Site iconSite icon Janayugom Online

പ്രിയങ്കയ്ക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി സിങിനെയും ആക്ഷേപിച്ച് ബിജെപി നേതാവ് രമേഷ് ബിധുരി

ഡല്‍ഹി മുഖ്യമന്ത്രി അതിഷി സിങിനെ അധിക്ഷേപിച്ച് ബിജെപി നേതാവും കല്‍ക്കാജി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രമേഷ് ബിധുരി. പ്രിയങ്കാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പേയാണ് അതിഷിക്കെതിരെയും ഇദ്ദേഹം അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞത്.

അതിഷി അച്ഛനെ മാറ്റിയെന്ന രമേഷ് ബിധൂരിയുടെ വാക്കുകള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.ഡൽഹിയിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രമേഷ് ബിധൂരി. കുറച്ചുകാലം മുൻപുവരെ അതിഷിയുടെ പേരിനൊപ്പം മർലീനയെന്നായിരുന്നു ഉണ്ടായിരുന്നതെന്നും ഇപ്പോഴത് സിം​ഗ് എന്നാക്കിയെന്നും രമേഷ് പറഞ്ഞു. ഈ മർലീന ഇപ്പോൾ സിങ് ആയിരിക്കുകയാണ്. അവർ പേര് മാറ്റിയിരിക്കുകയാണ്. അഴിമതിക്കാരായ കോൺഗ്രസുമായി കൂട്ടുകൂടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ മക്കളോട് സത്യം ചെയ്തിരിക്കുകയാണ്. മർലീന തന്റെ പിതാവിനെപ്പോലും മാറ്റി. ഇത് ആം ആദ്മി പാർട്ടിയുടെ സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ നിരവധി ധീര സൈനികരെ ഇല്ലായ്മചെയ്ത അഫ്സൽ ​ഗുരുവിന്റെ വധശിക്ഷ നടത്തരുതെന്നാവശ്യപ്പട്ട് ദയാഹർജി നൽകിയവരാണ് അതിഷി മർലീനയുടെ മാതാപിതാക്കൾ. 

അങ്ങനെയുള്ളവരെ പിന്തുണയ്ക്കണോ എന്ന് ഡൽഹിയിലെ ജനങ്ങളോട് എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്. രമേഷ് ബിധൂരി കൂട്ടിച്ചേർത്തു. നാണക്കേടിന്റെ എല്ലാ അതിർ വരമ്പുകളും ബിജെപി നേതാക്കൾ ലംഘിക്കുകയാണെന്നാണ് അരവിന്ദ് കെജ്രിവാൾ ഈ പരാമർശത്തോട് പ്രതികരിച്ചത്. ഒരു വനിതാ മുഖ്യമന്ത്രിക്കുനേരെ നടത്തിയ ഈ പ്രസ്താവന ഡൽഹിയിലെ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഡൽഹിയിലെ എല്ലാ സ്ത്രീകളും ഇതിന് പ്രതികാരം ചെയ്യണമെന്നും എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

ഈയിടെയാണ് പ്രിയങ്കാ ​ഗാന്ധിക്കെതിരെയും രമേഷ് ബിധൂരി മോശം പരാമർശം നടത്തിയത്. വരുന്ന തിരഞ്ഞെടുപ്പിൽ താൻ ജയിച്ചുകഴിഞ്ഞാൽ തന്റെ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ​ഗാന്ധിയുടെ കവിളുകൾ പോലെയാക്കും എന്നായിരുന്നു രമേഷ് പറഞ്ഞത്. നിരവധി കോൺ​ഗ്രസ് നേതാക്കളാണ് ഇതിനെതിരെ രൂക്ഷ വിമർശനവുമായെത്തിയത്.

Exit mobile version