ഗല്‍വാന്‍ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക്, അക്സായി ചിന്‍ മേഖലകളില്‍ ചൈന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ അതിര്‍ത്തിയുമായി ഏറ്റവും അടുത്തുള്ള ചൈനീസ് ഭൂമിയില്‍ എല്ലാ കാലാവസ്ഥകളെയും ചെറുക്കാന്‍ കഴിയുന്ന രീതിയിലുള്ള സ്ഥിരം പ്രതിരോധ സംവിധാനങ്ങള്‍ ചൈന നിര്‍മ്മിച്ചുകഴിഞ്ഞതായി ദ വാര്‍സോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്സായി ചിന്‍ ഉള്‍പ്പെടെയുള്ള പ്രധാന അതിര്‍ത്തി മേഖലകളിലേക്ക് എത്തിച്ചേരാനായി ചൈന പാലങ്ങളും റോഡുകളും നിര്‍മ്മിച്ചുവരികയാണ്. 2020ല്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ‑ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നത് വരെ ഇരുരാജ്യങ്ങളും പട്രോളിങ് നടത്തിയിരുന്ന മേഖലയാണ് ഡെപ്സാങ് സമതലം. ഇവിടെയും ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അതിശൈത്യത്തെ നേരിടാന്‍ ഏതുകാലാവസ്ഥയെയും പ്രതിരോധിക്കാന്‍ കഴിയുന്ന സ്ഥിരം താവളങ്ങളും ടെന്റുകളുമാണ് പ്രധാനമായും ഈ മേഖലയിലുള്ളത്.
ടിബറ്റിലും സിന്‍ജിയാങിലുമായി മൂന്ന് വ്യോമതാവളങ്ങള്‍ നിര്‍മ്മിക്കുകയും നവീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് അതിര്‍ത്തിയിലേക്കുള്ള റോഡുകള്‍ നന്നാക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. സൈനിക ഒളിത്താവളങ്ങളും വെടിക്കോപ്പുകള്‍ സംഭരിക്കുന്നതിനുള്ള കേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍ സംവിധാനത്തിലൂടെ സ്വീകരിക്കുന്ന സൗരോര്‍ജ്യമാണ് ക്യാമ്പുകളില്‍ വൈദ്യുതിക്ക് പകരം ഉപയോഗിക്കുന്നത്.
ഇന്ത്യ തന്ത്രപ്രധാന അതിര്‍ത്തി മേഖലയിലൂടെ 255 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദർബുക് – ഷ്യോക് – ദൗലത് ബേഗ് ഓൾഡി (ഡിഎസ്ഡിബിഒ) റോഡ് നിര്‍മ്മിച്ചതാണ് ചൈനയെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്. ഡെപ്സാങ്, ഗൽവാൻ, കാരക്കോറം ചുരം എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ സേനാ നീക്കം വേഗത്തിലാക്കാൻ റോഡ് സഹായിക്കും. അതിർത്തിയോടു ചേർന്നുള്ള ഇന്ത്യയുടെ മുൻനിര വ്യോമതാവളം സ്ഥിതി ചെയ്യുന്നത് ദൗലത് ബേഗ് ഓൾഡിയിലാണ്.
English Summary: After the Galwan incident, construction activities along the border have been stepped up
You may like this video also