Site iconSite icon Janayugom Online

പഞ്ചാബിൽ നിന്നും കേരളത്തിലേക്ക് വൈക്കോൽ എത്തിക്കാന്‍ ധാരണ

പഞ്ചാബിൽ നിന്നും കേരളത്തിലേക്ക് വൈക്കോൽ എത്തിക്കുന്നതിന് ധാരണ. കഴിഞ്ഞ ദിവസം പഞ്ചാബ് മൃഗസംരക്ഷണ മന്ത്രി ലാല്‍ജിത് സിങ് ഭുല്ലാറുമായി സംസ്ഥാന ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കാലിത്തീറ്റ‑കോഴിത്തീറ്റ‑ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണത്തിൽ പരസ്പര സഹകരണം സാധ്യമാണെന്നും മന്ത്രി അറിയിച്ചു. 

പാലുല്പാദന ക്ഷമതയിൽ പഞ്ചാബിനു പിറകിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ക്ഷീരമേഖല. കേരളത്തിൽ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം ഗുണമേന്മയുള്ള കാലിത്തീറ്റയുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ്.
കന്നുകാലികൾക്ക് നൽകുന്ന പരുഷാഹാരത്തിലുൾപ്പെടുന്ന പച്ചപ്പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യതക്കുറവ് ക്ഷീരമേഖലയെ സാരമായി ബാധിക്കുന്നുണ്ട്.
2022 ലെ ‘കേരള കന്നുകാലി തീറ്റ, കോഴി തീറ്റ, ധാതുലവണ മിശ്രിതം- ഉല്പാദനവും, വില്പനയും നിയന്ത്രിക്കൽ ബിൽ’ നിയമമാക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ നേതൃത്വത്തില്‍, എംഎല്‍എമാരുള്‍പ്പെടെയുള്ള 21 അംഗ സംഘം പഞ്ചാബ് സന്ദർശിക്കുന്നത്. 

ഈ വിഷയത്തില്‍ പഞ്ചാബിൽ പാസാക്കിയ നിയമത്തിന്റെ പ്രായോഗിക വശങ്ങൾ മനസിലാക്കുകയും പരസ്പര സഹകരണം ഉറപ്പാക്കുകയും ചെയ്യുകയാണ് യാത്രാ ലക്ഷ്യം. ദേശീയതലത്തിൽ ആളോഹരി പാൽ, മുട്ട ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന പഞ്ചാബിലെ സന്ദർശനം കേരളത്തിലെ ക്ഷീരമേഖലയ്ക്ക് പുത്തനുണർവ് പകരാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സഹായകരമായെന്നും മന്ത്രി അറിയിച്ചു. 

Eng­lish Summary:Agreement to sup­ply straw from Pun­jab to Kerala
You may also like this video

Exit mobile version