ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സംസ്ഥാനത്തൊട്ടാകെ കാർഷിക വിളവെടുപ്പുകളെ ജനകീയ ഉത്സാവങ്ങളാക്കി മാറ്റുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പട്ടണക്കാട് വെട്ടയ്ക്കൽ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആന്ധ്രാപ്രദേശ് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന അരികളിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ നിരവധി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ എല്ലാവരും കർഷകരാകേണ്ട കാലഘട്ടമാണിത്.
ഭക്ഷിക്കുന്ന എല്ലാവരും കൃഷി ചെയ്യാനും ബാധ്യസ്ഥരാണ്. പച്ചക്കറികളുടെ വിലക്കയറ്റത്തിന് പരിഹാരം കാണാൻ ഉല്പാദിപ്പിക്കുന്ന ഇടങ്ങളിൽ തന്നെ സംഭരണ കേന്ദ്രങ്ങൾ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലേക്ക് എത്തിക്കാൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ജീവൻ, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയ പ്രതാപൻ, വി കെ സാബു, അസിസ്റ്റൻറ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സുജ ഈപ്പൻ, കുത്തിയതോട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ റേയ്ച്ചൽ സോഫിയ അലക്സാണ്ടർ, പട്ടണക്കാട് കൃഷി ഓഫീസർ ആർ അശ്വതി, ബ്ലോക്ക് കർഷക സംഘം പ്രസിഡന്റ് പി ജി പുരുഷോത്തമൻ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.