്നത്. ഏതാണ്ട് ഇതേ കാലഘട്ടം മുതല്‍ നമുക്കുണ്ടായിരുന്ന മറ്റൊരു വിചിത്രമായ അനുഭവം കൂടിയുണ്ട്. ആന്തരഘടനാ വികസന മേഖലയില്‍ സ്വകാര്യ നിക്ഷേപം നേരിട്ടുവരുന്ന ഗുരുതരമായ മുരടിപ്പാണിത്. മൊത്തം മൂലധന നിക്ഷേപത്തിന്റെ 20 ശതമാനത്തില്‍ സ്വകാര്യ മൂലധനത്തിന്റെ റോള്‍ ഒതുങ്ങുകയായിരുന്നു. അതായത് മൊത്തം നിക്ഷേപ തുക പ്രതിവര്‍ഷം മൂന്ന് ട്രില്യന്‍ രൂപ മാത്രം.


ഇതുകൂടി വായിക്കൂ: ഭൂമി, ആകാശം, ഇനി കടലും കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു


ഈ മാറ്റം ഏതു സാഹചര്യത്തിലാണുണ്ടായതെന്നു നോക്കാം. നിരവധി കാരണങ്ങളുണ്ട് ഇതിലേക്ക് നയിച്ചതിന്. ഒന്ന് അനുയോജ്യമായ തോതിലുള്ള ഫണ്ടിന്റെ അഭാവം, രണ്ട്, ശക്തമായ വിലപേശലിന്റെ അഭാവം, മൂന്ന് രണ്ടുതരത്തിലുമുള്ള കമ്മികള്‍ ട്വിന്‍ ഡെഫിസന്‍സ് സൃഷ്ടിച്ച പ്രതിസന്ധി. അതായത് ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും പദ്ധതി നടത്തിപ്പിന് തുല്യമായ പ്രതികൂല ആഘാതമാണ് സൃഷ്ടിച്ചത്. നാല്, നയരൂപീകരണമേഖലയിലെ അനിശ്ചിതത്വവും ഏകോപനമില്ലായ്മയും. അഞ്ച്, മിസ് മാനേജ്മെന്റിനെ തുടര്‍ന്നുണ്ടായ തുടര്‍ച്ചയായ നഷ്ടവും കിട്ടാക്കടത്തിലുണ്ടായ വര്‍ധനവും. ഇതിനെല്ലാം പുറമെ നിസാരമായ നിലയില്‍ പരിഹാരം കാണാന്‍ കഴിയുമായിരുന്ന തൊഴില്‍ തര്‍ക്കങ്ങള്‍ കൂടുതല്‍ വിഷളാക്കിയതുമൂലമുണ്ടായ സഞ്ചിത നഷ്ടം വേറെയുമുണ്ട്.
ഇത്തരം അതിസങ്കീര്‍ണമായൊരു സാഹചര്യം നിലവിലിരിക്കെയാണ് കേന്ദ്രത്തില്‍ മൗലിക സ്വഭാവത്തോടുകൂടിയ ഒരു രാഷ്ട്രീയ അഴിച്ചുപണിയും ഭരണമാറ്റവും 2014 ല്‍ നിലവില്‍ വരുന്നത്. അതുവരെ പ്രതിപക്ഷത്തായിരുന്ന ബിജെപി — സംഘ്പരിവാര്‍ ശക്തികളും ഏതാനും സഖ്യകക്ഷികളും ചേര്‍ന്നാണല്ലോ നരേന്ദ്രമോഡി പ്രധാനമന്ത്രിയും അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയുമായൊരു എന്‍ഡിഎ മന്ത്രിസഭ ചരിത്രത്തിലാദ്യമായി നിര്‍ണായക സ്വാധാനമുള്ളൊരു മുന്നണിയും കേന്ദ്ര ഭരത്തിലേറുന്നത്. കുശാഗ്രബുദ്ധിയുള്ളൊരു അഭിഭാഷകന്‍ എന്ന നിലയില്‍ ധനമന്ത്രി ജെയ്റ്റ്ലിക്ക് ആന്തരഘടനാ വികസന പദ്ധതികള്‍ക്ക് പൊതു ഫണ്ടിങ്ങാണ് ഉചിതമായ മാര്‍ഗമെന്ന നിഗമനത്തിലെത്താന്‍ ഏറെ സമയം വേണ്ടിവന്നില്ല. നിക്ഷേപ വര്‍ധനവിന് പ്രതിബന്ധം സൃഷ്ടിക്കുന്ന ഘടകങ്ങളേതെല്ലാമെന്ന് കണ്ടെത്തുന്നതില്‍ ജെയ്റ്റിലയുടെ വക 2014 ലെ കന്നി ബജറ്റില്‍ തന്നെ വിജയിക്കുകയും ചെയ്തിരുന്നു. ഈ ബജറ്റിലൂടെ 500 കോടി നീക്കിയിരുപ്പുമായി പിപിപിക്കായി ഒരു പ്രത്യേക പരിപാടി തന്നെ ജന്മമെടുക്കുകയും ചെയ്തു. ‘3 പി ഇന്ത്യ’ എന്ന ചുരുക്കപ്പേരിലാണ് ഈ പബ്ലിക്ക് — പ്രൈവറ്റ് — പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധതി അക്കാലത്ത് അറിയപ്പെട്ടിരുന്നതും. സ്വകാര്യവല്ക്കരണത്തോടെയായിരുന്നു ബിജെപിയുടെയും ജെയ്റ്റ്ലിയുടെയും കൂറ് എങ്കിലും ഈ നയമാറ്റം പിപിപിയിലൂടെ മതിയെന്നായിരുന്നു നിലപാടെന്ന് വ്യക്തമായി. ഇതോടൊപ്പം റോഡ് ഗതാഗതം അടക്കമുള്ള ആന്തരഘടനാ വികസനത്തിനായി ഒരു പ്രത്യേക ഉപരിതല ഗതാഗത മന്ത്രാലയം നിലവില്‍ വരുകയും ബിജെപിയിലെ സീനിയര്‍ നേതാവായ നിതിന്‍ ഗഡ്കരി എന്ന ഊര്‍ജസ്വലനായ മന്ത്രിയെ അതിന്റെ പരിപൂര്‍ണമായ ചുമതല ഏല്പിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനകം, അതായത് 2015 മേയ് മാസത്തില്‍ മുന്‍ ധനകാര്യ സെക്രട്ടറി വിജയ് കേല്‍ക്കര്‍ അധ്യക്ഷനായി ഒരു സമിതി ഈ വിഷയം വിശദമായി പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും നിയോഗിക്കപ്പെടുകയുണ്ടായി. അതേവര്‍ഷം നവംബര്‍ 19ന് ഈ സമിതി അതിന്റെ റിപ്പോര്‍ട്ട് ‘റീവി സിറ്റിങ്ങ് ആന്റ് റീ വൈറ്റലൈസിങ്ങ് പിപിപി മോഡല്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ്’ സമര്‍പ്പിക്കുകയും ചെയ്തിരുന്നതാണ്. ഇതോടെ പിപിപിക്ക് അഥവാ ‘3 പി ഇന്ത്യ’ എന്നതിന് ഔദ്യോഗിക അംഗീകാരവുമായി. ഈ സംവിധാനത്തിന്റെ പ്രധാന ചുമതലകള്‍ പൊതു സ്വകാര്യ – പങ്കാളിത്ത പദ്ധതിയുടെ നടത്തിപ്പിന്റെ സങ്കീര്‍ണമായ വശങ്ങളെല്ലാം കൂടിയാലോചനകളിലൂടെയും സമവായ ചര്‍ച്ചകളിലൂടെയും ധാരണകളുടെയും അടിസ്ഥാനത്തിലൂടെയും കാര്യക്ഷമമായി നടപ്പാക്കുക എന്നതായിരുന്നു സ്വതന്ത്രമായ തീരുമാനങ്ങളെടുക്കുമ്പോള്‍ തന്നെ അപകടസാധ്യതകള്‍ പരമാവധി കുറയ്ക്കുകയും അഴിമതി നിരോധന നിയമത്തിന്റെ കാതലായ വ്യവസ്ഥകള്‍ ലംഘിക്കപ്പെടാതെയും തര്‍ക്കപരിഹാര സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തുകൊണ്ടും ഉല്പാദനക്ഷമത പരമാവധി ഉയര്‍ത്തുക എന്നത് ഉറപ്പാക്കിക്കൊണ്ടുമായിരിക്കണം ‘3 പി ഇന്ത്യ’ യാഥാര്‍ത്ഥ്യമാക്കാന്‍.
പിപിപി പദ്ധതികള്‍‍ തുടക്കത്തില്‍ ഉണ്ടായിരുന്നതില്‍ നിന്നും ഭിന്നമായി ഏതാനും ചില മാറ്റങ്ങള്‍ക്കുകൂടി വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം സ്വകാര്യ നിക്ഷേപത്തിന്റെ നഷ്ടസാധ്യതകള്‍ കാര്യമായി കുറയ്ക്കുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായാണ് റോഡ്‌വെകളുടെ നിര്‍മ്മാണം മലിനജല ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നിര്‍മ്മാണം തുടങ്ങിയവ പിപിപിയുടെ പദ്ധതികള്‍ ഉള്‍പ്പെടുത്തപ്പെട്ടത്.


ഇതുകൂടി വായിക്കൂ: പകല്‍ക്കൊള്ളയായി മാറുന്ന ദേശീയ പാതയും അതോറിറ്റിയും


ഇടക്കാലത്ത് പിപിപി സംവിധാനത്തിന് കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരിയൊരു തിരിച്ചടി സംഭവിച്ചതുപോലൊരു സാഹചര്യം നിലവിലിരുന്നതാണ്. എന്നാല്‍, സമീപകാലത്ത് ഈ പദ്ധതി പൂര്‍വാധികം ശക്തിയോടെ 100 ശതമാനം നാഷണല്‍ മോണറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍എംപി) പദ്ധതിയുടെ ഭാഗമായി പുതു ജീവന്‍ കൈവരിച്ചരിക്കുകയാണ്. മൊത്തം ആറു ട്രില്യന്‍ സമാഹരിക്കാന്‍ ലക്ഷ്യമാക്കിയുള്ള ഈ സ്വകാര്യവല്ക്കരണ പരിപാടിയില്‍ പിപിപിക്ക് വലിയ മുന്‍തൂക്കമാണുള്ളത്. ഇതിനു പുറമെയാണ് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ (എന്‍ഐപി) എന്ന ഭീമമായൊരു നിക്ഷേപ പദ്ധതി വിഭാവനം ചെയ്യുന്ന 111 ട്രില്യന്‍ രൂപയുടെ 40 ശതമാനം പിപിപിയുടെ വകയായിരിക്കുമത്രെ. ഇതിലൂടെ വരുന്ന അഞ്ചു വര്‍ഷക്കാലയളവില്‍ 50 ട്രില്യന്‍ രൂപയാണ് സ്വകാര്യ മൂലധനം വകയായി നിക്ഷേപമേഖലയില്‍ വന്നെത്തുക. ഇത്രയും ഭാരിച്ചൊരു നിക്ഷേപ ബാധ്യത ഏറ്റെടുത്ത് തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ ഇന്നത്തെ നിലയില്‍ പിപിപിക്കു കഴിയുമോ? ഈ ചോദ്യമാണ് അങ്ങേയറ്റം പ്രസക്തിയാര്‍ജ്ജിക്കുന്നൊരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടിവരുക. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അവ എത്രതന്നെ ആഗ്രഹിച്ചാല്‍തന്നേയും ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിച്ചേക്കാം. മൂലധന നിക്ഷേപ സ്ഥാപനങ്ങള്‍, അവ സ്വകാര്യ – പൊതുമേഖലാ ബാങ്കുകളടക്കമായാലും നിക്ഷേപരംഗത്തു കടക്കാന്‍ അറച്ചുനില്ക്കകയാണ് ചെയ്യുന്നത്. അവയ്ക്കെല്ലാം ഗ്രീന്‍ഫീല്‍ഡ് നിക്ഷേപങ്ങളുടെ കാര്യത്തിലുള്ളതിലേറെ താല്പര്യം ബ്രൗണ്‍ഫീല്‍ഡ് നിക്ഷേപങ്ങളുടെ കാര്യത്തിലുമാണ്. നിലവിലുള്ള ബ്രൗണ്‍ — ഗ്രീന്‍ ഫീല്‍ഡ് നിക്ഷേപങ്ങളുടെ കൃത്യമായൊരു ചിത്രം നമുക്കുമുന്നിലുണ്ട്. അവ ആകര്‍ഷണീയമാണെങ്കില്‍ നിക്ഷേപം നടത്തപ്പെടും. ഗ്രീന്‍ഫീല്‍ഡ് പുതുതായുള്ള നിക്ഷേപമാണെങ്കില്‍ നഷ്ടസാധ്യതകള്‍കൂടി കണക്കിലെടുത്തതിനു ശേഷമേ നിക്ഷേപം എത്തുകയുള്ളു. വിദേശ മൂലധന നിക്ഷേപകരായെത്തുന്ന ബഹുദേശീയ കുത്തക കോര്‍പറേറ്റുകള്‍, നഷ്ടസാധ്യതകള്‍ സംബന്ധമായ വിശദ പഠനത്തിനുശേഷം മാത്രമായിരിക്കും, നിക്ഷേപവുമായി വന്നുചേരുക. പിപിപികളെ സംബന്ധിച്ചിടത്തോളം ടെലികോം, പോര്‍ട്ടുകള്‍, എയര്‍പോര്‍ട്ടുകള്‍, വൈദ്യുതി ട്രാന്‍സ്മിഷന്‍, നവീകൃത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. നിരവധി ഗുരുതരമായ പ്രതിസന്ധികള്‍ നേരിട്ടതിനു ശേഷമാണെങ്കിലും അവരുടെ വിജയം ഉറപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. 2022 ഫെബ്രുവരിയിലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പിപിപിയുടെ മികവു വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുമാണ്. ഇതിന്റെ ഭാഗമായിട്ടാണ് ജൂലൈയില്‍ തന്നെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് സെക്രട്ടേറിയറ്റ് (ഐഎഫ്എസ്) എന്ന പേരില്‍ ഒരു പ്രത്യേക സ്ഥാപനത്തിനുതന്നെ രൂപം നല്കിയിരിക്കുന്നത്. ഇതിലൂടെ ലക്ഷ്യമാക്കുന്നത് പിപിപി പദ്ധതികളും ഇന്ത്യയിലെ മര്‍മ്മപ്രാധാന്യമുള്ള ഇക്കോ വ്യവസ്ഥകളും തമ്മില്‍ ഏകോപിപ്പിച്ചുകൊണ്ടുള്ളൊരു സമഗ്ര വികസന ഉറപ്പാക്കുക എന്നതാണ്.
പിപിപി പ്രോജക്ടുകളെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തില്‍ മര്‍മ്മപ്രാധാന്യമുള്ളൊരു സംവിധാനമാക്കി മാറ്റുന്നതിന് 2015 ല്‍ ഈക്വിറ്റി മൂലധന വ്യവസ്ഥയ്ക്ക് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും (എന്‍ഐഐഎഫ്), ഒരു വികസന ധനകാര്യ സഹായ സ്ഥാപനമെന്ന നിലയില്‍ 2021 ല്‍ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ്ങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്മെന്റ് (എൻ്‍ബിഎഫ്ഐഡി) എന്ന സംവിധാനവും ഏറ്റവുമൊടുവില്‍ ഇതാ 2022 ഫെബ്രുവരിയില്‍ നേരത്തേ സൂചിപ്പിച്ച ഐഎഫ്എസും പിപിപി പദ്ധതികള്‍ക്ക് വൈവിധ്യമാര്‍ന്ന സഹായങ്ങള്‍ ഉറപ്പാക്കുന്നതിന് മോഡി സര്‍ക്കാര്‍ സജ്ജീകരിച്ചിരിക്കുകയാണ്. വേണ്ടിവന്നാല്‍ വിദേശ ധനസഹായവും സ്വീകരിക്കാം.
ഇതെല്ലാം ഒരുവശത്ത് നടന്നുവരുമ്പോള്‍ തന്നെയാണ് ഒരേസമയം രണ്ടു വ്യത്യസ്ത പ്രവര്‍ത്തന രീതികളും ലക്ഷ്യങ്ങളുമുള്ള വികസന പദ്ധതികള്‍ — അതായത് ഗ്രീന്‍ ഫീല്‍ഡ് പദ്ധതികളും ബ്രൗണ്‍ ഫീല്‍ഡ് പദ്ധതികളും വികസന പാത ത്വരിതപ്പെടുത്തുന്നതിന്റെ പേരില്‍ അസറ്റ് മോണറ്റൈസേഷന്‍ പൈപ്പ്‌ലൈനില്‍ കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. ഈ പൈപ്പ്‌ലൈന്‍ ഓപ്പറേഷന്‍ വിജയിക്കുന്നപക്ഷം പിപിപിക്ക് അതിശക്തമായൊരു ഉയര്‍ത്തെഴുന്നേല്പ് പ്രതീക്ഷിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ അത് വലിയൊരു ആഘോഷമായി നവലിബറല്‍ പ്രത്യയശാസ്ത്ര വിശ്വാസികള്‍ക്ക് പരിവര്‍ത്തനപ്പെടുത്തന്‍ കഴിയുമെന്നത് ഉറപ്പല്ലേ? എന്നാല്‍, ഇന്ത്യയിലെ ഇടതു — ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സാഹചര്യം എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടതും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയില്‍ ഒഴിച്ചുകൂടാനാവാത്തതുമാണ്. ഇത് എത്രമാത്രം വിജയിക്കുമെന്നതാണ് സംശയകരമായി തുടരുന്നതും.

Exit mobile version