Site iconSite icon Janayugom Online

വളര്‍ച്ചയുടെ പച്ചപ്പില്‍ കാര്‍ഷിക മേഖല

മാറുന്ന കാലാവസ്ഥയിലും പ്രകൃതി ദുരന്തങ്ങള്‍ തീര്‍ക്കുന്ന പ്രതിസന്ധികളിലും പച്ചപ്പോടെ തലയുയര്‍ത്തി സംസ്ഥാന കാര്‍ഷികമേഖല. രണ്ട് വര്‍ഷങ്ങളില്‍ കാര്‍ഷികമേഖലയുടെ സമസ്തരംഗത്തും നിരവധി മാറ്റങ്ങളാണ് കര്‍ഷകര്‍ക്ക് നേട്ടമാകുന്ന രീതിയില്‍ നടപ്പാക്കിയത്.
പച്ചക്കറി, നെല്ല്, നാളികേരം എന്നിവയുടെ കൃഷിയും ഉല്പാദനവും വര്‍ധിപ്പിക്കാന്‍ നടപ്പാക്കിയ പദ്ധതികളും ഫലം കണ്ടു. നെല്‍കൃഷി ഉല്പാദനക്ഷമത ഹെക്ടറിന് മൂന്ന് ടണ്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനായി. 2022–23 ല്‍ 9,2727 ഹെക്ടറില്‍ 5,100 ലക്ഷം രൂപ നീക്കി വച്ചാണ് നെല്‍കൃഷി വികസനം നടപ്പാക്കുന്നത്. നെല്‍വയല്‍ ഉടമസ്ഥര്‍ക്കുള്ള റോയല്‍റ്റി തുക പ്രതിവര്‍ഷം ഹെക്ടറിന് 2000 രൂപയായിരുന്നത് 3000 രൂപയായി വര്‍ധിപ്പിച്ചതും പ്രയോജനകരമായി.
പരമ്പരാഗത നെല്‍കൃഷി മേഖലകളായ കരി, പൊക്കാളി, കയ്പാട് എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് സമഗ്ര വികസനം ലക്ഷ്യമാക്കി പദ്ധതിയധിഷ്ഠിതമായി പരമ്പരാഗത നെല്‍കൃഷി പ്രോത്സാഹന — വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
1415 ഹെക്ടര്‍ തരിശ് നെല്‍കൃഷി നടപ്പാക്കുന്നതിനായി 2022–23 ല്‍ 566 ലക്ഷം രൂപ നീക്കിവച്ചു. ഇതുവരെ സുഭിക്ഷ കേരളം, ആര്‍കെവിവൈ, നെല്‍കൃഷിവികസനം, ജനകീയാസൂത്രണ പദ്ധതികളിലൂടെ 9086.1 ഹെക്ടര്‍ തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കി.
പച്ചക്കറികൃഷിയില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കാന്‍ നിരവധി പദ്ധതികളാണ് വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഓണത്തിനൊരു മുറം പച്ചക്കറിയാണ് പ്രധാനം. വിത്തുകളും തൈകളും സൗജന്യമായി നല്‍കി വീട്ടു വളപ്പിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുയാണ് ലക്ഷ്യം. സ്ഥാപനങ്ങള്‍ വഴിയുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍, സര്‍ക്കാരിതര, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രോജക്ട് അടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നു. 552 സ്ഥാപനങ്ങളില്‍ പ്രോജക്ട് അടിസ്ഥാന പച്ചക്കറി കൃഷി ആരംഭിച്ചു.

നാളികേര ഉല്പാദനത്തിലും ഉല്പാദന ക്ഷമതയിലും വര്‍ധന
നാളികേര വികസനത്തിലും ശ്രദ്ധേയമായ ഇടപെടലാണ് കൃഷി വകുപ്പ് നടത്തിയത്. 9,138 ഹെക്ടറിലെ നാളികേര കൃഷി കേരഗ്രാമം പദ്ധതി വഴി സമഗ്ര പരിപാലനത്തിന് കീഴിലാക്കി. 12,63,567 അത്യുല്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തു.
നാളികേരത്തിന്റെ ഉല്പാദനവും ഉല്പാദന ക്ഷമതയും 2020–21 ല്‍ 15.6 ശതമാനമായിരുന്നത് 2021–22 ല്‍ 16 ശതമാനമായി ഉയര്‍ന്നു. സംസ്ഥാന ഫലമായ ചക്കയുടെ സംഭരണത്തിനും വിപണനത്തിനും പ്രോസംഗിനുായി 75 ലക്ഷം രൂപയുടെ പദ്ധതി ഇടുക്കി, വയനാട് ജില്ലകളില്‍ വിഎഫ്‌പിസികെ മുഖേന നടപ്പാക്കി.

ഒരു കോടി ഫലവൃക്ഷതൈകള്‍
ഒരു കോടി ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തതിലൂടെ സംസ്ഥാനത്തിന്റെ തനതും വിദേശ ഇനങ്ങളുമായ 21 ഇനം ഫലവൃക്ഷതൈകള്‍ വീട്ടുവളപ്പില്‍ നട്ടുപിടിപ്പിക്കാനായി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയും നടപ്പാക്കി.

സ്കൂളുകളില്‍ പച്ചക്കറിത്തോട്ടം
വാണിജ്യാടിസ്ഥാന പച്ചക്കറി കൃഷിക്ക് സഹായകമായ വിധത്തില്‍ 1.6 കോടി അത്യുല്പാദന ശേഷിയുള്ള പച്ചക്കറി തൈകള്‍ ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തു. 29,867 മട്ടുപ്പാവ് കൃഷി യൂണിറ്റുകള്‍ പ്രാവര്‍ത്തികമാക്കി. 82 ഹെക്ടര്‍ സ്ഥലത്ത് തനത് പച്ചക്കറി വിള ഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കാനും സാധിച്ചു. സ്കൂളുകളില്‍ പച്ചക്കറിത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്ര പച്ചക്കറി വികസന പദ്ധതി ആരംഭിച്ചത് പുതിയൊരു കാല്‍വയ്പായി.

കൈത്താങ്ങായി വിള ഇന്‍ഷുറന്‍സ്
വിള ഇന്‍ഷുറന്‍സിലൂടെ 2022–23ല്‍ 23,582 കര്‍ഷകര്‍ക്കായി 39.99 കോടി രൂപ നഷ്ടപരിഹാരം നല്‍കി. കാര്‍ഷിക നഷ്ടം ലഘൂകരിക്കുന്നതിനായി സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം പ്രധാനപ്പെട്ട 25 കാര്‍ഷിക വിളകളോടൊപ്പം ചെറുധാന്യങ്ങള്‍, മാവ്, വനഭൂമി വേര്‍തിരിക്കുന്ന ജണ്ടയുടെ പുറത്തുള്ള അസംരംക്ഷിത വനപ്രദേശങ്ങളില്‍ വനം വകുപ്പിന്റെ അനുമതിയോടെ കര്‍ഷകര്‍ ചെയ്യുന്ന ഹ്രസ്വ, വാര്‍ഷിക വിളകള്‍ എന്നിവയെക്കൂടി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
പ്രകൃതിക്ഷോഭം നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ ഈ വര്‍ഷം മാര്‍ച്ച് 17 വരെയുള്ള കണക്കനുസരിച്ച് 5869 കര്‍ഷകര്‍ക്കായി 4.89 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി.

വിലപിടിച്ചു നിര്‍ത്തി വിപണി ഇടപെടല്‍
ആഘോഷവേളകളില്‍ പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ കൃഷി വകുപ്പ് ഇടപെടല്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. ഓണക്കാലത്തുള്‍പ്പടെ കൃഷിവകുപ്പും വിഎഫ്‌പിസികെ, ഹോര്‍ട്ടികോര്‍പ്പ് എന്നിവയും സംയുക്തമായി പഴം ‑പച്ചക്കറി വിപണികള്‍ നടത്തുന്നു. കര്‍ഷകരില്‍ നിന്ന് നേരിട്ട് 10 ശതമാനം കൂടിയ വിലയ്ക്ക് വാങ്ങി 30 ശതമാനം വിലകുറച്ച് വില്‍പ്പന നടത്താന്‍ കഴിയും. ഇത് മൂലം കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും മെച്ചപ്പെട്ട സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞു.
കേരള ഫാം ഫ്രഷ് പഴം പച്ചക്കറി താങ്ങുവില പദ്ധതി പ്രഖ്യാപനത്തിലൂടെ കേരളത്തിലെ 16 ഇനം പഴം-പച്ചക്കറികള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചു.

ഞങ്ങളും കൃഷിയിലേക്ക്, കൃഷിദര്‍ശന്‍
‘ഞങ്ങളും കൃഷിയിലേക്ക് ’ എല്ലാ വിഭാഗം ജനങ്ങളേയും കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കി. കുറഞ്ഞത് 10,000 കൃഷിക്കൂട്ടങ്ങള്‍ ഉല്പാദന- സംഭരണ വിപണന ‑കാര്‍ഷിക സഹായ — മൂല്യവര്‍ധന മേഖലകളില്‍ രൂപീകരിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതുവരെ 25000 ത്തിലേറെ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ചു.
കര്‍ഷകരും കൃഷിവകുപ്പുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും കര്‍ഷക പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും പരിഹാരം കൃഷിയിടങ്ങളില്‍ നിന്ന് തന്നെ കാണുന്നതിനുമായി രൂപീകരിച്ചതാണ് കൃഷി ദര്‍ശന്‍ പദ്ധതി. നിരവധിയിടങ്ങളില്‍ കൃഷി ദര്‍ശന്‍ വഴി കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു.

സ്മാര്‍ട്ട് കൃഷിഭവന്‍
കാര്‍ഷിക വികസന — കര്‍ഷക ക്ഷേമ വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും കര്‍ഷകരുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നതിന് സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി. സേവന ലഭ്യത, അടിസ്ഥാന സൗകര്യങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിങ്ങനെ മേഖലകളില്‍ കൃഷിഭവനുകളെ മികച്ചതാക്കുക എന്നതാണ് ലക്ഷ്യം. ഒരു നിയോജകമണ്ഡലത്തില്‍ ഒന്ന് എന്ന നിലയില്‍ 140 സ്മാര്‍ട്ട് കൃഷിഭവനുകള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി ക്രമങ്ങളാരംഭിച്ചു കഴിഞ്ഞു.

സമഗ്ര വികസനത്തിനും കർഷക വരുമാന വർധനയ്ക്കും ‘വാം’, ‘കാബ്കോ’
കാർഷിക മേഖലയുടെ സമഗ്ര വികസനവും കർഷക വരുമാന വർധനവും മുന്നിൽ കണ്ട് വിഭാവനം ചെയ്തിട്ടുള്ളതാണ് മൂല്യവര്‍ധിത കാര്‍ഷിക മിഷനും (വാം)കേരള അഗ്രിബിസിനസ് കമ്പനി(കാബ്കോ)യും.
കാബ്കോ കാർഷിക ബിസിനസ് പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നു എന്നതുകൊണ്ട് യുവ സംരംഭകർക്ക് പ്രതീക്ഷ നൽകുന്നു. സംഭരണം, സംസ്കരണം, മൂല്യ വർധനവ്, വിപണനം, അന്താരാഷ്ട്ര വ്യാപാരം തുടങ്ങി മൂല്യവർധന ശൃംഖലയിലെ എല്ലാ കാർഷിക പ്രവർത്തനങ്ങളും കാബ്കോയുടെ പരിധിയിൽ വരും.
ഉല്പാദന — മൂല്യ വർധനവിലൂടെയും കർഷക വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക പരിസ്ഥിതിക്ക് അനുയോജ്യമായ കാലാവസ്ഥ അനുരൂപ കാർഷിക മാതൃകകൾ അവലംബിക്കുന്നതിനുമാണ് മൂല്യവർധിത കൃഷി മിഷൻ (വാം). വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടലുകൾ മിഷന്റെ പ്രവർത്തനത്തിൽ ഉണ്ട്.

ഉല്പാദന വര്‍ധന ലക്ഷ്യമിട്ട് കൃഷിയിടാധിഷ്ഠിത ആസൂത്രണം
കര്‍ഷകന്റെ കൈവശമുള്ള കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റാക്കി കണക്കാക്കി സാധ്യമായ എല്ലാ രീതിയിലും ഉല്പാദനം വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുകയും കൃഷി നല്ല ആദായം നല്‍കുന്ന ജീവിതമാര്‍ഗമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിള അധിഷ്ഠിത കൃഷിയില്‍ നിന്നും കൃഷിയിടാസൂത്രണം എന്നതിലേക്ക് കൃഷിവകുപ്പ് മാറുന്നത്.
ഓരോ കൃഷിയിടത്തിന്റെയും ഭൂപ്രകൃതി, മണ്ണ്, ജല സംരക്ഷണ നടപടികള്‍ എന്നിവ കണക്കാക്കിയാണ് കൃഷിയിടത്തിലേക്കുള്ള പ്ലാന്‍ തയ്യാറാക്കുന്നത്. ആദ്യഘട്ടത്തില്‍ 10760 കൃഷിയിടങ്ങളാണ് പദ്ധതിയിലുള്ളത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Eng­lish Summary;Agriculture sec­tor in the green of growth; 9086.1 ha of bar­ren land has been made cultivable
You may also like this video

Exit mobile version