Site icon Janayugom Online

ദേശീയപാതയ്ക്ക് കൃഷിഭൂമി; കോയമ്പത്തൂരിൽ കർഷക പ്രതിഷേധം

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിർദിഷ്ട ഹരിത അതിവേഗ പാതയ്ക്കെതിരെ കർഷകരുടെ പ്രതിഷേധം. കോയമ്പത്തൂർ‑കരൂർ എക്സ്പ്രസ് വേ സ്ഥാപിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ പദ്ധതിക്കെതിരെ ഫെഡറേഷൻ ഓഫ് കോയമ്പത്തൂർ റീജിയണൽ ഫാർമേഴ്‍സിന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. പി ആർ നടരാജൻ എംപി സമരം ഉദ്ഘാടനം ചെയ്തു.

കുറുമ്പപാളയത്തിനും സത്യമംഗലത്തിനും ഇടയിൽ 2,500 കോടി രൂപ ചെലവിൽ കോയമ്പത്തൂരിനെയും കരൂരിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ബൈപാസ് റോഡ്. യാത്രാസമയവും ദൂരവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഗ്രീൻഫീൽഡ് റോഡിനായി കോയമ്പത്തൂർ, തിരുപ്പൂർ, കരൂർ ജില്ലകളിൽ നിന്ന് 3,000 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതി. ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്ന കർഷകർ ഭീഷണിയിലാണ്. പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഫലഭൂയിഷ്ഠമായ ഭൂമിയാണ് പരിഗണനയിലുള്ളത്.

ആറ് കിലോമീറ്റർ ദൂരം കറയ്ക്കാൻ 3,000 ഏക്കർ കൃഷിഭൂമി നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആവശ്യമുള്ള ഭാഗങ്ങളിൽ മേൽപാലങ്ങൾ നിർമ്മിച്ച് നിലവിലെ പാത വീതി കൂട്ടിയാൽ മതിയെന്നും കർഷകർ പറഞ്ഞു.

Eng­lish Sum­ma­ry: Agri­cul­tur­al land for Nation­al High­way; Farm­ers protest in Coimbatore

You may like this video also

Exit mobile version