യുക്രൈനിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി അഫ്‌നാന്‍ വീട്ടിലെത്തി. തൂക്കുപാലം സ്വദേശിനി അഫ്നാന്‍ ഷംസ് യുദ്ധഭൂമിയില്‍ നിന്നും ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീട്ടിലെത്തിയത്. തൂക്കുപാലം മുത്തേരില്‍ ഷംസിന്റെയും ഭാര്യ ബീനയുടെയും മൂത്തമകള്‍ അഫ്നാന്‍ യുക്രൈനിലെ സപ്രോഷെ നഗരത്തില്‍ സപ്രോഷെസ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്. യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ അബുദാബിയില്‍ ഡ്രൈവറായ ഷംസും വീട്ടമ്മയായ ബീനയും ആശങ്കയിലായിരുന്നു. യുദ്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ നാല് മാസം മാത്രം അവശേഷിക്കുന്നതിനാല്‍ അവിടെ പിടിച്ച് നില്‍ക്കാനായിരുന്നു അഫ്നാന്റെ തീരുമാനം. എന്നാല്‍ സപ്രോഷെയില്‍ റഷ്യയുടെ ആദ്യത്തെ മിസൈല്‍ പതിച്ചതോടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. അഫ്നയും കൂട്ടുകാരും ബങ്കറില്‍ അഭയം പ്രാപിച്ചു.
വെറും നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പഠനം തുടര്‍ ജീവിതം എല്ലാം പ്രതീക്ഷകള്‍ മാത്രമാക്കി നഗരം വിട്ടു. ആക്രമണത്തിന്റെ ശക്തിയേറിയതോടെ യൂണിവേഴ്സിറ്റി ഇടപെട്ട് പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്ത് വിദേശീയരായ വിദ്യാര്‍ഥികളെയെല്ലാം ഹംഗറി അതിര്‍ത്തിയില്‍ എത്തിച്ചിരുന്നു. അഫ്നാന്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കി. അവിടെ നിന്നും വിമാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലും തുടര്‍ന്ന് ഡല്‍ഹിയില്‍ കേരളാ ഹൗസിലും എത്തി. അവിടെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം അടക്കം എല്ലാവിധ സൗകര്യങ്ങളും കേരളാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാത്രി 10.30ന് ഡല്‍ഹിയില്‍ നിന്നും വിമാനം കയറിയ ഇവര്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി ഇവിടെനിന്നും ബന്ധുക്കളോടൊപ്പം രാവിലെ 5.30ന് തൂക്കുപാലത്തെ വീട്ടിലെത്തി. 2016ലാണ് സപ്രോഷെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അഫ്ന പ്രവേശനം നേടിയത്. നാല് മാസം കൊണ്ട് പൂര്‍ത്തിയക്കേണ്ട കോഴ്‌സ് അനിശ്ചിതത്വത്തിലായതിന്റെ ആശങ്ക മാത്രമാണ് ഈ വിദ്യാര്‍ത്ഥിക്കിപ്പോള്‍ ഉള്ളത് . വായ്പയെടുത്തും മറ്റുമാണ് മാതാപിതാക്കള്‍ മെഡിസിന് അയച്ചത്, ഇനി എന്ന് ഈ പഠനം പൂര്‍ത്തിയാകുമെന്ന് അറിയില്ല അതാണ് അഫ്‌നാന്റെ ആശങ്ക.
English Summary: After the first missile landed, Afnan was worried about how to turn around and about the battlefield of Ukraine …
You may like this video also