Site iconSite icon Janayugom Online

കോവിഡിനുശേഷം അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം എത്തുന്നത് സിപിഐ കോണ്‍ഗ്രസിനെന്ന് ഹിലീ സ്കോട്ട് ജോസഫ്

കോവിഡ് 19 മഹാമാരിക്കു ശേഷം കമ്മ്യൂണിസ്റ്റ് ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാൻ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചത് സിപിഐ പാര്‍ട്ടി കോൺഗ്രസിലേക്കാണെന്ന് ഹിലീ സ്കോട്ട് ജോസഫ് പറഞ്ഞു. മുതലാളിത്ത വർഗത്തിന്റെ അത്യാഗ്രഹവും ലാഭക്കൊതിയുമാണ് മഹാമാരി ഇത്രയധികം വ്യാപിക്കാൻ കാരണം. വാക്സിൻ പങ്കുവയ്ക്കാന്‍ മടിച്ച സാമ്രാജ്യത്വ നയം ലോകമെമ്പാടും നിരവധി നിരപരാധികളെ കൊന്നൊടുക്കിയെന്നും അദ്ദേഹം അഭിവാദ്യപ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ സ്ത്രീകൾക്ക് മറ്റ് പൗരാവകാശങ്ങൾക്കൊപ്പം കഴിഞ്ഞ 50 വർഷങ്ങളായി ഗർഭഛിദ്രത്തിന് നിയമപരമായ അവകാശമുണ്ടായിരുന്നു. സുപ്രീം കോടതി ഇന്ന് അത് ഇല്ലാതാക്കി. ഗർഭച്ഛിദ്രാവകാശം വീണ്ടെടുക്കുന്നതിനുള്ള സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് മുന്നിൽ. ഹൗസ്, സെനറ്റ്, ഗവർണർഷിപ്പുകൾ, സംസ്ഥാന ലെജിസ്‌ലേറ്റർഷിപ്പുകൾ എന്നിവയിലേക്കുള്ള വരുന്ന തെരഞ്ഞെടുപ്പിൽ ഗർഭഛിദ്ര അനുകൂല സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. 

സ്ത്രീകളുടെ അവകാശങ്ങൾക്കെതിരായ ആക്രമണം അമേരിക്കയില്‍ പതിവായിരിക്കുകയാണ്. തോക്ക് ഉപയോഗിച്ചുള്ള കൊലപാകങ്ങളുടെ എണ്ണത്തില്‍ അമേരിക്ക കുപ്രസിദ്ധമാണ്. തോക്ക് ഉടമസ്ഥാവകാശ നിയമത്തിന്റെ അരാജകത്വത്തെ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിർക്കുന്നു. മനുഷ്യനെ കൊല്ലാൻ രൂപകല്പന ചെയ്ത ആയുധങ്ങൾ വാങ്ങാൻ മാനസിക വിഭ്രാന്തിയുള്ള ആളുകളെ അനുവദിക്കുന്നു. ഫാസിസ്റ്റ് സമീപനങ്ങളും ദാരിദ്ര്യവുമാണ് തോക്ക് ഉപയോഗിച്ചുള്ള ആക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നത്, അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി ചൂണ്ടിക്കാട്ടി.

അമേരിക്കയിൽ മിനിമം വേതനത്തിന് ജോലി ചെയ്യുന്ന ആള്‍ക്ക് രണ്ട് കിടപ്പുമുറി അപ്പാർട്ട്മെന്റ് ആര്‍ഭാടമാണ്. മിനിമം വേതനം വർധിപ്പിക്കുന്നതിനായി സിപിയുഎസ്എ ഇരട്ട സമരമാണ് നടത്തുന്നത്. ഭൂവുടമകളുടെ ചൂഷണം ലഘൂകരിക്കാൻ വാടകക്കാരുടെ യൂണിയനുണ്ടാക്കി. കഴിഞ്ഞ രണ്ട് വർഷങ്ങളായി, റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് ശേഷം, ട്രേഡ് യൂണിയനുകളുടെ വളർച്ചയിലും വിജയങ്ങളിലും കുതിച്ചുചാട്ടം പ്രകടമാണ്. വിദ്യാർത്ഥികളുടെ വായ്പ എഴുതിത്തള്ളിയത് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍‍‍ട്ടി അടുത്തിടെ നേടിയ മറ്റൊരു വിജയമാണ്. മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ചുവടുപിടിച്ചാണ് രണ്ട് പാർട്ടികളും പിറന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത് മുതൽ സാമ്രാജ്യത്വ വിരുദ്ധത ഉയർത്തിപ്പിടിച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരെ പോരാടുമ്പോൾ ഫ്യൂഡൽ പ്രഭുക്കന്മാർക്കും നാട്ടുരാജ്യങ്ങൾക്കുമെതിരെ ഒരേ സമയം ധീരമായ പോരാട്ടം നടത്തി. അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Summary:after Covid-19 com­mu­nist par­ty of amer­i­can par­tic­i­pat­ed in cpi24th par­ty con­gress says Hil­ley Scott Joseph
You may also like this video

Exit mobile version