Site iconSite icon Janayugom Online

മോഡി ഷോയ്ക്ക് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

വംശീയ കലാപം കെട്ടടങ്ങാത്ത മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യാത്രയ്ക്കുപിന്നാലെ സംഘര്‍ഷം. മോഡിയുടെ യാത്രയ്ക്ക് ഒരുക്കിയ അലങ്കാരങ്ങള്‍ തകര്‍ത്തെന്ന് ആരോപിച്ച് ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്ന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സുരക്ഷാസേനയും സോമി യുവാക്കളും ഏറ്റുമുട്ടി.
പിയേഴ്സന്‍മുന്‍, ഫയിലിയന്‍ ബസാര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന നിരവധി ബാനറുകളും കട്ടൗട്ടുകളും അജ്ഞാതര്‍ നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി യുവാക്കളെ പിടികൂടി ചോദ്യം ചെയ്ത് വിട്ടയച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരെ ഉടന്‍ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവാക്കള്‍ ചുരാചന്ദ്പൂര്‍ പൊലീസ് സ്റ്റേഷന് സമീപം പ്രതിഷേധിച്ചത്. നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തിലെത്തുകയായിരുന്നു.
സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. മണിപ്പൂരിനെ സമാധാനത്തിന്റെ പ്രതീകമാക്കുമെന്ന മോഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മൂന്നുദിവസത്തിനുള്ളില്‍ ചുരാചന്ദ്പൂരിലുണ്ടായ രണ്ടാമത്തെ സംഘര്‍ഷമാണിത്. പൊലീസ് സ്റ്റേഷന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന പിയാസന്‍മുന്‍ ഗ്രാമത്തില്‍ അലങ്കാരങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ഇത് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തിരുന്നു.
മോഡിയുടെ യാത്ര പ്രതീക്ഷയോ ആശ്വാസമോ നൽകുന്നതല്ലെന്നും മണിപ്പൂർ ജനത പറയുന്നു. 28 മാസം സംസ്ഥാനത്തേയ്ക്ക് തിരിഞ്ഞുനോക്കാതെ അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ക്കും വിവിഐപി സ്വീകരണങ്ങള്‍ക്കും പ്രധാന്യം നല്‍കിയിരുന്ന മോഡി ഒടുവില്‍ മണിപ്പൂരിലെത്തിയപ്പോഴും സമാധാന ശ്രമങ്ങള്‍ക്ക് കാര്യമായ ശ്രമം നടത്തിയില്ലെന്ന് കുക്കി സംഘടനകള്‍ ചൂണ്ടിക്കാട്ടി. മോഡിയുടെ യാത്ര ഗുണം ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയ മെയ്തി വനിതാ സംഘടനയായ ഇമാഗി മെയ്ര, പത്ത് ദിവസത്തിനകം സാധാരണ ജനങ്ങളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടു.
7,300 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മോഡി ചുരാചന്ദ്പൂരില്‍ തുടക്കമിട്ടിരിക്കുന്നത്. നൂറുകണക്കിന് ക്രൈസ്തവ ആരാധനാലയങ്ങൾ അടക്കം ആക്രമിക്കപ്പെട്ടിട്ടും കൃത്യമായ പുനരധിവാസ പദ്ധതികൾ മോഡി പ്രഖ്യാപിച്ചില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാനും സാധാരണനിലയിലേക്ക് സംസ്ഥാനത്തെ മാറ്റാനുമുള്ള ശ്രമങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ മോഡിയുടെ യാത്ര തിരിച്ചടിയായിരിക്കുകയാണ്.
സമാധാനം പുനസ്ഥാപിക്കാന്‍ കുക്കി-മെയ്തി വിഭാഗക്കാരുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാവാത്ത പ്രധാന മന്ത്രി മണിപ്പൂരില്‍ സമാധാനം പുലരണമെന്നു മാത്രം ആഹ്വാനം ചെയ്ത് മടങ്ങുകയായിരുന്നു. മണിപ്പൂരിലെ ആദിവാസികള്‍ക്ക് പ്രത്യേക ഭരണസംവിധാനമോ കേന്ദ്രഭരണ പ്രദേശമോ പരിഗണിക്കണമെന്ന് കുക്കി-സോ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പത്ത് എംഎല്‍എമാര്‍ മോഡിക്ക് നിവേദനം നല്‍കിയിരുന്നു.

Exit mobile version