Site iconSite icon Janayugom Online

ആർസിബിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസും വില്പനയ്ക്ക് !

ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനെ വില്‍ക്കാൻ ഉടമസ്ഥരായ ഡിയാഗോ തീരുമാനിച്ചത് അടുത്തിടെയാണ്. മദ്യബിസിനസിൽ പൂർണമായി ശ്രദ്ധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കമ്പനിയുടെ തീരുമാനം. ഇപ്പോഴിതാ മറ്റൊരു ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് വില്പനയ്ക്ക് വച്ചിരിക്കുന്നു. ഐപിഎല്ലിലെ മറ്റൊരു ടീമായ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കെയുടെ സഹോദരൻ ഹർഷ ഗോയങ്കെയാണ് രാജസ്ഥാൻ റോയൽസ് വില്പനയ്ക്കൊരുങ്ങുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസൺ കഴിഞ്ഞ സീസൺ വരെ കളിച്ച ടീമാണ് രാജസ്ഥാൻ റോയൽസ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലാണ് വില്പന സംബന്ധിച്ച വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്. രാജസ്ഥാൻ റോയൽസ് വില്പനയ്ക്ക് വച്ചിരിക്കുകയാണെന്നും പൂനെ, അഹമ്മദാബാദ്, മുംബൈ, ബംഗളൂരു, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ടീമിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. റോയൽസ് സ്പോർട്സ് ഗ്രൂപ്പിന്റെ കൈവശമാണ് രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയുടെ 65 ശതമാനം ഓഹരികളും. ലാക്ലാൻ മർഡോക്, റെഡ്ബേർസ് ക്യാപ്പിറ്റൽ തുടങ്ങിയവർക്കും ഓഹരി പങ്കാളിത്തമുണ്ട്. 

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഫ്രാഞ്ചൈസികളെല്ലാം ലാഭത്തിലാണ്. ഐപിഎൽ ടീമുകളുടെ ബ്രാൻഡ് വാല്യു അതിന്റെ പാരമ്യത്തിലാണെന്നും ഇനിയും കൂടില്ലെന്നും അടുത്തിടെ വിവിധ റിപ്പോർട്ടുകളും പഠനങ്ങളും അടിവരയിട്ടിരുന്നു. ഓൺലൈൻ മണി ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനവും ഐപിഎൽ വരുമാനത്തെ ബാധിച്ചിരുന്നു. ഡ്രീം ഇലവൻ ഉൾപ്പെടെയുള്ള ഗെയിമിങ് കമ്പനികളാണ് ഒട്ടുമിക്ക ടീമുകളുടെയും പ്രധാന സ്പോൺസർമാരായി എത്തിയിരുന്നത്. വരും സീസണുകളിൽ ടീമുകളുടെ വരുമാനം കുറയാനുള്ള സാധ്യതയുണ്ട്. ഐപിഎൽ ടിക്കറ്റുകളുടെ ജിഎസ്‌ടി നിരക്കുകൾ 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി വർധിപ്പിച്ചതും ടീമുകൾക്ക് തിരിച്ചടിയാണ്. 1,000 രൂപയുടെ ടിക്കറ്റിന് കഴിഞ്ഞ സീസൺ വരെ നികുതി ഉൾപ്പെടെ 1,280 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്. എന്നാൽ അടുത്ത സീസൺ മുതൽ 1,400 രൂപ കൊടുക്കേണ്ടി വരും. ഇത് ടീമുകളുടെ ടിക്കറ്റ് വരുമാനത്തെ ബാധിക്കും. ഉയർന്ന മൂല്യത്തിൽ നിൽക്കുമ്പോൾ ടീമുകളെ വിറ്റൊഴിവാക്കുകയെന്ന തന്ത്രമാണ് നിക്ഷേപകരിൽ നിന്നുണ്ടാകുന്നത്. കൂടുതൽ ടീമുകൾ വില്‍ക്കാന്‍ വയ്ക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Exit mobile version