Site iconSite icon Janayugom Online

കാര്‍ഷിക വികസന ബാങ്ക് കേരള ബാങ്കിലേക്ക്; ശുപാർശ ചെയ്ത് സർക്കാർ സമിതി

സഹകരണമേഖലയിൽ മറ്റൊരു ബാങ്ക് ലയനത്തിനുകൂടി ശുപാർശചെയ്ത് സർക്കാർ സമിതി. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനാണ് ശുപാർശ. കാർഷിക ഗ്രാമവികസന മേഖലയിൽ പ്രത്യേകം സഹകരണ ബാങ്കിങ് സംവിധാനം വേണ്ടെന്നാണ് കണ്ടെത്തൽ. ലാഭത്തിൽ പ്രവർത്തിക്കുന്ന കാർഷിക വികസന ബാങ്കിന് കോടികളുടെ ആസ്തിയുണ്ട്.

കേരള ബാങ്കാകട്ടെ അറ്റനഷ്ടത്തിലാണ്. ലയനത്തിലൂടെ കേരള ബാങ്കിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. സംസ്ഥാനത്ത് 76 പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കും അതിന്റെ അപ്പക്സ് സ്ഥാപനമായ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുമാണുള്ളത്.

സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നടപ്പാക്കേണ്ട ആധുനികവത്കരണം പഠിച്ച് റിപ്പോർട്ട് നൽകാനാണ് സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചത്. ഡോ. ആർ. ശശികുമാർ ചെയർമാനായ സമിതിയാണ് മന്ത്രി വി.എൻ. വാസവന് റിപ്പോർട്ട് നൽകിയത്. സഹകരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി.എസ്. രാജേഷ്, അഡീഷണൽ രജിസ്ട്രാർ എം. ബിനോയ് കുമാർ, നബാർഡ് റിട്ട. ജനറൽ മാനേജർ കെ.ടി. ഉമ്മൻ, ധനകാര്യവകുപ്പ് ജോയന്റ് സെക്രട്ടറി എ.ആർ. ബിന്ദു, തിരുവനന്തപുരം പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ഇ.ജി. മോഹൻ, ഇരിട്ടി കാർഷിക ഗ്രാമവികസന ബാങ്ക് റിക്കവറി ഓഫീസർ പി.കെ. ജയരാജൻ, അഡീഷണൽ രജിസ്ട്രാറും കാർഷിക ഗ്രാമവികസന ബാങ്ക് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ എസ്. ശ്രീജയ എന്നിവരാണ് സമിതി അംഗങ്ങൾ. ബാങ്കിന്റെ സ്വതന്ത്ര നിലനിൽപ്പിനുവേണ്ട കാര്യങ്ങൾ സമിതി പരിശോധിച്ചിട്ടില്ലെന്ന് ഇതിലെ അംഗങ്ങൾ പറഞ്ഞു.

പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളുടെ അപ്പക്സ് ബാങ്കായ സംസ്ഥാന ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കിമാറ്റണം.ലയനത്തോടെ കേരള ബാങ്കിന്റെ കാർഷിക ഗ്രാമവികസന വായ്പവകുപ്പായി ഈ ബാങ്കിന്റെ പ്രവർത്തനസംവിധാനം മാറും.

1984‑ലെ കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് നിയമത്തിലും 1969‑ലെ സഹകരണ നിയമത്തിലും മാറ്റം വരുത്തണം, ബാങ്കിന്റെ ബൈലോ പൂർണമായും ഒഴിവാക്കണം, കാർഷിക വികസന ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചാൽ സഹകരണ മേഖലയ്ക്കാകെ ഉണർവുണ്ടാക്കും.

കേരള ബാങ്കിന്റെ സോഫ്റ്റ്‌വേറും സാങ്കേതിക സംവിധാനങ്ങളും കാർഷിക വികസന ബാങ്കിന്റെ പ്രവർത്തനത്തിനും ഉപയോഗപ്പെടുത്താം, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾക്ക് സ്വതന്ത്രമായ പ്രവർത്തനം ഉറപ്പുവരുത്താനാകും എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍.

Eng­lish Sum­ma­ry: Agri­cul­tur­al Devel­op­ment Bank to Ker­ala Bank; Rec­om­mend­ed by the Gov­ern­ment Committeeagriban

You may also like this video:

Exit mobile version