Site iconSite icon Janayugom Online

ഇന്ത്യ‑ഒമാന്‍ സ്വതന്ത്ര വ്യാപാര കരാറിന് ധാരണ

ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര സാമ്പത്തിക കരാറില്‍ (സിഇപിഐ) ഒപ്പുവച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ കരാര്‍. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 8.947 ബില്ല്യണ്‍ ഡോളറായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 10.613 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു.

പ്രതിരോധം, വ്യാപാരം, ഊര്‍ജം, നിക്ഷേപം, കൃഷി, സാങ്കേതികവിദ്യ, സംസ്കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പ്രാദേശിക, ആഗോള താല്പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയുടെ ഭാഗമായി. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാന മേഖലകളിലുടനീളമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും കരാര്‍സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ മന്ത്രി ഖായിസ് മുഹമ്മദ് അല്‍ യൂസഫും പറഞ്ഞു. 

ഇന്ത്യയുടെ പ്രധാന ഇറക്കുമതി പെട്രോളിയം ഉല്പന്നങ്ങളും യൂറിയയുമാണ്. ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും ഇവയാണ്. എഥിലീന്‍ പോളിമറുകള്‍, പ്രൊപിലില്‍, പെറ്റ് കോക്ക്, ജിപ്സം, രാസവസ്തുക്കള്‍, ഇരുമ്പ്, സ്റ്റീല്‍, അണ്‍ഫോട്ട് അലുമിനിയം എന്നിവയാണ് മറ്റ് പ്രധാന ഉല്പന്നങ്ങള്‍. ധാതു ഇന്ധനങ്ങള്‍, വിലയേറിയ ലോഹങ്ങള്‍, ഉരുക്ക്, ധാന്യങ്ങള്‍, കപ്പലുകള്‍, ബോട്ടുകള്‍, ഫ്ലോട്ടിങ് ഘടനകള്‍, ഇലക്ട്രിക്കല്‍ യന്ത്രങ്ങള്‍, ബോയിലറുകള്‍, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയും ഇന്ത്യ ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങളാണ്. 

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ഒമാന്‍ സന്ദര്‍ശനം.

Exit mobile version