Site iconSite icon Janayugom Online

പ്രക്ഷോഭങ്ങള്‍ വ്യാപകമാക്കണം; കരുത്തരാകണം

communistcommunist

ന്ന് നാം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നിസാരമല്ല. അത് മനസിലാക്കണമെങ്കില്‍ ദേശീയ — അന്തര്‍ദേശീയ തലങ്ങളിലെ അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. സമ്പത്ത് ഉല്പാദിപ്പിക്കുവാന്‍ അഹോരാത്രം പണിപ്പെടുന്ന ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ ദുരിതത്തിലാഴ്ന്ന ഈ കാലഘട്ടത്തില്‍ ആഗോള കുത്തകകളും മുതലാളിത്ത വര്‍ഗവും സമ്പത്ത് വാരിക്കൂട്ടിയതിന്റെ നേര്‍ചിത്രം ലോക സാമ്പത്തിക ഫോറത്തിന്റെ ഡാവോസ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട അസമത്വ സര്‍വേ നമുക്ക് കാട്ടിത്തന്നു. ‘ഓക്സഫാം ഇന്ത്യ’യുടെ റിപ്പോര്‍ട്ട് അതിന്റെ ഭാഗമാണ്.

ഇന്ത്യയിലെ 10 അതിസമ്പന്നരുടെ സ്വത്ത് ഉപയുക്തമാക്കിയാല്‍ അടുത്ത കാല്‍നൂറ്റാണ്ട് കാലം ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസമടക്കമുള്ള വിദ്യാഭ്യാസം സൗജന്യമായി നല്കാന്‍ കഴിയും. 98 അതി സമ്പന്നരുടെ വരുമാനം സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള 55.2 കോടി ജനങ്ങളുടെ വരുമാനത്തിന് തുല്യമാണ്. 84 ശതമാനം കുടുംബങ്ങളുടെയും വരുമാനം കുത്തനെ കുറഞ്ഞു. അതേസമയം ശതകോടീശ്വരന്മാരുടെ എണ്ണം കൂടി. അവരുടെ ക്ലബ്ബിലെ അംഗസംഖ്യ 142 ആയി ഉയര്‍ന്നു. അവരുടെ ഇന്നത്തെ ആസ്തി 728 ബില്യണ്‍ ഡോളറാണ്. ആരോഗ്യരംഗത്തെ നിക്ഷേപം കുറഞ്ഞതുകാരണം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ആരോഗ്യം വഷളായി.

ഓക്സ്ഫാമിന്റെ ‘അസമത്വ വൈറസ്’ എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന ചില വസ്തുതകള്‍ ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ 142 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 719 ബില്യണ്‍ ഡോളറാണ് (ഉദ്ദേശം 53 ലക്ഷം കോടി രൂപ). ഇന്ത്യയിലെ 10 ശതകോടീശ്വരന്മാര്‍ ഒരു ദശലക്ഷം ഡോളര്‍ (ഉദ്ദേശം എട്ട് കോടി രൂപ) ദിനം പ്രതി ചെലവാക്കിയാലും 84 വര്‍ഷങ്ങള്‍ ചെലവഴിക്കാനുള്ള പണം അവരുടെ പക്കലുണ്ട്. സമ്പന്നരില്‍ നിന്നും സ്വത്ത് നികുതി ഈടാക്കുകയാണെങ്കില്‍ അതുവഴി 78 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കും. ഉല്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ 45 ശതമാനവും കയ്യടക്കുന്നത് രാജ്യത്തെ 10 ശതമാനം വരുന്ന സമ്പന്ന വര്‍ഗമാണ്. 50 ശതമാനത്തോളം വരുന്ന പാവപ്പെട്ടവരുടെ വരുമാനവിഹിതം കേവലം ആറ് ശതമാനം മാത്രമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി 2021 ലെ ബജറ്റില്‍ വകയിരുത്തിയ തുക രാജ്യത്തെ ഏറ്റവും വരുമാനം കൂടിയ 10 അതി സമ്പന്നന്മാരുടെ വരുമാനത്തിന് തുല്യവും.


ഇതുകൂടി വായിക്കൂ: ഓര്‍മ്മ പുതുക്കാം; നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി


10 കോടി രൂപയ്ക്കുമേലുള്ള വരുമാനത്തിന്മേല്‍ രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ ആരോഗ്യ മന്ത്രാലയത്തിന്റ ബജറ്റ് വിഹിതം 121 ശതമാനം കണ്ട് വര്‍ധിപ്പിക്കാം.

98 കോടീശ്വരന്മാരുടെ വരുമാനം രാജ്യത്തെ ബജറ്റിന്റെ 41 ശതമാനത്തിലുമേറെയാണ്. ഇവരില്‍ നിന്നും നാലു ശതമാനം സ്വത്ത് നികുതി പിരിച്ചെടുത്താല്‍ അടുത്ത രണ്ടു വര്‍ഷക്കാലത്തെ ആരോഗ്യ മേഖലയിലെ മുഴുവന്‍ ചെലവുകളും വഹിക്കാന്‍ കഴിയും. ഒരു ശതമാനം സ്വത്ത് നികുതി ഈടാക്കിയാല്‍ രാജ്യത്തെ മുഴുവന്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടി വരുന്ന ചെലവ് വഹിക്കാനാവും. നാലു ശതമാനം സ്വത്ത് നികുതികൊണ്ട് രാജ്യത്തെ എല്ലാ സ്കൂളുകളിലെയും ഉച്ചഭക്ഷണ പദ്ധതി അടുത്ത 17 വര്‍ഷക്കാലം നടപ്പാക്കാം. അല്ലെങ്കില്‍ ‘സര്‍വശിക്ഷ അഭിയാന്‍’ പദ്ധതി അടുത്ത രണ്ടു വര്‍ഷക്കാലം നടത്താം. അതുമല്ലെങ്കില്‍ രാജ്യത്തെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന ‘മിഷന്‍ പോഷണ്‍ 2.0’ പദ്ധതിക്കാവശ്യമായ ഫണ്ട് സമാഹരിക്കാം.

മോഡി ഭരണം ഇന്ത്യയെ കൂടുതല്‍ കടക്കെണിയിലാക്കി. അതോടൊപ്പം രാജ്യത്തിന് പുറത്തേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കും വര്‍ധിച്ചു. 1948 നും 1980 നും ഇടയ്ക്ക് രാജ്യത്തെ കള്ളപ്പണത്തിന്റെ 10 ശതമാനം മാത്രമേ രാജ്യത്തിന് പുറത്തേക്ക് ഒഴുകിയിരുന്നുള്ളു. 1980 കളില്‍ കള്ളപ്പണം വര്‍ധിക്കുകയും ഒഴുക്ക് 18 ശതമാനമാവുകയും ചെയ്തു. നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിയ 90 കളില്‍ അത് 40 ശതമാനമായി ഉയര്‍ന്നു. ‍’ന കഹുംഗ, ന കഹ്നേ ദൂംഗ’ (ഞാന്‍ അഴിമതി ചെയ്യില്ല; ആരെയും അഴിമതി ചെയ്യാന്‍ അനുവദിക്കുകയുമില്ല) എന്ന് പ്രഖ്യാപിച്ച മോഡിയുടെ ഭരണകാലത്ത് വിദേശത്തേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് 62 ശതമാനമായി. കഴിഞ്ഞ ഏഴു വര്‍ഷക്കാലത്തെ മോഡിരാജില്‍ രാജ്യത്തെ കടം 142 ശതമാനം കണ്ട് വര്‍ധിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആദ്യ 87 വര്‍ഷക്കാലത്തെ മൊത്തം കടം 55,87,449 കോടിയായിരുന്നുവെങ്കില്‍ ഏഴു വര്‍ഷംകൊണ്ട് മോഡി സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയ 24,12,077 കോടി കൂടിച്ചേര്‍ന്നപ്പോള്‍ നമ്മുടെ കടം 79,99,526 കോടിയായി. നാം നല്കേണ്ട വാര്‍ഷിക പലിശ മാത്രം 8.1 ലക്ഷം കോടി രൂപ വരും.


ഇതുകൂടി വായിക്കൂ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം


കോവിഡ് കാലത്തിന് മുമ്പുതന്നെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇന്ത്യയുടെ സമ്പദ്ഘടന കോവിഡ് വ്യാപനത്തോടെ അതീവ ഗുരുതരാവസ്ഥയിലായി. രാജ്യത്തെ തൊഴിലില്ലായ്മ അഭൂതപൂര്‍വമായി വര്‍ധിച്ചു. കോവിഡിന് മുമ്പ് 7.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് വര്‍ധന ഇന്ന് 23 ശതമാനത്തിലെത്തി നില്ക്കുന്നു. കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓരോ ഒന്നര മണിക്കൂറിലും ഒരു തൊഴില്‍ രഹിതന്‍ ആത്മഹത്യ ചെയ്യുന്ന നാടായി ഇന്ത്യ മാറിയിരിക്കുന്നു.

കോവിഡ് കാലത്തെ അടച്ചുപൂട്ടലില്‍ 33 ശതമാനം ചെറുകിട വ്യവസായ സ്ഥാപനങ്ങളും ‘മരിച്ചു‘വെന്ന് വ്യവസായികളുടെ സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു 33 ശതമാനം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചുവെങ്കിലും അവര്‍ക്ക് മുമ്പത്തെ സ്ഥിതിയിലെത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം 24 തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചത്. അതോടെ മിക്ക വസ്തുക്കളുടെ വിലയും വര്‍ധിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് നാമിപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നു. സമൂഹത്തിലെ ജീവിതനിലവാരത്തിലും അസമത്വം ദൃശ്യമാണ്. 10 ശതമാനം വരുന്ന ധനവാന്മാരുടെ ജീവിത നിലവാരം ഒന്നിനൊന്ന് മെച്ചപ്പെടുമ്പോള്‍ 50 ശതമാനം വരുന്ന പാവങ്ങളുടേത് അനുദിനം തകരുകയാണ്. ധനികരും ദരിദ്രരും തമ്മിലുള്ള വരുമാനത്തിലെ വിടവ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും 80 വര്‍ഷം മുമ്പുള്ള നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു.

രക്ഷകര്‍ത്താക്കള്‍ക്ക് ജോലിയും വരുമാനവും നഷ്ടപ്പെട്ടതോടെ വിദ്യാഭ്യസം വഴിമുട്ടിയ കുട്ടികള്‍ ബാലവേല ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഈ സാഹചര്യം 49 ദശലക്ഷം കുഞ്ഞുങ്ങളെ ബാലവേലയിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്ന് ‘യൂനിസെഫി‘ന്റെ പഠനം വെളിപ്പെടുത്തുന്നു. 40 കോടി ഇന്ത്യക്കാര്‍ കൂടി പുതുതായി ദരിദ്രരുടെ പട്ടികയിലുള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന പ്രവചിക്കുന്നു. എന്നാല്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെയും ദുര്‍ഗതിയില്‍ മോഡി സര്‍ക്കാരിന് യാതൊരുവിധ ഉത്ക്കണ്ഠയുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ പാചകവാതക സബ്സിഡി നിഷേധിക്കുമായിരുന്നില്ല.


ഇതുകൂടി വായിക്കൂ: നൂറ്റാണ്ട് പിന്നിട്ട ആദ്യ തൊഴിലാളി പ്രസ്ഥാനം


അനുഭവങ്ങളില്‍ നിന്ന് മോഡി സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കുന്നില്ല. തങ്ങളുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് മോഡി സര്‍ക്കാര്‍ നല്കുന്ന സമ്മാനമാണ് ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റും. ദീര്‍ഘവീക്ഷണമുള്‍ക്കൊള്ളുന്നതെന്ന് വീമ്പിളക്കുന്ന ഈ ബജറ്റ് ഒരു പ്രഹസനം മാത്രമാണ്. ഓരോ കൊല്ലം പിന്നിടുമ്പോഴും ബജറ്റിന്റെ വില കളഞ്ഞുകുളിക്കുകയാണ് മോഡി സര്‍ക്കാര്‍. സര്‍ക്കാരിന്റെ ദേശവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലാളി വര്‍ഗത്തിനും അവരുടെ സംഘടനകള്‍ക്കുമെതിരെ ഭരണവര്‍ഗം രൂക്ഷമായി പ്രതികരിക്കുകയാണ്. എതിര്‍ക്കുന്നവരെ നിശബ്ദരാക്കുവാന്‍ അവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് യുഎപിഎ, എന്‍എസ്എ, എന്‍ഐഎ തുടങ്ങിയ കരിനിമയങ്ങള്‍ പ്രയോഗിക്കുന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ ഇഡി, സിബിഐ പോലുള്ള ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു, ന്യായാധിപന്മാരെപ്പോലും സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ജഡ്ജിമാരെയും എന്നുവേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനെ വരെ നിരീക്ഷിക്കാന്‍ പെഗാസസ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുവെന്ന കഥകള്‍ പുറത്തുവന്നതോടെ തങ്ങളെ എതിര്‍ക്കുന്നവരെ കുരുക്കാനായി സര്‍ക്കാര്‍ ചാരവൃത്തിപോലും നടത്തിയെന്ന വസ്തുത വെളിപ്പെട്ടു. കര്‍ഷകരെയും തൊഴിലാളികളെയും നിയമംകൊണ്ട് തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നു. ആര്‍എസ്എസ് — ബിജെപി നയങ്ങള്‍ തുറന്നുകാട്ടാനുമാണ് ഇന്നും നാളെയുമായി നടക്കുന്ന ദേശീയ പണിമുടക്ക്. അതില്‍ മുഴുവന്‍ അണിചേരണം.‍ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ വ്യാപകമാക്കണം.‍ കരുത്തരാകണം.

Exit mobile version