Site iconSite icon Janayugom Online

കൈക്കൂലി വാങ്ങിയ കൃഷി ഓഫീസർ അറസ്റ്റില്‍

agricultureagriculture

ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തി ശുപാര്‍ശ നല്‍കുന്നതിനായി 25,000/-രൂപ കൈക്കൂലി വാങ്ങിയ എരുമപ്പെട്ടി കൃഷി ഓഫീസർ എസ് ഉണ്ണികൃഷ്ണപിള്ളയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി സ്വദേശിയായ പരാതിക്കാരിയുടെയും, മകളുടെയും പേരിൽ ചിറ്റണ്ട വില്ലേജിലുള്ള ഒരേക്കറോളം ഭൂമി തരം മാറ്റുന്നതിനായി കഴിഞ്ഞവര്‍ഷം നവംബർ മാസത്തിലും, 2023 ജനുവരിയിലും ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. രണ്ടാമത്തെ അപേക്ഷ ലഭിച്ചതിനെ തുടർന്ന് ജനുവരിയിൽ കൃഷി ഓഫീസറായ ഉണ്ണികൃഷ്ണപിള്ള സ്ഥലപരിശോധന നടത്തിയ ശേഷം ഭൂവുടമയായ പരാതിക്കാരിയെ ഫോണിൽ വിളിച്ച് 25,000/- രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. 

കൈക്കൂലി നൽകാൻ തയ്യാറാകാത്തതിനാൽ അപേക്ഷയിന്മേല്‍ ഉണ്ണികൃഷ്ണപിള്ള തുടർനടപടികൾ സ്വീകരിക്കാതെ വച്ച് താമസിപ്പിച്ചു. പരാതിക്കാരി പല പ്രാവശ്യം അന്വേഷിച്ചപ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് ഉണ്ണികൃഷ്ണപിള്ള ഒഴിഞ്ഞുമാറുകയായിരുന്നു.
തുടർന്ന് ഇക്കഴിഞ്ഞ ദിവസം വീണ്ടും പരാതിക്കാരി വിളിച്ചപ്പോൾ 25,000/- രൂപ നൽകിയാൽ മാത്രമേ വസ്തു ഇനം മാറ്റുവാൻ സാധിക്കുകയുള്ളൂ എന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. പരാതിക്കാരി 10,000/- രൂപ പോരെ എന്നു ചോദിച്ചപ്പോൾ 25,000/-രൂപ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. നിവര്‍ത്തിയില്ലാതെ പരാതിക്കാരി ഈ വിവരം തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൃഷി ഓഫീസറെ പിടികൂടുകയുമായിരുന്നു. രാവിലെ എരുമപ്പെട്ടി കൃഷി ഓഫീസിൽ വച്ച് പരാതിക്കാരിയില്‍ നിന്നും 25,000/-രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഉണ്ണികൃഷ്ണപിള്ളയെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്. ഇയാളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

വിജിലൻസ് സംഘത്തില്‍, തൃശൂർ യൂണിറ്റ് ഡി.വൈ.എസ്.പി .ജിം പോളിനെ കൂടാതെ പോലീസ് ഇൻസ്പെക്ടറായ പ്രദീപ്കുമാർ, അസി. പോലീസ് സബ് ഇൻസ്പെക്ടർ ബൈജു, പ്രദീപ്കുമാര്‍, സിപിഒ മാരായ വിബീഷ്., സൈജുസോമൻ, അരുൺ, സുധീഷ്, രഞ്ജിത്ത്, ഗണേഷ്, സന്ധ്യ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: Agri­cul­ture offi­cer arrest­ed for tak­ing bribe

You may also like this video

Exit mobile version