ഉള്ള്യേരി സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചതിനു പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.
എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35) യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അശ്വതിയുടെ ഗർഭസ്ഥശിശു വ്യാഴാഴ്ച പുലർച്ചെ മരിച്ചിരുന്നു. പ്രസവവേദന വരാനായി ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. തുടർന്ന് സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും പറഞ്ഞു. പിന്നീട് പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്നും ഇത് നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും അധികൃതർ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഗർഭപാത്രം നീക്കം ചെയ്തതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായ അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
പിന്നീട് വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് ബന്ധുക്കൾ അമ്മയും കുഞ്ഞും മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് അത്തോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.