Site iconSite icon Janayugom Online

ആംആദ്മി പ്രവര്‍ത്തകരുടെ സന്ദര്‍ശനത്തിന് പിന്നാലെ ഗംഗാജലം കൊണ്ട് രാജ്ഘട് ശുചീകരിച്ച് ബിജെപി

ആംആദ്മി പ്രവര്‍ത്തകരുടെ സന്ദര്‍ശനത്തിന് പിന്നാലെ രാജ്ഘട് ശുചീകരിച്ച് ബിജെപി. ഗംഗാജലം തളിച്ചാണ് ബിജെപിയുടെ രാജ്ഘട് ശുചീകരണം.കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി എല്ലാ എംഎല്‍എമാരേയും വിളിച്ച് ചേര്‍ത്തിരുന്നു.

യോഗത്തില്‍ നേരിട്ടും ഫോണിലൂടെയും എംഎല്‍എമാര്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയായിരുന്നു.ഇതിന് പിന്നാലെ ബിജെപിയുടെ ഓപ്പറേഷന്‍ താമര പാളിപ്പോയെന്ന് ചൂണ്ടിക്കാട്ടി ബിജെപി തന്ത്രത്തിന് അനുശോചനമറിയിക്കാന്‍ എഎപി രാജ്ഘട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഘട് ഗംഗാജലം തളിച്ച് ശുചിയാക്കി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.അരവിന്ദ് കെജ്രിവാള്‍ ജോസഫ് ഗീബല്‍സിന് തുല്യമാണെന്നും ബിജെപി ആരോപിച്ചു. 

നിരന്തരം കള്ളങ്ങള്‍ പറയുന്ന ആളാണ് കെജ്രിവാള്‍ എന്നും ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട് സന്ദര്‍ശിച്ച് എഎപി നേതാവ് കെജ്രിവാള്‍ സ്ഥലം അശുദ്ധമാക്കിയെന്നും ബിജെപി ആരോപിച്ചു. യതാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള എഎപിയുടെ തന്ത്രമാണ് ബിജെപി പണം വാഗ്ദാനം ചെയതുവെന്ന് പറയുന്നതെന്നും അവര്‍ ആരോപിച്ചു.

ബിജെപിയില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതായി കഴിഞ്ഞ ദിവസം എഎപി വ്യക്തമാക്കിയിരുന്നു.പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇ.ഡിയുടേയും സിബി.ഐയുടേയും റെയ്ഡുകള്‍ നേരിടാന്‍ തയ്യാറായിക്കോളൂവെന്നും ബിജെപി ഭീഷണിപ്പെടുത്തിയതായി എഎപി പ്രവര്‍ത്തകര്‍ ആരോപിച്ചു

ഈ റെയ്ഡുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വരെ തുടരുമെന്നും എഎപി പറഞ്ഞു.ആം ആദ്മിയുടെ 62 എംഎല്‍എമാരില്‍ 35പേരെയും ബിജെപി സമീപിച്ചെന്നും പണം വാഗ്ദാനം ചെയ്തെന്നുമാണ് ആം ആദ്മി ആരോപിക്കുന്നത്. ബിജെപിയില്‍ ചേരുന്ന ഓരോരുത്തര്‍ക്കും 20 കോടിയായിരുന്നു ബിജെപിയുടെ വാഗ്ദാനം

മറ്റുള്ളവരെയും ബിജെപിയിലേക്ക് എത്തിക്കുന്നവര്‍ക്ക് 25കോടിയും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.മാല്‍വിയ നഗറിലെ മോംനാഥ് ഭാരതി, ബുരാരിയിലെ സഞ്ജീവ് ഝാ, അംബേദ്കര്‍ നഗറിലെ അജയ് ദത്ത് തുടങ്ങിയവരാണ് വാഗ്ദാനങ്ങളുമായി എത്തിയതെന്നും ആം ആദ്മി വ്യക്തമാക്കുന്നു.

Eng­lish sum­ma­ry: After the vis­it of Aam Aad­mi work­ers, BJP cleaned Rajghat with Gan­ga water

You may also like this video:

Exit mobile version