Site iconSite icon Janayugom Online

ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാന വിഹിതം

ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ സഹായം. എറണാകുളം ബൈപാസ് (എന്‍എച്ച് 544), കൊല്ലം-ചെങ്കോട്ട (എന്‍എച്ച് 744) പാതകളുടെ നിർമ്മാണത്തിനാണ് സംസ്ഥാന പങ്കാളിത്തത്തിൽ തീരുമാനമായത്. രണ്ടു പാതകളുടെ നിർമ്മാണത്തിനും ജിഎസ്‌ടി വിഹിതവും, റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. ഈ നിർമ്മാണങ്ങൾക്ക് 741.35 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക.
44.7 കിലോമീറ്റർ ദൈർഘ്യം വരുന്ന എറണാകുളം ബൈപാസ് ദേശീയപാത 544ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപാസിന് വേണ്ടി മാത്രം 424 കോടി രൂപ സംസ്ഥാനത്തിന് ബാധ്യത ഉണ്ടാകും. എന്‍എച്ച് 744ൽ 61.62 കിലോമീറ്ററിൽ കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് പാത നിർമ്മാണത്തിന് ജിഎസ്‌ടി വിഹിതവും, റോയൽറ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടി വരും. 

സംസ്ഥാന സർക്കാരിന്റെ ഉത്തരവോടെ രണ്ടുദേശീയ പാതകളുടെയും നിർമ്മാണപ്രവർത്തനങ്ങൾക്ക് വേഗം കൂടും. നേരത്തെ ദേശീയപാത 66 ന്റെ വികസനത്തിന് സംസ്ഥാനം 5,580 കോടി രൂപ നല്‍കിയിരുന്നു. ദേശീയ പാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത അതോറിട്ടിയുമായി ചേർന്ന് പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. 

ലോകോത്തര നിലവാരത്തില്‍ പരിസ്ഥിതി സൗഹൃദമായാണ്‌ സംസ്ഥാനത്തിന്റെ പശ്ചാത്തലവികസനം മുന്നോട്ടു പോകുന്നത്. ദേശീയ പാതാ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്‌ 25 ശതമാനം തുക വഹിക്കാനുള്ള തീരുമാനം എടുത്തതോടെ വികസനരംഗത്ത് വലിയ മാറ്റമുണ്ടായി. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാന സർക്കാർ ദേശീയപാതാ വികസനത്തിന്‌ ഫണ്ട്‌ ചെലവഴിക്കുന്നത്‌.
യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച പദ്ധതിയായ ദേശീയ പാത 66 എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലില്‍ യാഥാര്‍ത്ഥ്യമായി. 45 മീറ്റർ വീതിയിൽ നിർമ്മാണം അടുത്തവർഷം പൂർത്തീകരിക്കും. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചു. ഇതിനായി കേരളം 5580.73 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. കഴക്കൂട്ടം എലവേറ്റഡ്‌ ഹൈവേ, കോവളം ‑കാരോട്‌ ബൈപാസ്‌, നീലേശ്വരം റെയില്‍വേ മേല്പാലം എന്നിവ തുറന്ന്‌ നൽകി. തലശേരി –മാഹിബൈപ്പാസ്‌, മൂരാട്‌ പാലം എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്‌.
17 പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്‌. അരൂർ‑തുറവൂർ എലവേറ്റഡ്‌ ഹൈവേയുടെ നിർമ്മാണം നടക്കുന്നു. മലയോര ഹൈവേ നിർമ്മാണം എട്ട് ജില്ലകളിലായി ഇതുവരെ 133.68 കി.മീ പൂർത്തിയായി. തീരദേശ പാതയുടെ നിർമ്മാണ പ്രവൃത്തികളും ആരംഭിച്ചു. ഇടപ്പള്ളി– അരൂർ എലവേറ്റഡ്‌ ഹൈവേയും പരിഗണനയിലുണ്ട്. 

Eng­lish Sum­ma­ry: Again state allo­ca­tion for nation­al high­way development

You may also like this video

Exit mobile version