Site iconSite icon Janayugom Online

പ്രായം നമ്പർ മാത്രം; പത്മിനി-പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ എ പ്ലസുകളുമായി പത്മിനി

പ്രായംഒരു നമ്പർ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് പത്മിനി. വിദ്യാഭ്യാസത്തിന് പ്രായം തടസമേയല്ലെന്ന് പത്മിനി(64) ലൂടെയും തെളിഞ്ഞുകഴിഞ്ഞു. പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ 3 വിഷയങ്ങൾക്ക് എ പ്ലസ് നേടി ഏറ്റവും കൂടുതൽ പ്രായമുള്ള പഠിതാവായി മാറിയിരിക്കുകയാണ് ഈ വയോധിക. പുന്നപ്ര തെക്ക് പഞ്ചായത്ത് സിന്ദൂര ജംഗ്ഷന് സമീപം അനുപാ ഭവനിൽ പത്മിനി (64) യാണ് പ്രായത്തെയും അതിജീവിച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയത്. വെറും ആറാം ക്ലാസ് വരെ മാത്രം പഠിച്ച പത്മിനിയുടെ രണ്ട് പെൺമക്കളിലൊരാൾ അയർലണ്ടിൽ ബിഎസ് സി നേഴ്സും മറ്റൊരാൾ ദുബായിൽ കമ്പനിയിൽ ഉന്നതഉദ്യോഗസ്ഥയുമാണ്. കുടുംബ ശ്രീ പ്രവർത്തകയായ പത്മിനി ബാങ്കിലും മറ്റ് സർക്കാർ ഓഫീസുകളിലും ഭയപ്പാടോട് കൂടിയാണ് പോയിരുന്നത്. വിദ്യാഭ്യാസത്തിന്റെ കുറവ് മൂലം മനസ് വേദനിച്ചതോടെയാണ് 63-ാം വയസിൽ അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്കൂളിൽ ഏഴാം തരം തുല്യതാ പഠനത്തിന് ചേർന്നത്. 10 മാസം നീണ്ടു നിന്ന ഈ പഠനത്തിൽ മികച്ച വിജയം ലഭിച്ചിരുന്നു. 

തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് പത്താം തരം തുല്യതാ പരീക്ഷയെഴുതിയത്. 76 പേരായിരുന്നു ഇവിടെ പത്താം തരം പഠിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പ്രായം പത്മിനിക്കായിരുന്നു. ഈ പരീക്ഷയിൽ ഈ മുത്തശ്ശിക്ക് കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങളിൽ എ പ്ലസും മറ്റ് വിഷയങ്ങളിൽ എ, ബി ഗ്രേഡുകളും ലഭിച്ചു. എല്ലാ ഞായറാഴ്ചയും സർക്കാർ അവധി ദിവസങ്ങളിലും നടന്ന ക്ലാസുകളിൽ ഒരു ദിവസം പോലും പത്മിനി എത്താതിരുന്നിട്ടില്ല. തന്റെ ഈ വിജയത്തിന് കടപ്പെട്ടിരിക്കുന്നത് അധ്യാപകൻ പ്രകാശനോടും പിന്നെ തന്നെ ഇതിനായി അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച ഭർത്താവിനോടും മക്കളോടുമാണെന്ന് പത്മിനി പറയുന്നു. ഉറക്കമിളച്ച് പഠിച്ചതിന്റെ പ്രയോജനം ഫലം വന്നപ്പോൾ ഉണ്ടായി. ഇനി പ്ലസ് ടുവും ഡിഗ്രിയും പഠിച്ച് പാസാകണമെന്നുള്ള ആഗ്രഹത്തിലാണ് പത്മിനി

Exit mobile version