Site iconSite icon Janayugom Online

അഗ്നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ; പാര്‍ലമെന്റില്‍ തീപാറും

ഇന്ന് തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമാകും. അഗ്നിപഥ് പദ്ധതി, ഇന്ത്യ‑ചൈന അതിർത്തി പ്രശ്നങ്ങൾ, അശോകസ്തംഭവിവാദം, പണപ്പെരുപ്പം, വിലക്കയറ്റം, സ്ത്രീ സംവരണം, തൊഴിലില്ലായ്മ, വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യങ്ങൾ, ഇന്ധന വിലവർധന, വന നിയമത്തിലെ ഭേദഗതി, ഇഡി രാജ് തുടങ്ങിയവ ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷ തീരുമാനം. പുതിയ രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും തെരഞ്ഞെടുപ്പും ഈ സഭാ കാലയളവിൽ നടക്കും.

വാക്കുകൾക്കും പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയത് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടും. 24 പുതിയ ബില്ലുകൾ അവതരിപ്പിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. ഡിജിറ്റൽ മാധ്യമങ്ങൾക്ക് തടയിടാൻ വേണ്ടിയുള്ള ഡിജിറ്റൽ മീഡിയ ആക്ട്(പ്രസ് നിയമം 1867ന് പകരം) ആദ്യദിവസം പരിഗണിക്കും. ഇതും വനഭൂമി കോർപറേറ്റുകൾക്ക് തീറെഴുതുന്ന വന സംരക്ഷണം (ഭേദഗതി) ബില്ലുമായിരിക്കും ഏറ്റവുമധികം എതിർപ്പിനിടയാക്കുക.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കാര്യവും പ്രതിപക്ഷം ഉന്നയിക്കും. പ്രതിഷേധങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.

സഭയുടെ സുഗമമായ നടത്തിപ്പിനായി സ്പീക്കർ സർവകക്ഷിയോഗം വിളിച്ചിരുന്നു. വാക്കുകളുടെ നിരോധന വിഷയം യോഗത്തിൽ ഉയർന്നപ്പോള്‍ ഒരു വാക്കിനും വിലക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും സംസാരിക്കുമ്പോൾ എംപിമാർ ശ്രദ്ധിക്കണമെന്ന് സ്പീക്കര്‍ അഭ്യർത്ഥിച്ചു. ആർജെഡി ജാതി സെൻസസും വനിതാ സംവരണ ബില്ലിന്റെ വിഷയം ബിജെഡിയും ഉന്നയിച്ചു. എൻഡിഎയെ പിന്തുണയ്ക്കുന്ന പാർട്ടികളടക്കം വനാവകാശം ഹനിക്കുന്ന മോഡി സർക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയില്ലാതെ സര്‍വകക്ഷി യോഗം

സർവകക്ഷി യോഗത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിട്ടു നിന്നു. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെ അൺപാർലമെന്ററി എന്ന് വിശേഷിപ്പിക്കാമെന്ന് യോഗത്തിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ സുഗമമായ പ്രവർത്തനത്തിനായി രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത് പതിവാണ്. സര്‍വകക്ഷി യോഗങ്ങളില്‍ പ്രധാനമന്ത്രി പേരിനുപോലും പങ്കെടുത്തില്ലെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. മറ്റുള്ളവര്‍ക്ക് വിലക്കുണ്ടെങ്കിലും അദ്ദേഹം പൂജ നടത്തുകയും പാർലമെന്റിനെ അലങ്കാരമാക്കുകയുമാണ് ചെയ്യുന്നത്. ജനകീയ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുക തന്നെ ചെയ്യും. എല്ലാ നിരോധന സർക്കുലറുകളും പരാജയപ്പെടുമെന്നുറപ്പാണ്, ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി രാജ്യസഭാ നേതാവ് പിയൂഷ് ഗോയൽ, കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, ഡിഎംകെ നേതാവ് ടി ആർ ബാലു, എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍, തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ എന്നിവര്‍ പങ്കെടുത്തു.

Eng­lish Summary:agnipath infla­tion unem­ploy­ment will be key issues in parliament
You may also like this video

Exit mobile version