Site iconSite icon Janayugom Online

കാര്‍ഷിക കയറ്റുമതി ഇടിഞ്ഞു

രാജ്യത്തിന്റെ കാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കയറ്റുമതി 588 കോടി ഡോളറായി കുറഞ്ഞു. ഏകദേശം മൂന്നുശതമാനം ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തിലെ പ്രധാന പ്രതിസന്ധികളും ആഭ്യന്തര വിതരണത്തിലെ വീഴ്ചകളും കാരണമായെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ചെങ്കടല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഷിപ്പിങ് ചെലവ് വര്‍ധിച്ചിരുന്നു. വിമാന ചരക്കുനീക്കത്തെ ആശ്രയിക്കേണ്ടി വന്നതും ചോളത്തിന്റെ ആഗോള വിലയിടിവും ഇന്ത്യന്‍ കാര്‍ഷിക കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയായെന്ന് അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിട്ടി അറിയിച്ചു. ബസ്‌മതി ഇതര അരി ഉള്‍പ്പെടെയുള്ള ചില ധാന്യങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചു. യുഎസും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം, കണ്ടെയ്നറുകളിലും ക്ഷാമം ഉണ്ടായിട്ടുണ്ട്.

ബസ്‌മതി അരി, പുതിയ പച്ചക്കറികള്‍, പഴങ്ങള്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ വര്‍ധനയുണ്ടായി. ജൂണില്‍ അവസാനിച്ച പാദത്തില്‍, ഇന്ത്യ കയറ്റുമതി ചെയ്ത അരി 280 കോടി ഡോളറിന്റെതായിരുന്നു. ഈ ഇനങ്ങളുടെ മൊത്തം കയറ്റുമതിയില്‍ 0.46 ശതമാനം ഇടിവ് രേഖപ്പെടുത്തി. രാജ്യത്ത് ചോളത്തിന്റെ നല്ല ഉല്പാദനമുണ്ടെങ്കിലും പ്രാദേശിക വില രാജ്യാന്തര വിലയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. ഇക്കാരണത്താല്‍ ഈ വര്‍ഷം ചോളത്തിന്റെ കയറ്റുമതിയും കുറഞ്ഞു. കൂടാതെ ഗോതമ്പ്, ബസ്‌മതി ഇതര അരി, ചെറുധാന്യങ്ങള്‍ തുടങ്ങിയ നിയന്ത്രിത കാര്‍ഷിക ഇനങ്ങളുടെ കയറ്റുമതിയും ആദ്യപാദത്തില്‍ കുറഞ്ഞു.
ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2.4 ശതമാനമാണ്. ഇത് നാല് മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ബജറ്റില്‍ ഒരു പക്ഷേ കാര്‍ഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ഉയര്‍ന്ന ഗുണമേന്മയുള്ള കാര്‍ഷികോല്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ആവശ്യകതയേറിയിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ കഴിഞ്ഞ ഇടിവ് മറികടക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. അതേസമയം വ്യാവസായിക, സേവന മേഖലകളുടെ മുന്നേറ്റത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിലും കാര്‍ഷിക വിഹിതം 15 ശതമാനത്തില്‍ താഴെയായി കുറഞ്ഞുവെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Agri­cul­tur­al exports fell
You may also like this video

Exit mobile version