Site icon Janayugom Online

അഗ്നിപഥ് പദ്ധതി പരാജയം: പുനഃപരിശോധിക്കാന്‍ സൈന്യം

യുവാക്കളില്‍ നിന്നുള്ള പ്രതികരണം മോശമായി തുടരുന്ന സാഹചര്യത്തില്‍ അഗ്നിപഥ് പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സര്‍വേ നടത്തുന്നു. അഗ്നിവീര്‍, റെജിമെന്റല്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍, യൂണിറ്റ് കമാന്‍ഡര്‍മാര്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ തേടുന്നത്. അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചരണം ശക്തമാക്കുന്നതിനിടെയാണ് നടപടി.
2022 ജൂണിലാണ് അഗ്നിവീര്‍ പദ്ധതി ആരംഭിക്കുന്നത്. ഇതുവരെയുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ വിലയിരുത്തുകയും പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടുത്ത സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കരസേനയില്‍ രണ്ടു ബാച്ചുകളിലായി 40,000 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. നാവികസേനയില്‍ 7385 വ്യോമസേനയില്‍ 4955 പേര്‍ വീതമാണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അഗ്നിവീര്‍ പദ്ധതിയിലൂടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ സൈനികരെ തൊഴിലാളികളാക്കി മാറ്റിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ പദ്ധതി പൂര്‍ണമായും പിന്‍വലിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു.

പദ്ധതി ആകര്‍ഷകമല്ലാതായതോടെ സൈന്യത്തില്‍ ചേരാനുള്ള യുവജനങ്ങളുടെ താല്പര്യം ഗണ്യമായി ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സൈന്യത്തിലേക്ക് ഭൂരിപക്ഷം അംഗങ്ങളെയും സംഭാവന ചെയ്യുന്ന പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ സൈന്യത്തില്‍ ചേരാന്‍ യുവജനങ്ങള്‍ വിമുഖത പ്രകടിപ്പിക്കുകയാണ്. കര‑നാവിക‑വ്യോമ സേനകളില്‍ നാല് വര്‍ഷം അടിസ്ഥാനമാക്കി കരാര്‍ നിയമനം നടപ്പിലാക്കിയ മോഡി സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി ആകര്‍ഷകമല്ലാതായതോടെ യുവജനങ്ങള്‍ വിദേശ തൊഴില്‍ തേടി രാജ്യം വിടുന്ന അവസ്ഥ വര്‍ധിച്ചുവരുന്നതായും പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

പഞ്ചാബിലും ഹരിയാനയിലും സൈനി­ക പ്രവേശനത്തിനായി പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ ദിനംപ്രതി അടച്ച് പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഹരിയാനയില്‍ സൈനിക നിയമനത്തിനുള്ള റാലികള്‍ പലയിടത്തും നിശ്ചിത ശതമാനം യുവാക്കള്‍ പങ്കെടുക്കാത്തത് കാരണം റദ്ദാക്കുന്നുണ്ട്. അഗ്നിപഥ് നടപ്പിലാക്കിയശേഷം ഹരിയാനയില്‍ നിന്നുള്ള സൈനികരുടെ എണ്ണം 70 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Summary:Agnipath project deba­cle: Army to reconsider
You may also like this video

Exit mobile version