Site iconSite icon Janayugom Online

പ്രസവശേഷം മാലിന്യം വയറ്റില്‍ തുന്നിക്കെട്ടി: ആലപ്പുഴയില്‍ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതി നല്‍കി യുവതി

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വയറ്റിൽ രക്തവും മാലിന്യങ്ങളും അടിഞ്ഞുകൂടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാതായി പരാതി. പെണ്ണുക്കര ആലാ ഉമ്പാലയിൽ ഹൗസിൽ അരവിന്ദന്റെ ഭാര്യ അജീഷ എസ് ഗോപാലിന്റെ (28) പ്രസവത്തെ തുടർന്ന് മാതാവ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്‌ ജെയിൻ ജേക്കബിനെതിരെയാണ് ചികിത്സാപ്പിഴവ് കാണിച്ച് ഹരിപ്പാട് പൊലീസിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്. പ്രസവ അസുഖത്തെ തുടർന്ന് യുവതിയെ വീട്ടുകാർ ജൂലൈ 23 ന് രാത്രി 11 മണിയോടുകൂടി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും 24 ന് പുലർച്ചെ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. 

മൂന്നുദിവസം കഴിഞ്ഞപ്പോൾ യുവതിയുടെ ശരീരമാസകലം നീര് വന്ന് വീർക്കുകയും തുടർന്ന് 27ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ രക്തവും മാലിന്യങ്ങളും അടിഞ്ഞു കിടക്കുന്നതായി കണ്ടെത്തുകയും യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലും ആയിരുന്നു. പിന്നീട് വീണ്ടും ഓഗസ്റ്റ് എട്ടിന് ശസ്ത്രക്രിയ നടത്തി വയറ്റിൽ അടിഞ്ഞുകൂടിയ രക്തവും മാലിന്യങ്ങളും നീക്കം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിലായിരുന്ന ഗൈനക്കോളജിസ്റ്റ് സ്ഥലംമാറ്റത്തെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിയപ്പോഴാണ് യുവതിയുടെയും ചികിത്സ ഹരിപ്പാടേക്ക് മാറ്റിയത്. ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Exit mobile version