Site iconSite icon Janayugom Online

സമൃദ്ധിയോടെ കാര്‍ഷിക മേഖല… 2071.95 കോടി രൂപ ബജറ്റ് പ്രഖ്യാപനം

കാര്‍ഷിക മേഖലയ്ക്ക് കരുതലായി സംസ്ഥാന ബജറ്റ്. കാര്‍ഷികാനുബന്ധ മേഖലയ്ക്ക് 2071.95 കോടി രൂപ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതില്‍ 234.73 കോടി രൂപ കേന്ദ്ര വിഹിതമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയിലെ പദ്ധതി ചെലവില്‍ ഗണ്യമായ വര്‍ധനവ് കൈവരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയ്ക്കായി ലോക ബാങ്ക് വായ്പാ സഹായത്തോടെ കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡണൈസേഷന്‍ (കേര) എന്ന ബൃഹത്തായ പദ്ധതിയ്ക്ക് 100 കോടി രൂപ വകയിരുത്തി. 

നെല്ലിന്റെ സംഭരണ വില ഈ സര്‍ക്കാര്‍ കിലോയ്ക്ക് 30 രൂപയായി വര്‍ധിപ്പിച്ചു. നെല്‍കൃഷിക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ഇന്‍പുട്ട് സബ്സിഡികള്‍ നല്‍കുന്നത് കേരളത്തിലാണ്. എല്ലാ സീസണിലും ഹെക്ടറിന് 5,000 രൂപ നിരക്കില്‍ ഇന്‍പുട്ട് സഹായവും 1,000 രൂപ നിരക്കില്‍ ഉല്പാദന ബോണസും ഉടമയ്ക്ക് 3,000 രൂപ റോയല്‍റ്റിയും നല്‍കിവരുന്നു. തരിശുഭൂമിയില്‍ നെല്‍കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 40,000 രൂപ വരെയും സഹായം നല്‍കിവരുന്നു. കേരളക്കില്‍ ഉല്പാദിപ്പിക്കുന്ന 95% നെല്ല് സര്‍ക്കാരാണ് സംഭരിക്കുന്നത്. നിലവിലെ പിആര്‍എസ് വായ്പാ രീതി ഒഴിവാക്കി പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് സംഭരണ സമയത്ത് തന്നെ നേരിട്ട് പണം നല്‍കുന്ന പുതിയ ദ്വിതല സംഭരണ മാതൃകയാണ് നടപ്പിലാക്കുന്നത്. കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയും ഡിജിറ്റല്‍ പോര്‍ട്ടലിന്റെ മേല്‍നോട്ടത്തിലും വരാനിരിക്കുന്ന സീസണ്‍ മുതല്‍ തന്നെ ഈ പുതിയ സംവിധാനം നിലവില്‍ വരും. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടി രൂപയും വകയിരുത്തി. 

* സമഗ്ര പച്ചക്കറി വികസന പദ്ധതിയ്ക്കായി 78.45 കോടി രൂപ
* പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വിഎഫ്‌പിസികെയ്ക്ക് 18 കോടി രൂപ
* പച്ചക്കറി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 60.45 കോടി രൂപ
* നാളികേര വികസനത്തിനായി 73 കോടി രൂപ
* സുഗന്ധവ്യഞ്ജന വികസന പദ്ധതിയുടെ അടങ്കല്‍ 7.60 കോടി രൂപയില്‍ നിന്ന് 15 കോടി രൂപയായി വര്‍ധിപ്പിച്ചു.
* പഴവര്‍ഗങ്ങളുടെ കൃഷി വിസ്തൃതിയും ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് 20.92 കോടി രൂപ
* കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി 78 കോടി രൂപ. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ട് കോടി രൂപ അധികമാണ്.
* ഉല്പാദക സംഘങ്ങളുടെ വികസനത്തിനും സാങ്കേതിക വിദ്യാ പിന്തുണയ്ക്കുമായുള്ള പദ്ധതിക്കായി അഞ്ച് കോടി രൂപ.
* മണ്ണിന്റെ ആരോഗ്യപരിപാലനവും ഉല്പാദനക്ഷമത മെച്ചപ്പെടുത്തലും എന്ന പദ്ധതിക്കായി 31.15 കോടി
* ജൈവ കൃഷിയും ഉത്തമ കൃഷി രീതികളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയ്ക്കായി 5.25 കോടി.
* കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാമുകള്‍ മെച്ചപ്പെടുത്തുന്നതിനായി 13.44 കോടി രൂപ
* കാര്‍ഷിക മേഖലയില്‍ ശാസ്ത്ര സാങ്കേതിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുന്നതിനു വേണ്ടി 15.40 കോടി രൂപ വകയിരുത്തുന്നു.
* തൊഴിലാളി ക്ഷാമം മറികടക്കുന്നതിനും യന്ത്രവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, കാര്‍ഷിക കര്‍മ്മ സേനകള്‍, കസ്റ്റം ഹയറിങ് സെന്ററുകള്‍ എന്നിവ ശക്തിപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് ഒറ്റ കേന്ദ്രത്തിലൂടെ സേവനങ്ങള്‍ നല്‍കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിക്കായി 10 കോടി രൂപ.
* സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കായി 33.14 കോടി രൂപ.
* രാഷ്ട്രീയ കൃഷി വികാസ് യോജന, കൃഷി ഉന്നതി യോജന, മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നിവയുടെ സംസ്ഥാന വിഹിതമായ 40 ശതമാനമായി 78.14 കോടി രൂപ.
* ഹൈടെക്ക് പ്രിസിഷന്‍ ഫാമിങ് സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്ന് ശതമാനം പലിശ സബ്സിഡിയോടെ വായ്പകള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്കായി 10 കോടി.
* മണ്ണ് ജല സംരക്ഷണ മേഖലയിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 81.24 കോടി രൂപ.
* കാര്‍ഷിക വിപണനം, സംഭരണം, വെയര്‍ഹൗസിങ്, മറ്റു പരിപാടികള്‍ എന്നിവയ്ക്കായി 164.31 കോടി രൂപ. ഇതില്‍ 43.90 കോടി രൂപ കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിനുള്ള സഹായ പദ്ധതിയ്ക്കാണ്.
* 10 കോടി രൂപ ആര്‍ഐഡിഎഫിന് കീഴില്‍ കാര്‍ഷിക അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടിയും, എട്ട് കോടി രൂപ വിളവെടുപ്പിന് ശേഷമുള്ള പരിപാലന മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കും രണ്ട് കോടി രൂപ കര്‍ഷകക്ഷേമ ഫണ്ട് ബോര്‍ഡിന് വേണ്ടിയുമാണ്.

Exit mobile version