Site iconSite icon Janayugom Online

വര്‍ഗീയ പ്രീണന നയങ്ങള്‍ക്കെതിരെ കരുതിയിരിക്കുക

രാജ്യത്ത് അടുത്തിടെ പല സംസ്ഥാനങ്ങളിലും ഉണ്ടായ വര്‍ഗീയ പ്രീണന നയങ്ങള്‍ക്കെതിരെ കരുതിയിരിക്കാന്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷിനേതാക്കള്‍ ആഹ്വാനം ചെയ്തു. വര്‍ഗീയ കലാപങ്ങളെ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു. ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഭാഷയുടെയും പേരില്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടികള്‍ എടുക്കാത്തത് അവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ്.

സമൂഹ മാധ്യമങ്ങള്‍ വഴിയും ഇത്തരത്തില്‍ വിദ്വേഷവും മുന്‍വിധികളും പ്രചരിപ്പിക്കുന്നത് തടയാന്‍ കാര്യമായ നടപടികള്‍ ഇല്ലെന്നത് വേദനാജനകമാണെന്ന് പ്രസ്താവനയില്‍ പറ‍ഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടന്ന സ്ഥലങ്ങളിലാണ് വര്‍ഗീയ കലാപങ്ങള്‍ കൂടുതലായി ഉണ്ടായത് എന്നത് കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ സായുധരായ ആളുകളെ തിരുകിക്കയറ്റി അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഞെട്ടല്‍ ഉളവാക്കുന്നു. ഇക്കാര്യത്തില്‍ തുടരുന്ന മൗനം ഈ വിഭാഗത്തിന് ഔദ്യോഗിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളുടെ ഒത്തൊരുമയും ഐക്യവുമാണ് രാജ്യത്തെ നൂറ്റാണ്ടുകളായി മുന്നോട്ടു നയിച്ചത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങിയ വിഷലിപ്തമായ ആശയങ്ങളെ ശക്തമായി എതിര്‍ക്കണം.

നാനാത്വം അതിന്റെ പൂര്‍ണ തലത്തില്‍ ബഹുമാനിക്കാനും ഉള്‍ക്കൊള്ളാനും ആഘോഷിക്കാനും കഴിഞ്ഞാല്‍ മാത്രമേ രാജ്യത്തിന് വളരാന്‍ കഴിയൂ. രാജ്യത്ത് വര്‍ഗീയ വിഭജനത്തിന് തുനിയുന്നവരെ മാറ്റി നിര്‍ത്താന്‍ നടപടികള്‍ വേണം. രാജ്യത്തെ സമാധാനവും ഐക്യവും മടക്കിക്കൊണ്ടുവരാന്‍ പാര്‍ട്ടി ഘടകങ്ങള്‍ സ്വതന്ത്രമായും സംയുക്തമായും പ്രവര്‍ത്തിക്കണമെന്നും പ്രസ്താവന ആഹ്വാനം ചെയ്തു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ടിഎംസി നേതാവ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ജെഎംഎം എക്‌സിക്യൂട്ടീവ് അധ്യക്ഷന്‍ ഹേമന്ത് സോറന്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഐയുഎംഎല്‍ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

Eng­lish summary;Against com­mu­nal appease­ment poli­cies; Be careful

You may also like this video;

Exit mobile version